
സ്‌നേഹസ്‌പര്‍ശവുമായി തെരുവോരം മുരുകന്‍ കോഴിക്കോട്ട്
Posted on: 29 Jun 2015
കോഴിക്കോട്: ഏതോ അന്യഗ്രഹജീവിയെ കണ്ടതുപോലെ തനിക്ക് ചുറ്റും കൂടിനിന്നവരെ ആദ്യം അയാള്‍ അല്പം ദേഷ്യത്തോടെ നോക്കി. മുടി മുറിക്കുന്നതിനിടയില്‍ പേരു ചോദിച്ച മുരുകനോടായി പിന്നെ ആ ദേഷ്യം. പേരു പറയുന്നതിനുപകരം 'പതുക്കെ മുറിക്കെടോ' എന്ന ശാസന. മറുത്തൊന്നും പറയാതെ ചെറുചിരിയോടെ മുരുകന്‍ മുടിമുറിക്കല്‍ തുടര്‍ന്നു. മൊട്ടയടിച്ച് തലകഴുകി. അതിനിടയില്‍ അയാള്‍ പതിയെ പറഞ്ഞു 'മനോഹരന്‍, നാട് തൃശ്ശൂരാ. ഇവിടെ വന്നിട്ട് കൊറെയായി.' പിന്നെ മുരുകന്‍ അയാളുടെ താടിവടിച്ച് കുളിപ്പിച്ച് ധരിക്കാന്‍ പുതിയ വസ്ത്രങ്ങള്‍ നല്‍കി. കുളിച്ച് പുതിയ വസ്ത്രങ്ങളിട്ടു കഴിഞ്ഞപ്പോള്‍ മനോഹരന്‍ പുതിയൊരാളായി. പിന്നെ അനുസരണയോടെ മുരുകനൊപ്പം വണ്ടിയിലേക്ക്. മനോഹരനെ വണ്ടിയിലേക്ക് കയറ്റുന്നതിനിടയില്‍ മുരുകന്‍ പറഞ്ഞു''ഇവരാരും പ്രശ്‌നക്കാരല്ല, നമ്മള്‍ അവരെ അങ്ങനെ കാണുന്നതുകൊണ്ടാണ്. ഒരല്പം സ്‌നേഹം മതി ഇവരെയൊക്കെ ജീവിതത്തിലേക്ക് തിരിച്ചെത്തിക്കാന്‍.''
തെരുവില്‍ അലഞ്ഞുതിരിയുന്നവരെ കണ്ടെത്തി സുരക്ഷിത സ്ഥാനങ്ങളില്‍ എത്തിക്കുന്ന തെരുവോരം മുരുകനും സംഘവും ഞായറാഴ്ച രാവിലെയാണ് കോഴിക്കോട് നഗരത്തിലെത്തിയത്. കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തെരുവോരം എന്ന സന്നദ്ധസംഘടനയുടെയും തെരുവ് വെളിച്ചമെന്ന സാമൂഹികനീതി വകുപ്പിന്റെ സന്നദ്ധസ്ഥാപനത്തിന്റെയും അമരക്കാരനാണ് മുരുകന്‍. സംസ്ഥാനത്തിന്റെ വിവിധ ഇടങ്ങളിലായി അലഞ്ഞുതിരിഞ്ഞ 7000ത്തില്‍ പരം പേര്‍ക്ക് ഇതിനോടകം ഈ യുവാവ് രക്ഷകനായി മാറികഴിഞ്ഞു.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, പാളയം എന്നിവിടങ്ങളില്‍ അലഞ്ഞു തിരിഞ്ഞു നടന്ന പത്തുപേരെ കുളിപ്പിച്ച് വസ്ത്രങ്ങളും ഭക്ഷണവും നല്‍കി ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. മുരുകനൊപ്പം സഹായികളായി കൂടെ എത്തിയ പറവൂര്‍ സ്വദേശി രവിയും ആന്ധ്രാപ്രദേശ് സ്വദേശിയായ മുരളിയുമൊക്കെ തെരുവില്‍ നിന്ന് മുരുകന്റെ സ്‌നേഹത്തണലില്‍ എത്തിയവരാണ്. തിങ്കളാഴ്ച കൂടി കോഴിക്കോട്ട് തങ്ങി കൂടുതല്‍ പേര്‍ക്ക് സഹായം നല്‍കുമെന്ന് മുരുകന്‍ പറഞ്ഞു. മനോഹരനെയും ഒപ്പം കൊച്ചിയിലെ 'തെരുവ് വെളിച്ചത്തിലേക്ക്' കൊണ്ടുപോകും.
'തെരുവ് വെളിച്ചത്തി'ല്‍ ഇപ്പോള്‍ 27 അന്തേവാസികളാണുള്ളത്. തെരുവുകളില്‍ നിന്ന് കണ്ടെത്തുന്നവര്‍ക്ക് അതതു സ്ഥലങ്ങളിലെ പോലീസുമായി ബന്ധപ്പെട്ടാണ് പുനരധിവാസം നല്‍കുന്നത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് നമ്മുടെ നാട്ടിലെത്തി തെരുവുകളില്‍ അലയുന്നവരെ കണ്ടെത്തി അവരുടെ വീടുകളില്‍ തിരിച്ചെത്തിക്കാനുള്ള നടപടി അധികാരികള്‍ സ്വീകരിക്കണമെന്നും മുരുകന്‍ പറഞ്ഞു.





