
ഗീതാദര്‍ശനം - 201
Posted on: 11 Apr 2009
ധ്യാനയോഗം
ചഞ്ചലം ഹി മനഃ കൃഷ്ണ
പ്രമാഥി ബലവദ്ദൃഢം
തസ്യാഹം നിഗ്രഹം മന്യേ
വോയോരിവ സുദുഷ്‌കരം
എന്തുകൊണ്ടെന്നാല്‍, അല്ലയോ കൃഷ്ണാ, മനസ്സ് ചഞ്ചലവും (ദേഹേന്ദ്രിയങ്ങളെ) ക്ഷോഭിപ്പിക്കുന്നതും (വിചാരംകൊണ്ടു ജയിക്കാന്‍ അസാധ്യമായത്ര) ബലവത്തും (വിഷയവാസനകളുമായുള്ള ബന്ധത്തില്‍) ദൃഢവുമാണ്. (അങ്ങനെയുള്ള) അതിന്റെ നിരോധം വായുവിന്‍േറതുപോലെ അതീവ ദുഷ്‌കരമാണെന്ന് (എനിക്ക്) തോന്നുന്നു.
വായുവിന്റെ കാര്യത്തില്‍ നൂറു ശതമാനം ശൂന്യത സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ എവിടംവരെ എത്തുമെന്ന് വാക്വം പമ്പുകളെപ്പറ്റി പഠിക്കുമ്പോള്‍ അറിയാം. വായു നീക്കം ചെയ്യാനുള്ള ഏതുപകരണത്തിനും അതിന്റെ വരുതിയില്‍ വരുന്ന വായുവിലെ ഒരു നിശ്ചിതശതമാനം നീക്കാനേ സാധിക്കൂ. അങ്ങനെ, എത്ര കഴിഞ്ഞാലും ഒരല്പം വായുവെങ്കിലും ശൂന്യതാ ചേമ്പറില്‍ (്വമരരുൗ രസമൗയവി) ശേഷിക്കും. ഇതുപോലെയാണ് മനസ്സിലെ ഉരുപ്പടികള്‍ നീക്കം ചെയ്യാനുള്ള ശ്രമവും. അകത്തുനിന്നും പുറത്തുനിന്നും വരുന്ന ഉപാധികളുടെ ഉറവകള്‍ വറ്റാത്തവയാണ്. അവയുടെ സംയുക്തമായ ഒഴുക്കിന്റെ ശക്തി അപാരവുമാണ്. ചിന്തകൊണ്ടാണ് മനസ്സിനെ നിയന്ത്രിക്കേണ്ടത്. ബലിഷ്ഠമാകയാല്‍ വഴങ്ങാന്‍ കൂട്ടാക്കില്ല. നല്ല ഉറവുള്ള കിണര്‍ തേകിക്കൊണ്ടേ ഇരിക്കുന്ന പൊട്ടപ്പണികൊണ്ട് കാര്യമെന്ത്?
(ഭക്തജനങ്ങളുടെ പാപാദി സകല ദോഷങ്ങളെയും നീക്കുന്നതിനാലാണ് ഭഗവാന് കൃഷ്ണന്‍ എന്ന പേര്. കൃഷ് ധാതുവിന് ചുരണ്ടി മാറ്റല്‍ എന്നര്‍ഥമുണ്ട്. മനസ്സിലെ ദോഷങ്ങളെ എങ്ങനെ ചുരണ്ടിമാറ്റാമെന്ന് ഇനി പറയുന്നു)
(തുടരും)





