
ഒരു നാടിന്റെ വിശപ്പടക്കിയ പേട്ടയില്‍വീട്ടിലെ കഞ്ഞിപാര്‍ച്ച
Posted on: 26 Jun 2015
മഞ്ചേരി: നോമ്പുനാളുകളില്‍ നാലുമണിയായാല്‍ പേട്ടയില്‍ തറവാട്ടുമുറ്റത്ത് കഞ്ഞിക്കുടുക്കയും ചട്ടിയുമായി ആളുകള്‍ തിങ്ങിക്കൂടും. ചുവന്ന മുണ്ടുധരിച്ച ആണുങ്ങളും കറുത്ത സൂപ്പുധരിച്ച പെണ്ണുങ്ങളും കുഞ്ഞുങ്ങളുമൊക്കെയായി നിരവധിപേരുണ്ടാവും. മുസ്‌ലിംലീഗ് നേതാവും എം.എല്‍.എയുമായ ഇസ്ഹാഖ് കുരിക്കളുടെ പിതാവ് മൊയ്തീന്‍കുട്ടി കുരിക്കള്‍ തുടങ്ങിവെച്ച കഞ്ഞിപാര്‍ച്ചയ്ക്കായാണ് ഇവരെത്തുന്നത്. ഒരുകാലത്ത് മഞ്ചേരിക്കാര്‍ക്കും സമീപപ്രദേശങ്ങളിലുള്ളവര്‍ക്കും നോമ്പുതുറയ്ക്കും അത്താഴത്തിനുമുള്ള അന്നമായിരുന്നു ഇത്. ആ കാലം ഓര്‍ത്തെടുക്കുകയാണ് ഇസ്ഹാഖ് കുരിക്കള്‍.കുഞ്ഞലവി കാക്കയും കുരിക്കള്‍ മൊയ്തീനുമാണ് കഞ്ഞിയുണ്ടാക്കാനുള്ള ഏര്‍പ്പാടുകള്‍ചെയ്യുക. ചെമ്മണ്‍പാതകള്‍ മാത്രമായിരുന്നു അന്നത്തെ മഞ്ചേരി അങ്ങാടി. അരിക്ക് ക്ഷാമമുള്ള കാലം. പഴവും വിഭവങ്ങളുമൊന്നുമില്ലാത്ത നോമ്പുതുറകള്‍. പച്ചക്കറിയും കഞ്ഞിയും പ്രധാനഭക്ഷണം. മത്സ്യവും മാംസവുമൊന്നും വിലകൊടുത്തുവാങ്ങാന്‍ പണമില്ലാത്തവരായിരുന്നു ഭൂരിപക്ഷവും. അവരായിരുന്നു പേട്ടയില്‍തറവാട്ടില്‍ കഞ്ഞിക്കായി കാത്തിരുന്നത്.
നോമ്പുകാലം കൂടാതെ കര്‍ക്കടകമാസത്തിലും കുരിക്കള്‍ തറവാട്ടില്‍ കഞ്ഞിപാര്‍ച്ചയുണ്ടാവും. നോമ്പെത്തുന്നതിനു മാസംമുമ്പേ തുടങ്ങും കഞ്ഞിവെച്ചു നല്‍കാനുള്ള ഒരുക്കങ്ങള്‍.
കഞ്ഞി പാകംചെയ്ത് ആദ്യം സെന്‍ട്രല്‍ പള്ളിയിലേക്ക് കുഞ്ഞലവി കാക്ക തലച്ചുമടായി കൊണ്ടുപോകും. പള്ളിയില്‍ നോമ്പുതുറക്കാനെത്തുന്നവര്‍ക്കും മറ്റുമാണത്. കൂടെ പച്ചക്കായ ഉപ്പേരിയും പച്ചക്കറികളും മാത്രം. കുഞ്ഞലവി കാക്ക മടങ്ങിയെത്തിയാല്‍ പിന്നെ തറവാട്ടുമുറ്റത്തെത്തിയവര്‍ക്കായി കഞ്ഞി വിളമ്പാന്‍തുടങ്ങും. എല്ലാമക്കളും അപ്പോള്‍ അടുത്തുണ്ടാകണമെന്ന് പിതാവിന് നിര്‍ബന്ധമാണ്.
പിതാവിന്റെ മരണത്തോടെ ജീരകക്കഞ്ഞി വിതരണം സെന്‍ട്രല്‍ പള്ളിയിലേക്കായി. കടുത്ത സാമ്പത്തികപ്രയാസത്തില്‍നിന്ന് ആളുകള്‍ കരകയറാന്‍ തുടങ്ങുകയും അങ്ങാടി വലുതാവുകയും ചെയ്തതോടെ കഞ്ഞി വാങ്ങുന്നതിന് ആളുകള്‍ കുറഞ്ഞുതുടങ്ങിയപ്പോഴാണ് പള്ളിയിലേക്കുമാറ്റിയത്.





