marpappa

പാവങ്ങളുടെ പാപ്പ

Posted on: 15 Mar 2013


മാര്‍ച്ച് 13 ബുധന്‍
ഇന്ത്യന്‍ സമയം രാത്രി 12.45

വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയുടെ പ്രധാന മട്ടുപ്പാവിലെത്തി കര്‍ദിനാള്‍ സംഘത്തിന്റെ പ്രോട്ടോ ഡീക്കന്‍ ഷോണ്‍ ലൂയി താവ്‌റാന്‍ അറിയിച്ചു, ''ഹബേമൂസ് പാപ്പാ''-നമുക്കൊരു പാപ്പയെ ലഭിച്ചിരിക്കുന്നു. ഉദ്വേഗനിമിഷങ്ങള്‍ക്കൊടുവില്‍ പുതിയ പാപ്പ മട്ടുപ്പാവില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍, ചാറ്റല്‍ മഴയെ വകവെക്കാതെ ബസലിക്കയുടെ പുറത്ത് കാത്തുനിന്ന ജനസാഗരവും ലോകത്താകമാനമുള്ള കത്തോലിക്കാ സമൂഹവും തിരുത്തി-''നമുക്കൊരു എളിമയുള്ള പാപ്പയെ ലഭിച്ചിരിക്കുന്നു.''

എളിമ ക്രിസ്തുവിനെ അനുഗമിക്കുന്നതിന്റെ പുണ്യമാണെന്ന് സ്ഥാനത്യാഗം ചെയ്ത ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ പറഞ്ഞിട്ടുണ്ട്. ആ വാക്കുകള്‍ പരിഗണിച്ചാല്‍, ഏറെ പുണ്യം നിറഞ്ഞ ജീവീതത്തിനുടമയാണ് അര്‍ജന്റീനയില്‍നിന്നുള്ള ഫ്രാന്‍സിസ് പാപ്പ.

സാധാരണക്കാരനായി ജനിച്ച്, സാധാരണക്കാര്‍ക്കൊപ്പം ജീവിക്കാന്‍ ഇഷ്ടപ്പെടുന്ന പാവപ്പെട്ടവന്റെ പാപ്പ. ആര്‍ച്ച് ബിഷപ്പുമാര്‍ക്കുള്ള ആഡംബര വസതി ഉപേക്ഷിച്ചും സാധാരണക്കാരെപ്പോലെ ബസ്സില്‍ സഞ്ചരിച്ചും സ്വയം ഭക്ഷണം പാകംചെയ്തുകഴിച്ചും എളിമയുടെ പുണ്യവും പരിമളവും ആവോളം പകര്‍ന്നുകൊടുക്കുകയും ചെയ്തു.

മാധ്യമങ്ങള്‍ക്കു മുമ്പില്‍ അല്‍പം ലജ്ജാലുവാകാറുള്ള ഫ്രാന്‍സിസ് പാപ്പ പക്ഷേ, ശരിതെറ്റുകള്‍ വിവേചിച്ചറിയാനുള്ള ശക്തമായ ധാര്‍മിക ബോധമുള്ള, ദൈവശാസ്ത്രപരമായി യാഥാസ്ഥിതികത പുലര്‍ത്തുന്ന വ്യക്തിത്വത്തിന് ഉടമയാണ്. അതുകൊണ്ടുതന്നെയാണ്, മാതൃരാജ്യത്തും ലാറ്റിനമേരിക്കയുടെ പല ഭാഗങ്ങളിലും നിലനില്‍ക്കുന്ന സാമൂഹിക അസമത്വം അദ്ദേഹത്തെ അസന്തുഷ്ടനാക്കുന്നതും.
1936 ഡിസംബര്‍ 17 ന് അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സില്‍ റെയില്‍വേ തൊഴിലാളിയായ മരിയോ ജോസ്

ബെര്‍ഗോളിയോയുടെയും സാധാരണക്കാരിയായ വീട്ടമ്മ മരിയ സിവോറിയയുടെയും അഞ്ചുമക്കളില്‍ ഒരാളായാണ് ജനിക്കുന്നത്. ഇറ്റലിയില്‍നിന്നു കുടിയേറിയ ഒരു മധ്യവര്‍ഗ കുടുംബമായിരുന്നു ഫ്രാന്‍സിസ് പാപ്പയുടേത്. സാധാരണ കുടുംബത്തില്‍ ജനിച്ച്, അവരുടെ പ്രശ്‌നങ്ങള്‍ കണ്ടറിഞ്ഞും ഇടപഴകിയും വളര്‍ന്നതിനാല്‍ താഴേക്കിടയിലുള്ളവര്‍ക്ക് അദ്ദേഹം പ്രത്യേകം പരിഗണന നല്‍കിയിരുന്നു.

