
ജീവിതത്തെ ആത്മീയയാത്രയാക്കുക -ഫ്രാന്‍സിസ് പാപ്പ
Posted on: 14 Mar 2013
വത്തിക്കാന്‍: സ്‌നേഹത്തിലും സാഹോദര്യത്തിലും അധിഷ്ഠിതമായ ആത്മീയയാത്രയാക്കി മനുഷ്യജീവിതത്തെ മാറ്റണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ബുധനാഴ്ചരാത്രി പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടശേഷം സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ മട്ടുപ്പാവില്‍ 'ഊബി എത്ത് ഓര്‍ബി' എന്ന പ്രഥമസന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്ക ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്കുമുമ്പില്‍ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് ആശീര്‍വാദം ചൊരിയാന്‍ പാപ്പ എത്തിയത്.
കര്‍ദിനാള്‍മാരുടെ കോണ്‍ക്ലേവില്‍ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനുശേഷം ഒരുമണിക്കൂര്‍ കഴിഞ്ഞാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്ക ചത്വരത്തില്‍ തടിച്ചുകൂടിയ ആയിരക്കണക്കിന് വിശ്വാസികള്‍ക്കുമുമ്പില്‍ സ്ഥാനവസ്ത്രങ്ങളണിഞ്ഞ് ആശീര്‍വാദം ചൊരിയാന്‍ പാപ്പ എത്തിയത്.
പാപ്പയുടെ സന്ദേശം:
''സഹോദരീ സഹോദരന്മാരെ...
റോമിന് ഒരു പാപ്പയെ നല്‍കുക എന്നതാണ് കോണ്‍ക്ലേവിന്റെ ചുമതലയെന്ന് നിങ്ങള്‍ക്കെല്ലാവര്‍ക്കുമറിയാം. ലോകത്തിന്റെ എല്ലാഭാഗത്തുനിന്നും ഇവിടെയെത്തിയ എന്റെ സഹോദരന്മാരായ കര്‍ദിനാള്‍മാര്‍ക്ക് ആ കര്‍ത്തവ്യം നിര്‍വഹിക്കാന്‍ കഴിഞ്ഞു. ഇപ്പോള്‍ നമ്മളെല്ലാവരും ഇവിടെയുണ്ട്.
റോം അതിന്റെ പാപ്പയെ കണ്ടെത്തിയ ഈ തീരുമാനത്തെ നിങ്ങളെല്ലാവരും സ്വാഗതം ചെയ്യുന്നതായി ഞാന്‍ കരുതുന്നു, നന്ദി...
ആദ്യമായി പോപ്പ് എമരിറ്റസ് ബെനഡിക്ട് പതിനാറാമനുവേണ്ടി ഒരു പ്രാര്‍ഥന സമര്‍പ്പിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നമ്മള്‍ക്കെല്ലാവര്‍ക്കും ഒരുമിച്ച് അദ്ദേഹത്തിനുവേണ്ടി പ്രാര്‍ഥിക്കാം. ദൈവവും കന്യാമറിയവും അദ്ദേഹത്തെ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യട്ടെ.''
(തുടര്‍ന്ന് സ്വര്‍ഗസ്ഥനായ പിതാവേ, നന്മനിറഞ്ഞ മറിയമേ എന്ന പ്രാര്‍ഥന പോപ്പ് ചൊല്ലി).
''ഇപ്പോള്‍മുതല്‍ നമുക്കൊരുമിച്ച് ഒരു യാത്ര ആരംഭിക്കാം. റോമും പാപ്പയും ജനങ്ങളും ഒന്നിച്ചുള്ള യാത്ര... സ്‌നേഹത്തിലും സാഹോദര്യത്തിലും പരസ്പര വിശ്വാസത്തിലും അധിഷ്ഠിതമായ ആത്മീയജീവിതത്തിന്റെ യാത്രയിലേക്കാണ് നമുക്ക് ഒരുമിച്ച്ചരിക്കേണ്ടത്. അതിനായി നമുക്ക് പരസ്പരം പ്രാര്‍ഥിക്കാം. ഓരോരുത്തരും ഒറ്റയ്‌ക്കൊറ്റയ്ക്കായി ലോകംമുഴുവന്‍ പ്രാര്‍ഥിക്കട്ടെ, ആ വലിയസാഹോദര്യത്തിനായി. ഇന്ന് ആരംഭിക്കുന്ന ഈ യാത്രയില്‍ എന്നോടൊപ്പം ഇവിടെയുള്ള എന്റെ കര്‍ദിനാള്‍ വികാരി എന്നെ സഹായിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കട്ടെ.
ഇപ്പോള്‍ ഞാന്‍ നിങ്ങളെ ആശീര്‍വദിക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ ആദ്യം ഞാന്‍, നിങ്ങളെല്ലാവരും എന്നെ ആശീര്‍വദിക്കണമെന്നാണ് അപേക്ഷിക്കുന്നത്. എന്നെ അനുഗ്രഹിക്കാന്‍ നിങ്ങളെല്ലാവരും ദൈവത്തോട് പ്രാര്‍ഥിക്കുക... ഇത് അവരുടെ പാപ്പ ആവശ്യപ്പെടുന്ന ജനങ്ങളുടെ പ്രാര്‍ഥനയാണ്.''
(അല്പനേരം നമ്രശിരസ്‌കനായിനിന്ന പാപ്പയ്ക്കുവേണ്ടി സെന്റ് പീറ്റേഴ്‌സ് ചത്വരം തിങ്ങിനിറഞ്ഞ ജനാവലി മൗനപ്രാര്‍ഥന നടത്തി).
തുടര്‍ന്ന് തന്റെസന്ദേശം അവസാനിപ്പിച്ചുകൊണ്ട് പാപ്പ പറഞ്ഞു. ''ഇപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും ലോകത്തിനുമുഴുവനും ആശീര്‍വാദം നല്‍കുകയാണ്. എല്ലാ സ്ത്രീ-പുരുഷ സമൂഹത്തിനും സൗഖ്യം ഭവിക്കട്ടെ... നാളെ റോമിനെ സംരക്ഷിക്കുന്ന കന്യാമറിയത്തിനുവേണ്ടി എന്റെ പ്രാര്‍ഥന ഞാന്‍ സമര്‍പ്പിക്കും. ശുഭരാത്രി..., സുഖവിശ്രമം''.
തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ പൂര്‍ണ ദണ്ഡവിമോചനമുള്ള അപ്പസ്‌തോലിക ആശീര്‍വാദം നല്‍കി എല്ലാവിശ്വാസികളെയും അനുഗ്രഹിച്ചു.
