githadharsanam

ഗീതാദര്‍ശനം - 282

Posted on: 11 Jul 2009

സി. രാധാകൃഷ്ണന്‍



മോഘാശാഃ മോഘകര്‍മാണഃ
മോഘജ്ഞാനാഃ വിചേതസഃ
രാക്ഷസീമാസുരിം ചൈവ
പ്രകൃതിം മോഹിനീം ശ്രിതാഃ
വ്യര്‍ഥങ്ങളായ ആശകളോടെ പാഴ്‌വേലകള്‍ ചെയ്യുന്ന, പിഴച്ച അറിവോടുകൂടിയ, ബുദ്ധികെട്ട അവര്‍ മോഹകരവും രാക്ഷസീയവും ആസുരവുമായ പ്രകൃതിയെത്തന്നെ ആശ്രയിച്ചവരാണ്.
അന്ധമായ വിഗ്രഹാരാധനയ്ക്കും വ്യക്തിപൂജയ്ക്കുമെതിരെ പ്രയോഗിക്കാന്‍ ഇതിലേറെ മൂര്‍ച്ചയുള്ള വാക്കുകള്‍ ഒരു ഭാഷയിലുമില്ല. (ഭാഗവതവും ഇതുതന്നെ പറയുന്നു. 'അഹം സര്‍വേഷു ഭൂതേഷു ഭൂതാത്മാശവസ്ഥിതഃ സദാ തമവജ്ഞായ മാം മൂര്‍ത്ത്യാ കുരുതേര്‍ച്ചവിടംബനം - സര്‍വഭൂതങ്ങളിലും എപ്പോഴും നിവസിക്കുന്നവനായ എന്നെ അറിയാതെ മൂര്‍ത്തികള്‍ക്കായി പൂജ ചെയ്യുന്നവന്‍ അവന്റെ അര്‍ച്ചനയെ ചാമ്പലില്‍ ഒഴുക്കിക്കളയുകയാണ് ചെയ്യുന്നത്.' - 3, 19, 21.)
ഇവരുടെ ഒരു മോഹവും നിറവേറാന്‍ പോകുന്നില്ല. ഇവര്‍ ഇക്കാര്യത്തില്‍ ചെയ്യുന്നതെല്ലാം പാഴ്‌വേലയാണ്. ഇവരുടെ അറിവ് വ്യര്‍ഥമാണ്. ഇവര്‍ക്ക് ബുദ്ധിഭ്രമം സംഭവിച്ചിരിക്കുന്നു. കേവലമായ ഇന്ദ്രിയവൃത്തികളില്‍ അഭിരമിക്കുന്നതാണ് അസുരത്വം. അതിന് തടസ്സം വരുമ്പോള്‍, അല്ലെങ്കില്‍ അത് കൂടുതലായി അനുഭവിക്കാനായി, ഇവര്‍ ക്രൂരകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നു. ഇത് രാക്ഷസീയത. ആത്മപീഡ മുതല്‍ നരബലി വരെയുള്ള ആചാരങ്ങളെ ഉദ്ദേശിച്ചാണ് പറയുന്നതെന്ന് വ്യക്തം. ഒടുങ്ങാത്ത സുഖഭോഗമോഹങ്ങളാണ് ഈ ഏര്‍പ്പാടുകളുടെ പിന്നിലുള്ളത്. (ദേവപ്രകൃതി, അസുരപ്രകൃതി എന്നിവയെപ്പറ്റി ദേവാസുരസമ്പദ്‌വിഭാഗയോഗം എന്നു പേരുള്ള പതിനാറാമധ്യായത്തില്‍ സുദീര്‍ഘമായി പറയുന്നുണ്ട്.)
ജന്തുബലിയെന്നല്ല നരബലിപോലും അക്കാലത്തേ നടന്നിരുന്നു എന്നു കരുതാം. മൂര്‍ത്തിസേവകരെന്ന പേരില്‍ ജനങ്ങളെ വഞ്ചിക്കുന്ന മന്ത്രവാദികളും ഉണ്ടായിരുന്നിരിക്കണം. ഇക്കൂട്ടരുടെ മോഹവലയത്തില്‍ കുടുങ്ങരുതെന്നാണ് താക്കീത്. ശരിയായ അറിവിനെ ആശ്രയിക്കുക. അതാണ് മഹത്വത്തിലേക്കുള്ള വഴി.
(തുടരും)



MathrubhumiMatrimonial