
ഗീതാദര്‍ശനം - 325
Posted on: 07 Sep 2009
സി. രാധാകൃഷ്ണന്‍
വിഭൂതിയോഗം
രുദ്രാണാം ശങ്കരശ്ചാസ്മി
വിത്തേശോ യക്ഷരക്ഷസാം
വസൂനാം പാവകശ്ചാസ്മി
മേരുഃ ശിഖരിണാമഹം
രുദ്രന്മാരില്‍ ശങ്കരന്‍ ഞാനാകുന്നു. യക്ഷന്മാര്‍, രാക്ഷസര്‍ എന്നിവരില്‍ കുബേരന്‍ ഞാനാകുന്നു. വസുക്കളില്‍ അഗ്‌നി ഞാനാകുന്നു. പര്‍വതങ്ങളില്‍ മേരു ഞാനാകുന്നു. ദുഷ്ടരെ രോദനം ചെയ്യിക്കുന്നവന്‍ രുദ്രന്‍. പതിനൊന്നു രുദ്രന്മാരുണ്ട്. ശങ്കരന്‍ എന്നാല്‍ സമാധാനം നല്‍കുന്നവന്‍. ഈ സങ്കല്പത്തിലുള്ള കഥാപാത്രങ്ങളിലും യജ്ഞഭാവനയോട് കൂടുതല്‍ ചേര്‍ന്നുപോകുന്ന സ്വഭാവമുള്ള ശങ്കരനില്‍ പരമാത്മാവിന്റെ സാന്നിധ്യം കാണാം.
യക്ഷരക്ഷസ്സുകള്‍ ഉപദേവതകളാണ്. മനഃശാസ്ത്രപ്രതീകങ്ങളായി എടുക്കുന്ന പക്ഷം, ഒരാളുടെ വ്യക്തിജീവിതത്തിലെ അന്യാദൃശങ്ങളായ ഭാവങ്ങളെയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ഗുരു നിത്യചൈതന്യയതി പറയുന്നു. ഉദാഹരണത്തിന്, ആത്മരക്ഷയ്ക്കായി ഒരാള്‍ ഉപയോഗിക്കുന്ന ഉപായങ്ങളെല്ലാം അയാളുടെ രക്ഷസ്സുകളാണ്. ഇവരില്‍ ധനാര്‍ജനത്തിനുള്ള രക്ഷസ്സിനെയാണ് പരമാത്മവിഭൂതിയായി ഇവിടെ പറയുന്നത്. ഇതില്‍ ഒരു ഫലിതവും ഒരു പാഠവും ഉണ്ട്. കുബേരനെ പുരാണങ്ങളില്‍ വരച്ചുവെച്ചിരിക്കുന്നത് ഒരു വികൃതരൂപിയായാണ് - കഷ്ടി മൂന്നടി ഉയരം, പൊണ്ണത്തടി, പെരുംകുടവയര്‍, ചെറിയ തല, എട്ടു കോന്ത്രമ്പല്ലുകള്‍! ഇതേപോലെ വികൃതരൂപികളായ കഠിനഹൃദയരാണ് ഇയാളുടെ നിധികള്‍ കാത്തുസൂക്ഷിക്കുന്നത്. ഇയാളൊ ധ്യാനവിഷയമാക്കാവുന്ന പരമാത്മവിഭൂതി! ജീവശ്ശക്തി മുഴുക്കെ ധനസമ്പാദനത്തിനും അതു കാത്തുസൂക്ഷിക്കുന്നതിനും വേണ്ടി പാഴാക്കുകയാണല്ലൊ ഇയാള്‍. ആ ജീവശ്ശക്തിയാകട്ടെ, പരമാത്മചൈതന്യമാണ്. ആ ചൈതന്യത്തിന്റെ ദുരുപയോഗത്തിനും വേണ്ടേ ചിന്തനീയമായ ഒരു ഉദാഹരണം? കരുണാമയമായ മന്ദഹാസത്തോടെയാണ് കുബേരന്‍ എന്ന മഹാമണ്ടത്തത്തിന്റെ പ്രതീകം ഗീതാകാരന്‍ അവതരിപ്പിക്കുന്നതെന്നു തോന്നുന്നു.
കാലാവസ്ഥയുടെ അഭിമാനിദേവതകളാണ് വസുക്കള്‍. ആറ് ഋതുക്കളും നമ്മുടെ അന്തര്‍മണ്ഡലത്തിലെ സുഖം, ദുഃഖം എന്ന രണ്ടും ചേര്‍ത്ത് വസുക്കള്‍ എട്ട് എന്ന് സങ്കല്പം. പവിത്രമാക്കുന്നത് അഥവാ ശുദ്ധീകരിക്കുന്നത് പാവകന്‍. വസുക്കളില്‍ അഗ്‌നിയാണ് പരിചിന്തനീയമായ വിഭൂതി. വസുക്കളുടെ മുഖം അഗ്‌നിയാണെന്ന് ഛാന്ദോഗ്യോപനിഷത്തില്‍ പറയുന്നു. കാലാവസ്ഥ രൂപപ്പെടുന്നതും അതില്‍ അഗ്‌നിക്ക് അഥവാ ചൂടിന് ഉള്ള സ്ഥാനവും ധ്യാനവിഷയമാക്കിയാലും പരംപൊരുളിന്റെ മഹിമ അറിയാം.
മേരു ഒരു സാങ്കല്പികപര്‍വതമാണ്. ദേവന്‍മാരുടെ താവളമാണത്. അവിടന്ന് ഗംഗ എന്ന നദി എല്ലാ ദിക്കിലേക്കും ഒഴുകുന്നു. പൊക്കംകൊണ്ട് ജ്യോതിസ്സുകളെ മുട്ടുന്നത് എന്നാണ് മേരു എന്ന വാക്കിനര്‍ഥം (മിനോതി ജ്യോതിഷി). മനസ്സിന്റെ ചിത്രവും അതേസമയം മനസ്സുകൊണ്ട് സങ്കല്പിക്കാവുന്ന ഏറ്റവും വലിയ ഔന്നത്യവും മേരുവില്‍ ഒത്തുചേരുന്നു. പ്രപഞ്ചത്തിന്റെ മുഴുവന്‍ പെരുമയും ഉള്‍ക്കൊള്ളാന്‍ കഴിവുള്ള മനുഷ്യമനസ്സിന്റെ പ്രതീകമായ ആ വിഭൂതിയെ ധ്യാനിച്ചാലും ശുദ്ധബോധത്തിന്റെ രുചിയറിയാം.
ഈ സങ്കല്പസാമ്രാജ്യത്തില്‍ വിരാജിക്കെ, അന്നേ നിലവിലുണ്ടായിരുന്ന പ്രതീകങ്ങളെയും സങ്കല്പങ്ങളെയും അവയുടെ മൗലികമായ തലത്തില്‍ പുനരവതരിപ്പിക്കുകകൂടിയാണ് ഗീത ചെയ്യുന്നത് എന്ന കാര്യം മറക്കാതിരിക്കാമെങ്കില്‍ ആശയക്കുഴപ്പം ഒഴിവായിക്കിട്ടും.
(തുടരും)





