marpappa

വീണ്ടും 'ദൈവത്തിന്റെ കൈ'

Posted on: 14 Mar 2013

പി.ജെ. ജോസ്‌



അര്‍ജന്റീനക്കാരനായ ഒരു മാര്‍പാപ്പ തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ട്വിറ്ററില്‍ വന്ന ഒരു സന്ദേശം ഇങ്ങനെയാണ് - ''ദൈവത്തിന്റെ കൈ വീണ്ടും''. ഫുട്‌ബോള്‍ ഇതിഹാസം ഡീഗോ മാറഡോണയുടെ 1986 ലോകകപ്പിലെ ഗോളിനെ പരാമര്‍ശിച്ചായിരുന്നു ആ സന്ദേശം. അന്ന് ഇംഗ്ലണ്ടിനെതിരെ മാറഡോണ ഗോള്‍ നേടുമ്പോള്‍ പന്തില്‍ കൈ തൊട്ടിരുന്നു. അത് ദൈവത്തിന്റെ കൈ ആയിരുന്നു എന്നാണ് അര്‍ജന്റീന ക്യാപ്റ്റന്‍ അന്ന് പ്രതികരിച്ചത്. ഒരു അര്‍ജന്റീനക്കാരനുവേണ്ടി വീണ്ടും ദൈവം ഇടപെടുകയായിരുന്നു.
അര്‍ജന്റീനക്കാരുടെ (ലാറ്റിനമേരിക്കക്കാരുടെയും) ജീവവായുവാണ് ഫുട്‌ബോളും മതവും. ഒരു നാണയത്തിന്റെ രണ്ടുവശങ്ങള്‍. ഫുട്‌ബോള്‍ എന്നാല്‍ കറതീര്‍ന്ന ത്രസിപ്പിക്കുന്ന കാല്‍പ്പന്തുകളി. മതമെന്നാല്‍ റോമന്‍ കത്തോലിക്കാ സഭ.
ഫുട്‌ബോളില്‍ മറഡോണയെന്ന മാന്ത്രികനെ നല്‍കി കാല്‍നൂറ്റാണ്ടിനുമുമ്പേ അര്‍ജന്റീന ലോകത്തിനുമുന്നില്‍ തലയെടുപ്പോടെനിന്നു. ഇപ്പോള്‍ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് പാപ്പയെയും നല്‍കിയതോടെ അര്‍ജന്റീനയുടെ ശിരസ്സ് ഒന്നുകൂടി ഉയര്‍ന്നിരിക്കുന്നു.
ലോകഫുട്‌ബോളില്‍ അയല്‍ക്കാരായ ബ്രസീലിന്റെ അശ്വമേധത്തില്‍ അര്‍ജന്റീനയ്ക്ക് പകിട്ടു കുറഞ്ഞുപോയിരുന്നു. 1986-ല്‍, ഏതാണ്ട് ഒരു ഒറ്റയാള്‍ പോരാട്ടത്തിലൂടെ മറഡോണ ലോകകിരീടം അര്‍ജന്റീനയിലെത്തിച്ചു. അതോടെ ഓരോ അര്‍ജന്റീനക്കാരന്റെയും ആരാധ്യപുരുഷനായി കളിക്കളത്തിനകത്തെയും പുറത്തെയും ഈ നിഷേധി മാറി. ലോകത്തെ എക്കാലത്തെയും മികച്ച ഫുട്‌ബോളര്‍ ബ്രസീലുകാരനായ പെലെയാണോ അതോ മറഡോണയാണോ എന്ന ചോദ്യം ഇപ്പോഴും തുടരുന്നുണ്ട്. എങ്കിലും ഫുട്‌ബോളിലെ ജനകീയ ചക്രവര്‍ത്തിയായി മറഡോണ വാഴുകയാണ്.
എല്ലാ അര്‍ജന്റീനക്കാരെയും പോലെ പുതിയ പാപ്പയും ഫുട്‌ബോള്‍ ആരാധകനാണ്. അര്‍ജന്റീനയിലെ പ്രമുഖ ക്ലബുകളിലൊന്നായ സാന്‍ ലോറന്‍സോയുടെ കടുത്ത ആരാധകനായാണ് പുതിയ മാര്‍പാപ്പ അറിയപ്പെടുന്നത്. ടീമിന്റെ നേട്ടങ്ങളില്‍ അവരോടൊപ്പം ആഹ്ലാദിക്കുകയും തോല്‍വികളില്‍ അവരോടൊപ്പം സങ്കടപ്പെടുകയും ചെയ്യുന്ന ആരാധകന്‍. ക്ലബിന്റെ ഹോണററി അംഗവുമാണ് അദ്ദേഹം. ബ്യൂണസ് അയേഴ്‌സിലെ ആര്‍ച്ച് ബിഷപ്പായ അദ്ദേഹം സാന്‍ ലോറന്‍സ ക്ലബിന്റെ ആസ്ഥാനത്തിനടുത്താണ് താമസിച്ചിരുന്നത്.
കത്തോലിക്കാസഭയില്‍ ഇറ്റലിക്ക് പുറത്തുനിന്ന് ഒരു മാര്‍പാപ്പ അചിന്ത്യമെന്നു കരുതിയ കാലഘട്ടത്തിലാണ് പോളണ്ടുകാരനായ കര്‍ദിനാള്‍ കരോള്‍ വോയ്റ്റില, ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നത്. അദ്ദേഹത്തിനുപിന്നാലെ ജര്‍മന്‍കാരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്‌സിങര്‍, ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയായി സ്ഥാനമേറ്റു. ഇപ്പോള്‍ ലാറ്റിനമേരിക്കയില്‍നിന്നുള്ള കര്‍ദിനാള്‍ ജോര്‍ജ് മാരിയോ ബെര്‍ഗോളിയോ കത്തോലിക്കാ സഭയെ നയിക്കാന്‍ തിരിഞ്ഞെടുക്കപ്പെട്ടപ്പോള്‍ കാലചക്രത്തിന്റെ പന്ത് മറ്റൊരു ദിശയിലേക്ക് ഉരുളുകയാണ്. ലാറ്റിനമേരിക്കയില്‍ ഏറ്റവും കൂടുതല്‍ കത്തോലിക്കരുള്ള ബ്രസീലില്‍നിന്നല്ല അര്‍ജന്റീനയില്‍നിന്നാണ് പുതിയ പാപ്പയെന്നതും ശ്രദ്ധേയമാണ്.







MathrubhumiMatrimonial