marpappa

ശുഭപ്രതീക്ഷയായ് ഫ്രാന്‍സിസ് പാപ്പയുടെ ഉദയം

Posted on: 15 Mar 2013


സ്ഥാനാരോഹണം ചൊവ്വാഴ്ച

ആത്മീയ നവോത്ഥാനത്തിന് പാപ്പയുടെ ആഹ്വാനം



വത്തിക്കാന്‍സിറ്റി:'ഞാന്‍ നിങ്ങളെ ആശീര്‍വദിക്കും മുമ്പ് നിങ്ങള്‍ എന്നെ ആശീര്‍വദിക്കുക'- സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പ്രധാന മട്ടുപ്പാവില്‍ നിന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ലോകത്തോട് ആദ്യം പറഞ്ഞത് ഈ വാക്കുകകളാണ്. ലോകത്തിന്റെ മറ്റൊരറ്റത്തുനിന്നുമാണ് താന്‍ വരുന്നതെന്നും സ്‌നേഹത്തിലും സാഹോദര്യത്തിലുമുള്ള ആത്മീയയാത്രയില്‍ ഒരുമിച്ചു ചേരാമെന്നും പാപ്പ പ്രഖ്യാപിച്ചപ്പോള്‍ ആഗോള കത്തോലിക്കാ സഭയെ സംബന്ധിച്ച് പുതിയൊരു യുഗം തുടങ്ങുകയായി.
ഏറ്റവും അനുയോജ്യനായ വ്യക്തിയെയാണ് കര്‍ദിനാള്‍ സംഘം പാപ്പയായി തിരഞ്ഞെടുത്തതെന്ന് ലോകനേതാക്കളുടെ പ്രതികരണവും തെളിയിക്കുന്നു. എളിമയും വിനയവും മുഖമുദ്രയാക്കിയ, ലളിതജീവിതം നയിക്കുന്ന ഫ്രാന്‍സിസ് പാപ്പ വിശ്വാസികള്‍ക്ക് പ്രിയങ്കരനായിക്കഴിഞ്ഞു. അത്ര ചെറുതല്ലാത്ത പ്രതിസന്ധി നേരിടുന്ന സഭ ശുഭപ്രതീക്ഷയോടെയാണ് ഫ്രാന്‍സിസ് പാപ്പയുടെ ഉദയം കാണുന്നത്.
അര്‍ജന്റീനാ തലസ്ഥാനമായ ബ്യൂണസ് ഐറിസിലെ ആര്‍ച്ച് ബിഷപ്പായ കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ ബുധനാഴ്ചയാണ് 266-ാമത് മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടത്. ഫ്രാന്‍സിസ് എന്ന പേപ്പല്‍ പേരും അദ്ദേഹം സ്വീകരിച്ചു. 1272 വര്‍ഷത്തിനുശേഷമാണ് യൂറോപ്പിനുപുറത്തുനിന്ന് പാപ്പ തിരഞ്ഞെടുക്കപ്പെടുന്നത്. ലാറ്റിന്‍ അമേരിക്കയില്‍ നിന്നുള്ള ആദ്യപാപ്പയും ഫ്രാന്‍സിസ് തന്നെ. അദ്ദേഹം ഈശോ സഭാംഗമാണ്.ആഗോള സഭയുടെ നാഥനെ തിരഞ്ഞെടുക്കാന്‍ ചേര്‍ന്ന കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ രണ്ടാം ദിവസം, അഞ്ചാംവട്ട വോട്ടെടുപ്പിനുശേഷമാണ് സിസ്റ്റൈന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുകയുയര്‍ന്നത്. അസീസ്സിയിലെ വിശുദ്ധ ഫ്രാന്‍സിസിന്റെ നാമവും മാധ്യസ്ഥ്യവും സ്വീകരിച്ച പാപ്പ ഇന്ത്യന്‍സമയം രാത്രി 12.45നാണ് ബസലിക്കയിലെ മട്ടുപ്പാവില്‍ ലോകത്തിനു മുന്നില്‍ പ്രത്യക്ഷപ്പെട്ടത്. സാധ്യതാപട്ടികയൊരുക്കി കാത്തിരുന്ന നിരീക്ഷകരെ അമ്പരപ്പിച്ച തിരഞ്ഞെടുപ്പ്.
ചൊവ്വാഴ്ചയാണ് ഫ്രാന്‍സിസ് പാപ്പയുടെ ഔദ്യോഗിക സ്ഥാനാരോഹണം. സെന്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ വിശേഷാല്‍ കുര്‍ബാനയോടെയാണ് അദ്ദേഹം സഭയുടെ സാരഥ്യമേറ്റെടുക്കുക. രാഷ്ട്രത്തലവന്‍മാര്‍ ഉള്‍പ്പെടെയുള്ള വിശിഷ്ടവ്യക്തികള്‍ ചടങ്ങില്‍ പങ്കെടുക്കും.
വ്യാഴാഴ്ച ഫ്രാന്‍സിസ് പാപ്പ റോമിലെ സാന്ത മരിയ ബസലിക്കയിലെത്തി പ്രാര്‍ഥന നടത്തി. അര മണിക്കൂറോളം അദ്ദേഹം ബസലിക്കയില്‍ ചെലവഴിച്ചു. പിന്നീട് സിസ്റ്റൈന്‍ ചാപ്പലില്‍ കര്‍ദിനാള്‍മാരുമൊത്ത് കുര്‍ബാനയര്‍പ്പിച്ചു. ആത്മീയനവോത്ഥാനത്തിന് തയ്യാറായില്ലെങ്കില്‍ സര്‍ക്കാര്‍ ഇതര സംഘടനയായി സഭ മാറുമെന്ന് പാപ്പ എന്ന നിലയിലുള്ള ആദ്യ കുര്‍ബാനയ്ക്കിടെ അദ്ദേഹം പറഞ്ഞു.
ലോകനേതാക്കള്‍ പ്രതീക്ഷയോടെയാണ് ആത്മീയ നേതാവിനെ സ്വാഗതം ചെയ്തത്. സാധാരണക്കാരുടെ പടത്തലവനെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അദ്ദേഹത്തെ വിശേഷിപ്പിച്ചു. വത്തിക്കാനുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഫ്രാന്‍സിസ് പാപ്പയ്ക്ക് കഴിയുമെന്ന് ചൈന പ്രത്യാശിച്ചു.




MathrubhumiMatrimonial