
മഞ്ഞക്കാലി പച്ചപ്രാവുകള്‍ കൂടുകൂട്ടാന്‍ പയ്യന്നൂരില്‍
Posted on: 18 Mar 2015
കണ്ണൂര്‍: വംശനാശ ഭീഷണി നേരിടുന്ന അപൂര്‍വയിനം പക്ഷികളായ മഞ്ഞക്കാലി പച്ചപ്രാവിന്റെ പത്തോളം പക്ഷിക്കൂടുകള്‍ പയ്യന്നൂരില്‍ കണ്ടെത്തി.പയ്യന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്തെ കാറ്റാടിമരത്തിലാണ് ഇവ കൂടുവെച്ച് മുട്ടവിരിയിക്കുന്നത്. മുപ്പതിലധികം വരുന്ന പക്ഷികള്‍ സംഘമായാണ് ഇവിടെ കൂടുവെക്കാനെത്തിയത്. പക്ഷിക്കൂട് ഗവേഷകനും മൊറാഴ ജി.എച്ച്.എസ്.എസ്. അധ്യാപകനുമായ പി.വി.പദ്മനാഭനാണ് ഇവയുടെ കൂടുകള്‍ കണ്ടെത്തിയത്.പശ്ചിമഘട്ടത്തില്‍ മാത്രം കണ്ടുവരുന്ന മഞ്ഞക്കാലി പച്ചപ്രാവുകള്‍ പ്രജനനം നടത്തുന്നത് എവിടെയാണെന്ന് കൃത്യമായ വിവരം ഉണ്ടായിരുന്നില്ല. ജനവരി അവസാനം പയ്യന്നൂരില്‍ എത്തിയ പക്ഷിക്കൂട്ടം കാറ്റാടിമരങ്ങളിലായി പത്തോളം കൂടുകള്‍ കെട്ടി അടയിരിപ്പ് തുടങ്ങി. ജനവരി മുതല്‍ മെയ് വരെയാണ് ഇവയുടെ പ്രജനനകാലം. ട്രേറോണ്‍ ഫോണി കോപ്‌റ്റേര എന്നതാണ് ഇവയുടെ ശാസ്ത്രനാമം.
കേരളത്തില്‍ ഇവയുടെ പ്രജനനകേന്ദ്രം ആദ്യമായാണ് കണ്ടെത്തുന്നതെന്ന് പി.വി.പദ്മനാഭന്‍ പറഞ്ഞു. വംശനാശം നേരിടുന്ന മഞ്ഞക്കാലി പച്ചപ്രാവുകള്‍ വന്യജീവി സംരക്ഷണനിയമത്തിലെ ഒന്നാംപട്ടികയില്‍പ്പെടുന്ന പക്ഷികളാണ്. കൂടുകെട്ടലില്‍ ഏറ്റവും കൂടുതല്‍ അശ്രദ്ധ കാണിക്കുന്ന പക്ഷികളാണ് ഇവ. അഞ്ചും പത്തും കമ്പുകള്‍കൊണ്ട് താങ്ങിനില്ക്കാന്‍ പറ്റാത്ത തരത്തിലുള്ള കവരിലാണ് കൂടു നിര്‍മിക്കാറ്. ആഴമില്ലാത്ത കൂട്ടില്‍ മുട്ടയിട്ട് അടയിരിപ്പ് അപകടകരമാണ്. ഏതു ശത്രുവിനും കാണത്തക്കവിധത്തിലാണ് പക്ഷികളുടെ കൂടുകെട്ടല്‍. ഇവയുടെ നാശത്തിന് കാരണവും ഇത്തരം കൂടുകെട്ടലാണെന്ന് പറയുന്നുണ്ട്.
താടി മുതല്‍ മാറിടംവരെയുള്ള ഭാഗത്തെ പച്ചഛായയുള്ള മഞ്ഞനിറം പക്ഷിയെ വ്യത്യസ്തരാക്കുന്നുണ്ട്. ചൂളംവിളിക്കുന്ന സ്വഭാവം ഉള്ളതുകൊണ്ട് ചൂള എന്നും പക്ഷിക്ക് വിളിപ്പേരുണ്ട്. മാടപ്രാവിന്റെ മുട്ടയോളം വലുപ്പമുള്ള രണ്ടു വെള്ളമുട്ടകളാണ് ഇടാറ്.





