githadharsanam

ഗീതാദര്‍ശനം - 326

Posted on: 07 Sep 2009


വിഭൂതിയോഗം


ഗീതാദര്‍ശനം - 326
പുരോധസാം ച മുഖ്യം മാം
വിദ്ധി പാര്‍ഥ ബൃഹസ്​പതിം
സേനാനീനാമഹം സ്‌കന്ദഃ
സരസാമസ്മി സാഗരഃ

ഹേ പാര്‍ഥാ, എന്നെ പുരോഹിതരില്‍ മുഖ്യനായ ബൃഹസ്​പതിയായി അറിയുക. സേനാനികളില്‍ ഞാന്‍ സുബ്രഹ്മണ്യനാണ്. ജലാശയങ്ങളില്‍ ഞാന്‍ സമുദ്രമാണ്.
വാക്കിന്റെ പതിയാണ് ബൃഹസ്​പതി. 'ദേവ'ന്മാരുടെ ഗുരുവും പുരോഹിതനുമാണ് അദ്ദേഹം. ഇന്ദ്രിയങ്ങളെ നയിക്കേണ്ടത് മനസ്സും മനസ്സിനെ നയിക്കേണ്ടത് ബുദ്ധിയും അതിനുള്ള ഉപാധി വാക്കുമാണ്. വാക്ക് പുറമെനിന്ന് വരുന്നതോ അകമെ ഉയിര്‍ക്കുന്നതോ രണ്ടുമാകാം. രണ്ടായാലും വാക്കില്‍ ശബ്ദവും അര്‍ഥവും - പ്രകൃതിയും പുരുഷനും - സമന്വയിച്ചിരിക്കുന്നതിനാല്‍ അത് പരമാത്മസ്വരൂപത്തിന്റെ പ്രതിനിധിയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.
ധ്യാനാത്മകതകൊണ്ട് ഗുരു എന്നും കര്‍മവൈദഗ്ദ്ധ്യംകൊണ്ട് സേനാപതി എന്നും അറിയപ്പെടുന്ന പ്രതീകമാണ് സ്‌കന്ദന്‍. ആസുരശക്തികള്‍ക്കെതിരെ (കാമക്രോധങ്ങള്‍ക്കെതിരെ) ഫലപ്രദമായ പോരാണ് അദ്ദേഹം നടത്തുന്നത്. നമ്മിലെ കര്‍മചോദനയും മനസ്സാക്ഷിയുമാണ് ഈ പ്രതീകത്തിന്റെ പൊരുള്‍. അതുതന്നെയാണല്ലൊ ആത്മചൈതന്യം.
സമുദ്രം ഭൂമിയിലെ ജലത്തിന്റെ ചാക്രികതയുടെ ആധാരമാണ്. അതില്‍നിന്നുയര്‍ന്ന് അതില്‍ തിരിച്ചെത്തുന്നതാണ് ജലചക്രം. വിസ്തൃതിയുടെ പ്രത്യക്ഷമായ അനന്തതയും ജീവന്റെ ഉത്പത്തിസ്ഥാനമെന്ന മഹിമയും അതിനെ അനന്യമാക്കുന്നു. എല്ലാം ഉല്‍ഭവിച്ച് തിരികെ ലയിക്കുന്നത് പരംപൊരുളിലായതിനാല്‍, ജലവിഷയത്തില്‍ സമാനസ്വഭാവമുള്ള സമുദ്രത്തെ ചിന്തനീയമായ വിഭൂതിയായി പറയുന്നു.

(തുടരും)

സി. രാധാകൃഷ്ണന്‍






MathrubhumiMatrimonial