githadharsanam

ഗീതാദര്‍ശനം - 196

Posted on: 06 Apr 2009


ധ്യാനയോഗം



സര്‍വഭൂതസ്ഥമാത്മാനം
സര്‍വഭൂതാനി ചാത്മനി
ഈക്ഷതേ യോഗയുക്താത്മാ
സര്‍വത്ര സമദര്‍ശനഃ

എല്ലാറ്റിലും സമത്വം ദര്‍ശിക്കുന്ന യോഗയുക്തമായ സ്വത്വത്തോടുകൂടിയവന്‍ താന്‍ എല്ലാ ഭൂതങ്ങളിലും ഇരിക്കുന്നതായും (അതേസമയം) എല്ലാ ഭൂതങ്ങളും തന്നില്‍ ഇരിക്കുന്നതായും കാണുന്നു.
ഭൗതികശരീരംകൊണ്ട് നാം ഭൗതികപ്രപഞ്ചത്തെ അറിയുന്നു. വികാരങ്ങള്‍കൊണ്ട് മറ്റുള്ളവരുടെ വികാരങ്ങളെ അറിയുന്നു. ബുദ്ധികൊണ്ട് മറ്റ് ബുദ്ധിമാന്മാരുടെ ആശയങ്ങളെ അറിയുന്നു. ആത്മസ്വരൂപത്തില്‍ നിലനിന്നുകൊണ്ട് അഭിവീക്ഷിക്കുമ്പോള്‍ പ്രപഞ്ചത്തിന്റെ ആത്മസ്വരൂപമല്ലാതെ ഒന്നും കാണുന്നില്ല. 'മണ്ണിന്റെ ദൃഷ്ടിയില്‍ പാത്രങ്ങളില്ലാത്തപോലെ, സ്വര്‍ണത്തിന്റെ നോട്ടത്തില്‍ ആഭരണങ്ങളില്ലാത്തപോലെ' എന്ന് ചിന്മയാനന്ദസ്വാമികള്‍ ഈ കാഴ്ചയെ ഉദാഹരിക്കുന്നു.
യോഗാനുഭൂതി എന്നാല്‍ തന്റെ ആത്മസ്വരൂപത്തെ തിരിച്ചറിയല്‍ മാത്രമല്ല, ആ തിരിച്ചറിവിലൂടെ കിട്ടുന്ന ലോകവീക്ഷണം കൂടിയാണ്. തന്റെ ആത്മസ്വരൂപംതന്നെ എല്ലാ ചരാചരങ്ങളിലും ഇരിക്കുന്നതായും തന്നില്‍ എല്ലാ ചരാചരങ്ങളും ഇരിക്കുന്നതായും കാണുന്നു. ഉള്ളിന്റെ ഉള്ളിലുള്ള ഉണ്മയെ സ്​പര്‍ശിക്കുമ്പോള്‍ മൊത്തം പ്രപഞ്ചത്തിന്റെ ഉണ്മയെത്തന്നെ സ്​പര്‍ശിക്കുന്നു. അറിവു തികഞ്ഞവനും സമദര്‍ശിയുമായ യോഗി, കടുകിട വിവേചനമില്ലാതെ എല്ലാ ചരാചരങ്ങളുടെയും ഹിതത്തിനായി യജ്ഞഭാവനയോടെ കര്‍മനിരതനാകുന്നു. ക്രിസ്തുവും ബുദ്ധനും മുഹമ്മദും ആ പരമ്പരയിലെ മറ്റുള്ളവരുമെല്ലാം ഈ കാഴ്ചപ്പാടുള്ളവരായിരുന്നുവല്ലോ. 'ഞാന്‍ ഈശ്വരന്‍തന്നെ!' എന്ന അനുഭവമാണ് യോഗവിദ്യയുടെ പരമലക്ഷ്യം. അങ്ങനെയുള്ളവര്‍ ഈശ്വരന്റെ വഴിയില്‍ ചരിക്കുന്നു. വാക്കിലും പ്രവൃത്തിയിലും ഈശ്വരസംബന്ധിയായ അറിവിന്റെ സര്‍വസാരം വെളിപ്പെടുത്തുന്നു. അവരെപ്പോലെ ആയിത്തീരുകയാണ് മനുഷ്യജന്മത്തിന്റെ ലക്ഷ്യം.
(തുടരും)



MathrubhumiMatrimonial