goodnews head

അമ്മ വൃക്ക നല്‍കി; ഇനി ഹരികൃഷ്ണന്് വേണ്ടത് നാട്ടുകാരുടെ കാരുണ്യം

Posted on: 04 Jul 2015


പള്ളിപ്പുറം: ഇരുവൃക്കകളും തകരാറിലായ ഹരികൃഷ്ണന് അമ്മ നല്‍കിയ വൃക്കയിലൂടെ ലഭിച്ചത് പുനര്‍ജന്മം. എന്നാല്‍, ശസ്ത്രക്രിയ കഴിഞ്ഞ ഈ വിദ്യാര്‍ഥിക്കും അമ്മയ്ക്കും വീടണയണമെങ്കില്‍ നാട്ടുകാര്‍ കനിയണം. ഇതിനായി ഒരു നാട് ഒന്നാകെ ഞായറാഴ്ച ഒന്നിക്കും. ചേന്നംപള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മംഗലത്ത് കെ.ആര്‍.അനില്‍കുമാറിന്റെയും എം.ബി.സുബിതയുടെയും മകനായ ഹരികൃഷ്ണനാണ് സ്വന്തം വീടണയാന്‍ കാരുണ്യമതികളുടെ കനിവ് തേടുന്നത്. മണപ്പുറം സെന്റ് തെരേസാസ് ഹൈസ്‌കൂളിലെ ആറാം ക്‌ളാസ് വിദ്യാര്‍ഥിയായ ഹരികൃഷ്ണന്റെ (11) ശസ്ത്രക്രിയ ജൂലായ് ഒന്നിനായിരുന്നു.

എറണാകുളത്തെ സ്വകാര്യ ആസ്പത്രിയില്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനായതുപോലും നാട്ടിലെ സന്നദ്ധ സംഘടനയായ കൈവല്യഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ഉറപ്പില്‍. ആസ്പത്രി വിടുംമുന്‍പ് ശസ്ത്രക്രിയയ്ക്ക് ചെലവായ അഞ്ചുലക്ഷം രൂപ അടച്ചുകൊള്ളാം എന്ന ഉറപ്പാണ് കൈവല്യഗ്രാമം നല്‍കിയത്.

ഈ പണം സ്വരൂപിക്കാനും ഒപ്പം തുടര്‍ചികിത്സാച്ചെലവുകള്‍ക്കുമായി അഞ്ചുലക്ഷം രൂപ കൂടി ഈ കുടുംബത്തിന് നല്‍കുക എന്ന ലക്ഷ്യവുമായാണ് പള്ളിപ്പുറം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഞായറാഴ്ച നാടൊന്നിക്കുന്നത്.

മൂന്നുമാസം മുന്‍പുണ്ടായ ഛര്‍ദ്ദിയെയും വയറുവേദനയെയും തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഹരികൃഷ്ണന്റെ ഇരുവൃക്കകളും തകരാറിലാണെന്ന് അറിയുന്നത്. ജന്മനാ ഉണ്ടായ രോഗം തിരിച്ചറിയാതെ പോയതായിരുന്നു വൃക്കകള്‍ തകരാറിലാകാന്‍ കാരണം. വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ അടിയന്തരമായി നടത്തിയില്ലെങ്കില്‍ ജീവന്‍ അപകടത്തിലാകുമെന്ന് ആസ്പത്രി അധികൃതര്‍ അറിയിച്ചു. ഇതോടെയാണ് അമ്മ സുബിത വൃക്ക നല്‍കിയത്. അമ്മയുടെയും മകന്റെയും രക്തഗ്രൂപ്പ് ഒന്നായതിനാല്‍ ചികിത്സയ്ക്ക് പണം മാത്രമേ തടസ്സമായുള്ളൂ. മത്സ്യത്തൊഴിലാളിയായ അനില്‍കുമാര്‍ മകന്റെ ചികിത്സയ്ക്ക് മുന്നില്‍ പകച്ചുനില്‍ക്കുമ്പോഴാണ് കൈവല്യഗ്രാമം കൈത്താങ്ങായെത്തിയത്. വൃക്ക നല്‍കിയ അമ്മയും അത് സ്വീകരിച്ച മകനും ശസ്ത്രക്രിയ കഴിഞ്ഞ് ആസ്പത്രിയില്‍ സുഖം പ്രാപിച്ചുവരികയാണ്.

ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തില്‍ രാഷ്ട്രീയ സാമൂഹിക സാമുദായിക പ്രവര്‍ത്തകരുടെയും കൈവല്യഗ്രാമം ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സഹകരണത്തോടെ ഞായറാഴ്ച വിവിധ സംഘങ്ങളായി തിരിഞ്ഞാണ് ചികിത്സാസഹായത്തിന് ഇറങ്ങുന്നത്. ഹരികൃഷ്ണന്റെ മാതാപിതാക്കളായ കെ.ആര്‍.അനില്‍കുമാര്‍, എം.ബി.സുബിത എന്നിവരുടെ പേരില്‍ എസ്.ബി.ടി. പൂച്ചാക്കല്‍ ശാഖയില്‍ അക്കൗണ്ടും ഉണ്ട്. നമ്പര്‍: 67163489270. ഐ.എഫ്.എസ്.സി.കോഡ്: എസ്.ബി.ടി.ആര്‍.0000298.

 

 




MathrubhumiMatrimonial