എല്ലായ്‌പ്പോഴും ശാന്തനും പ്രസന്നവദനനുമാണെന്നുള്ളതാണ് അദ്ദേഹത്തിന്റെ പ്രത്യേകതകളിലൊന്ന്. അണുബാധയെത്തുടര്‍ന്ന് ശ്വാസകോശങ്ങളിലൊന്ന് നീക്കം ചെയ്ത് പത്തുവര്‍ഷത്തിനുശേഷം 32-ാം വയസ്സിലാണ് അദ്ദേഹം വൈദികപട്ടമേറ്റെടുക്കുന്നത്. താമസിച്ചാണ് പുരോഹിതപദവിയിലേക്കെത്തിയതെങ്കിലും നാല് വര്‍ഷത്തിനുള്ളില്‍ അര്‍ജന്റീനയിലെ ജസ്യൂട്ട് സഭയുടെ പ്രൊവിന്‍ഷ്യലായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. 1973 മുതല്‍ 79 വരെ പ്രൊവിന്‍ഷ്യന്‍ സ്ഥാനം അലങ്കരിച്ചു. 1992-ല്‍ ബ്യൂണസ് അയേഴ്‌സിലെ സഹായ മെത്രാനും 98-ല്‍ ആര്‍ച്ച് ബിഷപ്പുമായി തിരഞ്ഞെടുക്കപ്പെട്ടു. 2001-ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ബെര്‍ഗോളിയോയെ കര്‍ദിനാള്‍ സ്ഥാനത്ത് അവരോധിച്ചു. കര്‍ദിനാള്‍ ആയി തിരഞ്ഞെടുക്കപ്പെട്ടശേഷം, തന്റെ മുന്‍ഗാമികള്‍ അനുഭവിച്ചുവന്നിരുന്ന പല സുഖസൗകര്യങ്ങളും അദ്ദേഹം ഉപേക്ഷിച്ചിരുന്നു. പ്രദേശത്തെ ചേരികള്‍ സന്ദര്‍ശിക്കുന്നതിലും അവരെ സഹായിക്കുന്നതിലും അദ്ദേഹം ഏറെ താത്പര്യം പ്രകടിപ്പിച്ചിരുന്നു. മാധ്യമങ്ങള്‍ക്ക് അദ്ദേഹം അഭിമുഖങ്ങള്‍ നല്‍കിയിരുന്നില്ല. പ്രസംഗവേദികളോടും ഭ്രമമില്ല. തനിക്കെതിരെ ഉന്നയിക്കുന്ന ആരോപണം തെറ്റാണെന്നു ബോധ്യമുണ്ടെങ്കില്‍പോലും വിമര്‍ശകരോട് അദ്ദേഹം ശണ്ഠകൂടാറില്ല.

ഫ്രാന്‍സിസ് പാപ്പയുടെ വിനയവും ഏറെ പ്രസിദ്ധമാണ്. 2001-ല്‍ കര്‍ദിനാളായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍, തനിക്കൊപ്പം ആഹ്ലാദം പങ്കിടാന്‍ റോമിലേക്ക് പറക്കാനൊരുങ്ങിയ നൂറുകണക്കിന് അര്‍ജന്റീനക്കാരെ തടഞ്ഞുകൊണ്ട് അദ്ദേഹം പറഞ്ഞത് ഇപ്രകാരമാണ്-''റോം യാത്രയ്ക്കു ചെലവാകുന്ന വിമാനക്കൂലി നിങ്ങള്‍ പാവങ്ങള്‍ക്ക് നല്‍കുക എന്ന്. അതായിരുന്നു അദ്ദേഹത്തിന്റെ സന്തോഷം.'' സാമ്പത്തികമാന്ദ്യം പിടിമുറുക്കിയ 2002-ല്‍ അര്‍ജന്റീനയിലെ സാധാരണക്കാര്‍ക്കുവേണ്ടി സര്‍ക്കാറിനും രാഷ്ട്രീയക്കാര്‍ക്കും എതിരെ അദ്ദേഹം പൊരുതി.

2005-ലെ കോണ്‍ക്ലേവില്‍ ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയ്ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്തിയിരുന്നെങ്കിലും ഇത്തവണ മാര്‍പാപ്പയാകാന്‍ സാധ്യതയുള്ളവരുടെ പട്ടികയില്‍ എഴുപത്താറുകാരനായ അദ്ദേഹത്തെ ആരുംതന്നെ അവരോധിച്ചിരുന്നില്ല. എന്നാല്‍, കഴിഞ്ഞ കോണ്‍ക്ലേവിനുശേഷം ചില വ്യാഖ്യാതാക്കള്‍ യൂറോപ്പില്‍നിന്നുള്ള അവസാന പാപ്പയാകും ബെനഡിക്ട് പതിനാറാമന്‍ എന്നും അടുത്ത തവണ ലാറ്റിന്‍ അമേരിക്കയില്‍നിന്നുള്ള ഒരാള്‍ സഭയെ നയിക്കാനുള്ള സാധ്യത ഏറെയാണെന്നും പ്രതികരിച്ചിരുന്നു.
സഭനേരിടുന്ന പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്ത, കോണ്‍ക്ലേവിനു മുമ്പുനടന്ന കര്‍ദിനാള്‍മാരുടെ കൂട്ടായ്മയില്‍ ഫ്രാന്‍സിസ് പാപ്പ എല്ലാവരിലും മതിപ്പുളവാക്കിയിരുന്നതായി ഒരു ഇറ്റാലിയന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.



MathrubhumiMatrimonial