
സ്വര്‍ണാഭരണം ഉള്‍െപ്പടെ 10 ലക്ഷം രൂപയുടെ കവര്‍ച്ച : വീട്ടുജോലിക്കാരി അറസ്റ്റില്‍
Posted on: 04 Mar 2015
തിരുവനന്തപുരം: ജോലിക്കുനിന്ന വീട്ടില്‍നിന്ന് പത്ത് പവന്‍ സ്വര്‍ണാഭരണങ്ങളും എട്ട് ലക്ഷത്തോളം രൂപയും കവര്‍ന്ന വീട്ടുജോലിക്കാരിയെ ഫോര്‍ട്ട് പോലീസ് അറസ്റ്റുചെയ്തു. പരുത്തിക്കുഴി സ്വദേശി ഷഹീറ (32) ആണ് അറസ്റ്റിലായത്. മണക്കാട് വലിയപള്ളിക്ക് സമീപം ടി.സി. 41/2148 നസിയ മന്‍സിലില്‍ മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണവും പണവും മോഷണം പോയത്. മോഷണം നടന്ന വീട്ടില്‍ കഴിഞ്ഞ മൂന്നുവര്‍ഷമായി ഷഹീറ ജോലിക്ക് നില്‍ക്കുകയായിരുന്നു.
കുടുംബസമേതം തക്കലയില്‍ ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി പോയി മടങ്ങിയപ്പോഴാണ് മോഷണവിവരം വീട്ടുകാര്‍ അറിഞ്ഞത്. വീടിന്റെ വാതിലുകളും അലമാരയും കുത്തിപ്പൊളിച്ച നിലയിലായിരുന്നു. എന്നാല്‍ ഇവ കുത്തിപ്പൊളിച്ചിരിക്കുന്ന രീതിയില്‍ സംശയം തോന്നിയ പോലീസ് വീടുമായി ബന്ധമുള്ളവരാകാം മോഷണത്തിന് പിന്നിലെന്ന നിഗമനത്തിലെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ ചോദ്യം ചെയ്യലില്‍ ഷഹീറ കുടുങ്ങുകയായിരുന്നു. മോഷണമുതലുകള്‍ പുരയിടത്തില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. ഇവരുടെ പക്കല്‍നിന്ന് ഏഴുലക്ഷത്തിഅന്‍പതിനായിരം രൂപയും പത്ത് പവനോളം സ്വര്‍ണാഭരണങ്ങളും പോലീസ് കണ്ടെടുത്തു.
ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സുധാകരന്‍പിള്ള, സി. ഐ. അജിചന്ദ്രന്‍ നായര്‍, എസ്.ഐ. പി. ഷാജിമോന്‍, എസ്.സി.പി.ഒ. ഗോപകുമാര്‍, വനിതാ പോലീസുകാരി പ്രഭ എന്നിവര്‍ ചേര്‍ന്നാണ് ഷഹീറയെ അറസ്റ്റുചെയ്തത്.





