
ഗീതാദര്‍ശനം - 297
Posted on: 03 Aug 2009
സി. രാധാകൃഷ്ണന്‍
രാജവിദ്യാരാജ ഗുഹ്യയോഗം
ശുഭാശുഭഫലൈരേവം
മോക്ഷ്യസേ കര്‍മബന്ധനൈഃ
സന്ന്യാസയോഗയുക്താത്മാ
വിമുക്തോ മാമുപൈഷ്യസി
ഇങ്ങനെ (ചെയ്താല്‍) ശുഭാശുഭഫലങ്ങളോടുകൂടിയ കര്‍മബന്ധനങ്ങളില്‍നിന്ന് നീ മോചിതനാകും. സന്ന്യാസയോഗയുക്തനായി സ്വതന്ത്രനായിട്ട് നീ എന്നെ പ്രാപിക്കയും ചെയ്യും.
സന്ന്യാസം, യോഗം എന്ന രണ്ടു പദങ്ങളും ഗീത നേരത്തെ നിര്‍ദേശിച്ച അര്‍ഥത്തില്‍ത്തന്നെ വേണം മനസ്സിലാക്കാന്‍. അര്‍പ്പണത്തില്‍നിന്നു കിട്ടുന്ന സ്വാതന്ത്ര്യവും ശുദ്ധിയും ശക്തിയും ചിന്താസൗകുമാര്യവും നിത്യാനിത്യവിവേകം നേടാന്‍ വഴിയൊരുക്കുന്നു. ആ അറിവ് അര്‍പ്പണത്തിന് കൂടുതല്‍ ആഴമുണ്ടാക്കുന്നു. അറിവും പ്രവൃത്തിയും മനോഭാവവും തീര്‍ത്തും ശരിയാകുന്നതോടെ സ്വാതന്ത്ര്യവും ശക്തിയും ശുദ്ധിയും ശാന്തിയും തികയുന്ന അവസ്ഥയിലേക്ക് - പരമാത്മസായുജ്യത്തിലേക്ക് - പ്രവേശിക്കാം.
ബൗദ്ധസൂത്രങ്ങളിലും ബൈബിള്‍, ഖുര്‍ആന്‍ മുതലായ മതഗ്രന്ഥങ്ങളിലുമൊക്കെ 'കുശല'മായത് അഥവാ ശുഭമായത് പ്രവൃത്തിക്കാനാണ് നിര്‍ദേശം. ശുഭാശുഭങ്ങളില്‍ സന്തോഷിക്കയോ ദ്വേഷിക്കുകയോ ചെയ്യാതിരിക്കലാണ് ബുദ്ധി ഉറച്ചതിന്റെ ലക്ഷണമായി രണ്ടാമധ്യായത്തില്‍ പറയുന്നത്. സദാചാരനിരതനാവുക എന്നതിനപ്പുറത്ത് എല്ലാ ദ്വന്ദ്വങ്ങളെയും ഉല്ലംഘിക്കുന്ന പരമസ്വാതന്ത്ര്യമാണ് ഗീത വിഭാവനം ചെയ്യുന്നത്. ശുഭാശുഭപരിത്യാഗിയാകാന്‍ പന്ത്രണ്ടാമധ്യായത്തില്‍ വീണ്ടും ഉപദേശിക്കുന്നുണ്ട്. അവസാനാധ്യായത്തിലെ 67-ാമത് ശ്ലോകത്തില്‍ ആവശ്യപ്പെടുന്നത് എല്ലാ ധര്‍മങ്ങളെയും പരിത്യജിച്ച് പരമാത്മസ്വരൂപത്തെ ശരണം പ്രാപിക്കാനാണ്. അതായത്, മനുഷ്യന് ഒരു ധര്‍മമേ ഉള്ളൂ: പരമാത്മസാരൂപ്യം.
(തുടരും)





