
അച്യുതന്‍ ഗേള്‍സിലെ പെണ്‍കുട്ടികള്‍ ഇനി നീന്തിത്തുടിക്കും
Posted on: 22 May 2015
ആര്‍ അനന്തകൃഷ്ണന്, മാതൃഭൂമി ന്യൂസ്

കോഴിക്കോട്: പെണ്‍കുട്ടികളെ നീന്തല്‍ പഠിപ്പിച്ച് മാതൃകയാവുകയാണ് ഒരു സര്‍ക്കാര്‍ സ്‌കൂള്‍. കോഴിക്കോട് ചാലപ്പുറം അച്യുതന്‍ ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ് മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം നല്‍കിയത്. അവധിക്കാലം തുടങ്ങിയപ്പോള്‍തന്നെ പരിശീലനവും തുടങ്ങി.
സ്‌കൂളിന് സമീപത്തെ തറവാട്ടു കുളമാണ് വിദ്യാര്‍ത്ഥികളുടെ നീന്തല്‍ പരിശീലനത്തിനായി ഉപയോഗിച്ചത്. ആഴമുള്ള കുളത്തില്‍ നീന്തല്‍ പഠിക്കാന്‍ ആദ്യം ഭയം ഉണ്ടായിരുന്നെങ്കിലും ഇപ്പോള്‍ എല്ലാവരും എത്രനേരവും ഈ കുളത്തില്‍ നീന്തിത്തുടിക്കും. അധ്യാപകരും പരിശീലകയും ആത്മവിശ്വാസം തന്നുവെന്ന് വിദ്യാര്‍ത്ഥിനിയായ അനുപമ പറയുന്നു. ആദ്യം മുങ്ങാനാണ് പഠിപ്പിച്ചത്. പിന്നീട് ട്യൂബിന്റെ സഹായത്തോടെ നീന്താന്‍ പഠിച്ചുവെന്നും അനുപമ. തട്ടേക്കാട് ദുരന്തത്തെ തുടര്‍ന്ന് സര്‍ക്കാരാണ് എല്ലാ സ്‌കൂള്‍ കുട്ടികളെയും നീന്തല്‍ പഠിപ്പിക്കാന്‍ പദ്ധതിയുണ്ടാക്കിയത്. സര്‍ക്കാര്‍ അത് മറന്നു. ചാലപ്പുറം സ്‌കൂളും ജില്ലാ അക്വാട്ടിക് അസോസിയേഷനും അത് നടപ്പാക്കി മാതൃകയായി. പെണ്‍കുട്ടികളായതിനാല്‍ രക്ഷകര്‍ത്താക്കള്‍ തന്നെയാണ് പരിശീലകര്‍. കുളത്തില്‍ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയ ശേഷമാണ് പരിശീനം നടത്തുന്നത്. സ്‌കൂള്‍ തുറന്നാല്‍ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂര്‍ പരിശീനമുണ്ടാകും. പരിശീലനം പൂര്‍ത്തിയാക്കിയ അറുപതോളം കുട്ടികള്‍ക്ക് സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടുണ്ട്.





