githadharsanam

ഗീതാദര്‍ശനം - 318

Posted on: 30 Aug 2009

സി. രാധാകൃഷ്ണന്‍



വിഭൂതിയോഗം


വക്തുമര്‍ഹസ്യശേഷേണ
ദിവ്യാഹ്യാത്മവിഭൂതയഃ
യാഭിര്‍വിഭൂതിഭിര്‍ലോകാന്‍
ഇമാംസ്ത്വം വ്യാപ്ത തിഷുസി

അതിനാല്‍, എന്തെല്ലാം വിഭൂതികളെക്കൊണ്ട് ഈ പ്രപഞ്ചമാകെ വ്യാപിച്ച് അങ്ങ് സ്ഥിതി ചെയ്യുന്നുവോ ദിവ്യങ്ങളായ ആ ആത്മവിഭൂതികളെ അടിമുടി പറഞ്ഞുതരാന്‍ അങ്ങയേ്ക്ക കഴിയൂ. (അവയെ എനിക്ക് പറഞ്ഞുതന്നാലും.)

വൈവിധ്യസങ്കീര്‍ണമാണ് ഈ പ്രപഞ്ചം. വൈരൂപ്യവും സൗന്ദര്യവും അഴുക്കും ശുദ്ധിയും കാരുണ്യവും ക്രൗര്യവും ചെറുതും വലുതും കരുത്തും വൈശ്യവും എല്ലാം ഒരുമിച്ചു കാണപ്പെടുന്നു. ഇതിലെല്ലാം പരംപൊരുള്‍ ഒരുപോലെ ഉണ്ടോ? ഉണ്ടെങ്കില്‍ എവ്വിധം ഈ 'യോഗം' സാധിക്കുന്നു? ഇല്ലെങ്കില്‍, ഏതേതിലാണ് വ്യാപിച്ചിരിക്കുന്നത്? അപഗ്രഥിച്ചറിയാനാണ് പുറപ്പാട്. എണ്ണിപ്പറഞ്ഞുകിട്ടിയാല്‍ തരംതിരിക്കാമല്ലോ. ലഭ്യമായതിന്റെ കണക്കെടുപ്പ് (enumeration) അനിവാര്യം. നിരീക്ഷണം (observation) പരീക്ഷണത്തിന്റെ (experiment) മുന്നോടിയല്ലേ?

എണ്ണിപ്പറയാന്‍ എന്തുകൊണ്ടും കഴിവുള്ള ആളെ കണ്ടുകിട്ടിയ സന്തോഷം അര്‍ജുനന്റെ വാക്കുകളില്‍ പ്രകടമാണ്. എങ്ങും വ്യാപിച്ചിരിക്കുന്ന ആള്‍ക്ക് എല്ലാം അറിയാമെന്ന് നിശ്ചയം. നമ്മിലെ ബുദ്ധിമാനായ അന്വേഷകനെയാണ് അര്‍ജുനനില്‍ ഇവിടെ കാണുന്നത്. ബുദ്ധി തെളിവന്വേഷിക്കുന്നു. കാര്യത്തിന്റെ കിടപ്പ് ശരിയായി അറിയുകയാണ് കാരണത്തെ തിരക്കാനുള്ള ആദ്യപടി. എല്ലാം അറിയുന്നവനും നിത്യനും സര്‍വവ്യാപിയുമായ ഒരാളെ അര്‍ജുനന് കണ്ടുകിട്ടിയിരിക്കയാണ്. ലഭിച്ച അവസരം പാഴാക്കാതെ വിവരം ചുരത്തിക്കിട്ടാന്‍ അകിടില്‍ മുട്ടുന്നു.

പരമാത്മാവിന്റെ വിഭൂതികള്‍ ദിവ്യങ്ങളേ (സ്വയം പ്രകാശിക്കുന്നവയേ) ആകൂ എന്നൊരു മുന്‍വിധി അര്‍ജുനനില്‍ പൈതൃകമായ കൈയിരിപ്പായി ഉണ്ട്. അതായത്, പ്രകൃതി എന്ന അദൃശ്യമാധ്യമത്തിന്റെ വൈരുധ്യാത്മകസ്വഭാവം ഇനിയും മുഴുവനായി മനസ്സിലായിട്ടില്ല. നല്ലതും ചീത്തയും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണെന്ന് നിശ്ചയപ്പെട്ടിട്ടില്ല. തന്റെ ഉദ്ദേശ്യം വ്യക്തമാക്കാന്‍ ഒരു സൂചനകൂടി അര്‍ജുനന്‍ ഗുരുവിനു മുന്നില്‍ അവതരിപ്പിക്കുന്നു.

(തുടരും)



MathrubhumiMatrimonial