Crime News

മണല്‍ക്കൊള്ള: പോലീസ് കടവുകളില്‍ പരിശോധന നടത്തി

Posted on: 03 Mar 2015


കൊടുവള്ളി: തലപ്പെരുമണ്ണ ചെറുപുഴയില്‍ വ്യാപകമായി മണല്‍ക്കൊള്ള നടക്കുന്ന കടവുകളില്‍ കൊടുവള്ളി എസ്.ഐ. ശശിധരനും സംഘവും പരിശോധന നടത്തി. തിങ്കളാഴ്ച രാവിലെയാണ് പോലീസ്സംഘം മുണ്ടുപാലത്തിങ്ങല്‍ കടവ്, മാതോലത്ത് കടവ്, വെളുത്തേടത്ത് കടവ്, ചീരുകണ്ടി കടവ്, മോയോട്ട കടവ്, തോട്ടത്തിന്‍കടവ് തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. മുണ്ടുപാലത്തിങ്ങല്‍ കടവില്‍ നിന്ന് ട്യൂബ് ഉപയോഗിച്ച് മണന്‍ വാരിക്കൊണ്ടിരുന്ന നാലുപേരടങ്ങിയ സംഘം പോലീസിനെ കണ്ട് പുഴയുടെ മറുകരയിലേക്ക് നീന്തി രക്ഷപ്പെട്ടു. ഇവര്‍ ഉപയോഗിച്ച് രണ്ടു മൊബൈല്‍ ഫോണുകള്‍, ജീന്‍സ്, ഷര്‍ട്ട് എന്നിവ പോലീസ് കസ്റ്റഡിയിലെടുത്തു.
തിങ്കളാഴ്ച തലപ്പെരുമണ്ണ ചെറുപുഴയില്‍ നടക്കുന്ന മണല്‍ക്കൊള്ളയെക്കുറിച്ച് മാതൃഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് പോലീസ് കടവുകളില്‍ പരിശോധന നടത്തിയത്.
അനധികൃത മണല്‍വാരലിനെതിരെ നടപടി ശക്തമാക്കുമെന്നും വരുംദിവസങ്ങളിലും പരിശോധന ഊര്‍ജിതമാക്കുമെന്നും എസ്.ഐ. ശശിധരന്‍ പറഞ്ഞു. കടവുകളില്‍ നിന്ന് അനധികൃതമായി വന്‍തോതില്‍ മണല്‍ വാരി പറമ്പുകളില്‍ കൂട്ടിയിട്ടതായി പോലീസ് പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍ ആരെയും കസ്റ്റഡിയിലെടുക്കാന്‍ കഴിഞ്ഞിട്ടില്ല.
നിര്‍മാണ മേഖലയില്‍ ഉണ്ടായിട്ടുള്ള മണല്‍ക്ഷാമം കാരണം ആവശ്യക്കാര്‍ ഭീമമായ തുക നല്‍കി അനധികൃതമായി കരിഞ്ചന്തയില്‍നിന്ന് മണല്‍ വാങ്ങുന്നതിന് നിര്‍ബന്ധിതരാവുകയാണ്.
അനധികൃത മണല്‍വാരലിനെതിരെ പ്രദേശത്ത് പ്രതിഷേധം ഉയര്‍ന്നിരുന്നെങ്കിലും മണല്‍മാഫിയകളുടെ ഭീഷണി കാരണം ഇതെല്ലാം കെട്ടടങ്ങി. പ്രതിഷേധിച്ചവരുടെ വീടിനുനേരേയും ആക്രമണമുണ്ടായിട്ടുണ്ട്. കടവുകളില്‍ അലക്കാനും കുളിക്കാനും എത്തുന്ന സ്ത്രീകള്‍ക്കും അവര്‍ ശല്യമാകുന്നു.
പകലും രാത്രിയിലും വാരിയിടുന്ന മണല്‍ ഗുഡ്‌സ് ഓട്ടോകളിലും ജീപ്പുകളിലുമായി രാത്രിയിലാണ് കടത്തിക്കൊണ്ടുപോകുന്നത്. മുമ്പ് മണല്‍ കടത്തുമ്പോള്‍ നാട്ടുകാര്‍ പോലീസില്‍ വിവരം അറിയിക്കാറുണ്ടായിരുന്നു. ഇത്തരത്തില്‍ നിരവധി വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ ഇപ്പോള്‍ ആരുംതന്നെ രഹസ്യവിവരങ്ങള്‍ നല്‍കാത്തത് മണല്‍ക്കൊള്ളക്കാര്‍ക്ക് അനുഗ്രഹമായിരിക്കുകയാണ്.

 

 




MathrubhumiMatrimonial