
ആറുവയസ്സുകാരിയുടെ ഹൃദയത്തിന് വാട്‌സ് ആപ്പ് വക അരലക്ഷം
Posted on: 06 Apr 2015

കല്പറ്റ: പരസ്പരം കുറ്റംപറഞ്ഞും മറ്റുള്ളവരെ കളിയാക്കിയും കോമഡിപടങ്ങള്‍ ഷെയര്‍ചെയ്തും സമയംകളയുന്ന വാട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാകുകയാണ് 'പിണങ്ങോടിയന്‍സ്' വാട്‌സ് ആപ്പ് ഗ്രൂപ്പ്.
കല്പറ്റ പിണങ്ങോട്ടെ 60ഓളം യുവാക്കള്‍ രൂപംനല്കിയ ഗ്രൂപ്പാണിപ്പോള്‍ പ്രദേശത്തെ യുവാവിന്റെ ആറു വയസ്സുകാരിയായ മകളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് 60,000 രൂപ സ്വരൂപിച്ച് മാതൃകയായത്.
പത്തുദിവസം കൊണ്ടാണ് ഇവര്‍ നവമാധ്യമക്കൂട്ടായ്മയിലൂടെ ചികിത്സാസഹായം സ്വരൂപിച്ചത്.
എല്ലാവരെയുംപോലെ വാര്‍ത്തകളും വിശേഷങ്ങളും പ്രദേശത്തെ പ്രശ്‌നങ്ങളും പങ്കുവെക്കാന്‍ ഒരു വര്‍ഷംമുമ്പാണ് പിണങ്ങോടിയന്‍സ് എന്നപേരില്‍ ഗ്രൂപ്പ് തുടങ്ങുന്നത്. കുട്ടിയുടെ അസുഖവിവരം അറിഞ്ഞപ്പോള്‍ അത് ഗ്രൂപ്പിലൂടെ പങ്കുവെച്ചു. ഓപ്പറേഷനുവേണ്ട ഒന്നരലക്ഷം രൂപയില്‍ ഒരു ലക്ഷം മാത്രമേ രക്ഷിതാക്കള്‍ക്ക് കടംവാങ്ങിയുംമറ്റും സ്വൂരൂപിക്കാനായിരുന്നുള്ളൂ. ഇതോടെയാണ് ഓപ്പറേഷനു വേണ്ട 50,000 രൂപ വാട്‌സ് ആപ് ഗ്രൂപ്പിലൂടെ സ്വരൂപിക്കാന്‍ യുവാക്കളുടെ കൂട്ടായ്മ തീരുമാനിച്ചത്. ഇങ്ങനെ സമാഹരിച്ച 50,000 രൂപ പിണങ്ങോട്ടുനടന്ന ചടങ്ങില്‍ ഗ്രൂപ്പിലെ ഏറ്റവും സീനിയറായ മുജീബ് റഹ്മാന്‍ കുട്ടിയുടെ ബന്ധുക്കള്‍ക്ക് കൈമാറി. ബാക്കിയുള്ള 10,000 രൂപ സാമൂഹിക സേവനത്തിനായി ഉപയോഗിക്കാനാണ് യുവാക്കളുടെ തീരുമാനം.
ജാസര്‍ പാലക്കല്‍, കെ. ഷമീര്‍, നിഷാദ് പുനത്തില്‍ എന്നിവര്‍ സംസാരിച്ചു. ഹാഫിസ്, അന്‍വര്‍ പുനത്തില്‍, ഫിറോസ്, ജംഷീര്‍ഖാന്‍, നൗഫല്‍ നെല്ലിക്ക, സാനി നാസര്‍ എന്നിവര്‍ സംബന്ധിച്ചു.





