githadharsanam

ഗീതാദര്‍ശനം - 301

Posted on: 08 Aug 2009

സി. രാധാകൃഷ്ണന്‍



മാം ഹി പാര്‍ഥ വ്യപാശ്രിത്യ
യേശപി സ്യുഃ പാപയോനയഃ
സ്ത്രിയോ വൈശ്യാസ്തഥാ ശൂദ്രാഃ
തേശപി യാന്തി പരാം ഗതിം
ഹേ അര്‍ജുനാ, സ്ത്രീകളായും വൈശ്യരായും ശൂദ്രരായും ആരെല്ലാമുണ്ടോ, അതുപോലെത്തന്നെ നീചകുലത്തില്‍ ജനിച്ചവരായി ആരെല്ലാം ഉണ്ടൊ അവരുംകൂടി എന്നെ വഴിപോലെ സേവിച്ച് ഉത്തമമായ ഗതിയെ നിശ്ചയമായും പ്രാപിക്കുന്നു.
ദുരാചാരന്‍മാരുടെ കാര്യംപോലും പറഞ്ഞുകഴിഞ്ഞാണ് ഇവരെ പരാമര്‍ശിക്കുന്നത്. ആ കാലങ്ങളില്‍ ഇവരുടെ സാമൂഹികാവസ്ഥ എന്തായിരുന്നു എന്ന് ഇതില്‍നിന്നുമൂഹിക്കാം. ഈ ഭൂമിയില്‍ ആര്‍ക്കെങ്കിലും നിരുപാധികമായി സ്‌നേഹിക്കാന്‍ കഴിയുമെങ്കിലത് അമ്മമാര്‍ക്കാണെന്നിരിക്കെ സ്ത്രീകളെ മൊത്തമായി അധമഗണത്തിലാണ് പെടുത്തിയിരുന്നത്. സമൂഹത്തെ നിലനിര്‍ത്താന്‍ അന്നവും വസ്ത്രവുമൊക്കെ ഉണ്ടാക്കുകയും അത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുക്കുകയും ചെയ്യുന്നവര്‍ക്കും പതിത്വം കല്പിച്ചിരുന്നു. ചില കുലങ്ങളില്‍ പിറക്കുന്നവര്‍ ഒരു തരത്തിലും ഒരു കാലത്തും ഗുണംപിടിക്കില്ലെന്ന മുന്‍വിധി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നു. നേരത്തേത്തന്നെ അര്‍ജുനന്‍ കുലമഹിമയെയും സ്ത്രീകള്‍ ദുഷിക്കുന്നതിനെയും വര്‍ണസങ്കരത്തെയും പൈതൃകങ്ങളായ ആചാരങ്ങളെയും കുറിച്ച് സംസാരിച്ചിട്ടുണ്ട് ('കഥം ന ജ്ഞേയമസ്മാഭിഃ .... ഭവതീത്യനുശുശ്രുമ' - 1, 39-44). കുലങ്ങള്‍ക്കേ നീചത്വം കല്പിക്കുന്ന പതിവുണ്ടായിരുന്നു.
ഗീതാകാരന്റെ മുഖത്തെ നറുചിരിക്ക് ഇവിടെയും ആഴം കൂടുന്നു. അദ്ദേഹം പറയാതെ പറയുന്നു: 'ഈ സമൂഹം ആര്‍ക്കെല്ലാമാണോ പതിത്വം കല്പിച്ചിരിക്കുന്നത് അവരാരും പരമമായ ശാന്തിക്ക് ഒരു തരത്തിലും അനര്‍ഹരല്ല. അവര്‍ക്കുള്ളതില്‍ ഒട്ടും കൂടുതലല്ല ഉന്നതരെന്ന് അറിയപ്പെടുന്നവര്‍ക്കുള്ള അര്‍ഹത.'
എത്രത്തോളം വിപ്ലവകരമാണ് ഈ നിലപാട് എന്നറിയാന്‍ ഒറ്റക്കാര്യം ഓര്‍ത്താല്‍ മതി. മനുസ്മൃതി, യാജ്ഞവല്‍ക്യസ്മൃതി എന്നിവയെയാണ് ഈ ശ്ലോകം അടിയോടെ നിഷേധിക്കുന്നത്. മനുഷ്യന് ഒരു കുലമേ ഉള്ളൂ എന്നും ആ കുലത്തിലേക്കു നയിച്ച ജീവപരിണാമം പരമശാന്തിയിലേക്കുള്ള തീര്‍ഥയാത്രയാണെന്നും അതിന്റെ പരിസമാപ്തി വരെ പോകാന്‍ ഈ കുലത്തില്‍ പിറന്ന ഏവര്‍ക്കുമുള്ള അവകാശവും അധികാരവും തുല്യമാണെന്നും സ്ഥാപിക്കുന്നു.
ഈശ്വരനെക്കുറിച്ചുള്ള യുക്തിയുക്തവും അനുഭവവേദ്യവുമായ ധാരണയില്‍നിന്ന് ഗീത മനുഷ്യരുടെ എല്ലാ ഇല്ലായ്മകള്‍ക്കും വല്ലായ്മകള്‍ക്കും, സരളവും പ്രായോഗികവും സുഗമവും ചെലവേ ഇല്ലാത്തതുമായ പരിഹാരം നിര്‍ദേശിക്കുന്നു. (തുടരും)



MathrubhumiMatrimonial