
ആറുപേര്‍ക്കായി അവയവങ്ങള്‍ പകുത്ത് നല്‍കി ഭാസുര യാത്രയായി
Posted on: 18 Sep 2014
 ഓച്ചിറ: മരണശേഷം തന്റെ അവയവങ്ങള്‍ ദാനം ചെയ്യണമെന്നത് ഭാസുര(58) എന്ന വീട്ടമ്മയുടെ വലിയ ആഗ്രഹങ്ങളിലൊന്നായിരുന്നു. മരണമെന്ന ദുഖസത്യത്തിന്റെ മുന്നിലും ആഗ്രഹം സഫലമാക്കണമെന്ന തീരുമാനം വീട്ടുകാര്‍ ഏകകണ്ഠമായി എടുത്തപ്പോള്‍ അത് നാടിന്റെ തന്നെ പേര് ചരിത്രത്തിലെഴുതി ചേര്‍ത്ത സുവര്‍ണനിമിഷമായി മാറി. ഓച്ചിറ വയനകം കോയിക്കത്തറ വീട്ടീല്‍ വിമുക്തഭടനായ രാജനും ഭാര്യയും സഞ്ചരിച്ച വാഹനം കരുനാഗപ്പള്ളി പുള്ളിമാന്‍ ജങ്ഷന് സമീപം വെച്ചാണ് അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഭാസുരയെ ആദ്യം ആലപ്പുഴ മെഡിക്കല്‍ കോളേജിലും തുടര്‍ന്ന് വിദഗ്ദ്ധചികിത്സക്കായി കൊച്ചി അമൃതാ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മസ്തിഷ്‌കമരണം സംഭവിക്കുകയായിരുന്നു.
തുടര്‍ന്നാണ് ഭാസുരയുടെ ആഗ്രഹപ്രകാരം അവയവങ്ങള്‍ ദാനംചെയ്യാന്‍ വീട്ടുകാര്‍ തീരുമാനിച്ചത്. കരള്‍, കണ്ണ്, വൃക്ക, പാന്‍ക്രിയാസ് ഗ്രന്ഥി തുടങ്ങിയ അവയവങ്ങള്‍ ആറ് രോഗികള്‍ക്കാണ് ദാനം ചെയ്തത്. തുടര്‍ന്ന് മൃതശരീരം വയനകത്തെ വസതിയില്‍ എത്തിച്ച് സംസ്‌കാരകര്‍മങ്ങള്‍ നടത്തി. മകന്‍ ജൂബിന്‍ രാജ് കരസേന ഉദ്ദ്യോഗസ്ഥനും മകള്‍ പൂജ തിരുവല്ല ട്രഷറി ഉദ്യോഗസ്ഥയും ആണ്.





