
കാരുണ്യത്തിന്റെ കൂട്ടായ്മയില്‍ ഭാസ്‌കരന് സ്‌നേഹവീടുയര്‍ന്നു
Posted on: 21 Aug 2014
പ്രദീപ് പയ്യോളി
 തിരൂര്‍: ഇത് കിഴക്കെചെമ്പ്ര കുറുപ്പത്ത് ഭാസ്‌കരനെന്ന  കൂലിപ്പണിക്കാരന്റെ വീട്. ഇത് ഭാസ്‌കരന്റെ വീടെങ്കിലും നാട്ടുകാരുടെ 'സ്‌നേഹവീട്' എന്നാണിത് അറിയപ്പെടുക. നാട്ടുകാരുടെ കൂട്ടായ്മയുെടയും കാരുണ്യത്തിന്റെയും ഫലമാണ് ഈ വീട്. വായ്പയെടുത്ത പണംകൊണ്ട് കഴിഞ്ഞവര്‍ഷം വീട് പണിയുന്നതിനിടെ കാലവര്‍ഷത്തില്‍ നിലംപൊത്തുകയായിരുന്നു.
ഭാസ്‌കരന്റെ മാതാവ് ശരീരം തളര്‍ന്നുകിടക്കുകയായിരുന്നു. ഭാര്യയും മക്കളുമെല്ലാം സ്ഥലസൗകര്യമില്ലാതെ തറവാട്ടുവീട്ടിലായിരുന്നു താമസിച്ചുവന്നത്.
വീടുതകര്‍ന്നതിന്റെ പിറ്റേന്ന് തന്നെ ഭാസ്‌കരന്റെ ദുഃഖം നാട്ടുകാര്‍ ഏറ്റെടുത്തു. തകര്‍ന്നുവീണ വീടിന്റെ അവശിഷ്ടങ്ങള്‍ അവര്‍ നീക്കംചെയ്തു. പുതിയവീട് പണിയാന്‍ സിമന്റും കല്ലുമെല്ലാം സംഭാവനയായി നല്‍കി. നൂറുരൂപമുതല്‍ പതിനായിരം രൂപവരെ പലരും സംഭാവനയായി നല്‍കി. നഗരസഭാ കൗണ്‍സിലര്‍ സി.കെ. കുമാരന്‍ കണ്‍വീനറായി നാട്ടുകാര്‍ സമിതി രൂപവത്കരിച്ച് 3,42,000 രൂപ സമിതി പിരിച്ചുനല്‍കി. ഒരു ലക്ഷം രൂപ സര്‍ക്കാര്‍ ധനസഹായവും നല്‍കി. ബാക്കി തുക വായ്പവാങ്ങി ഭാസ്‌കരന്‍ വീടുപണി പൂര്‍ത്തിയാക്കി.
ബുധനാഴ്ച സ്‌നേഹവീട്ടില്‍ ഭാസ്‌കരനും ഭാര്യ ഷീജയും കുടുംബക്കാരും അയല്‍വാസികളും ചേര്‍ന്ന് പാലുകാച്ചി താമസം തുടങ്ങി.
24ന് ഞായറാഴ്ച നാട്ടുകാരെ വീട്ടിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ഇത് സൗഹൃദത്തിന്റെകൂട്ടായ്മയുടെ സന്തോഷം പങ്കിടാനുള്ള ദിവസം കൂടിയാകും.





