marpappa

പ്രകാശപൂര്‍ണമായ താഴ്‌വരയിലേക്ക് ...

Posted on: 14 Mar 2013

ഡോ. ഡി. ബാബുപോള്‍




'ഹബേമൂസ് പാപ്പാം' -നമുക്ക് ഒരു പാപ്പയെ ലഭിച്ചിരിക്കുന്നു.പ്രശ്‌നങ്ങള്‍ നിര്‍വചിക്കാതെ പ്രശ്‌നപരിഹാരം നിര്‍വഹിക്കാനുള്ള മനുഷ്യനെ തിരഞ്ഞെടുത്തിരിക്കുന്നു എന്നാണ് ഈ പ്രഖ്യാപനം പൊരുള്‍ തിരിക്കേണ്ടത്. പ്രശ്‌നങ്ങള്‍ നിര്‍വചിക്കപ്പെടാവുന്നതല്ലല്ലോ, ഈ ഘട്ടത്തില്‍ പണ്ടേ അല്ല. ഇപ്പോള്‍ തീര്‍ത്തും അല്ല. എങ്കിലും പ്രശ്‌നപരിഹാര പ്രക്രിയയെ നയിക്കാന്‍ ഒരു നേതാവ് വേണം ആ നേതാവിനാണ് ഇനി ഭാരം.

സത്യം കാലാതിവര്‍ത്തിയാണ്. എന്നാല്‍, കാലാതിവര്‍ത്തിയായ സത്യം വിശ്വസ്തതയോടെ ആഹ്വാനം ചെയ്യുമ്പോള്‍ തന്നെ ആ സത്യത്തിന്റെ കാലാനുസൃതമായ വ്യാഖ്യാനത്തിലൂടെ സത്യത്തിന് അടിവരയിടുകയാണ് മാര്‍പാപ്പമാരുടെ അസൂയാവഹമല്ലാത്ത കര്‍ത്തവ്യം.

ഒരു പാപ്പയ്ക്കും മാറ്റാനാവാത്ത ചില വിശ്വാസസത്യങ്ങള്‍ ഉണ്ട്. യേശുക്രിസ്തു സത്യദൈവത്തിന്റെ ഏക പൂര്‍ണാവതാരമാണ് എന്ന കാര്യം മാറ്റത്തിന് വിധേയമല്ല. കന്യകാമറിയാം നിത്യകന്യകയാണെന്ന വിശ്വാസം അംഗീകരിക്കുന്ന കത്തോലിക്കാ - ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ക്ക് മറിച്ചുപറയുന്ന ഒരു സഭാതലവനെ സങ്കല്പിക്കാനാവുകയില്ല. ബൈബിളില്‍ ഒട്ടാകെ എത്ര പുസ്തകങ്ങള്‍ ഉണ്ട് എന്ന കാര്യത്തില്‍ പുതിയൊരു തീരുമാനം പ്രഖ്യാപിക്കാന്‍ ഒരപ്രമാദിത്വവരവും ശക്തി നല്‍കുന്നില്ല. ഇങ്ങനെ രണ്ടു മൂന്ന് സംഗതികള്‍ ചൂണ്ടിക്കിക്കുന്നത്. ഏത് പുതിയ പാപ്പയുടെയും കര്‍മമണ്ഡലത്തിന് പുറത്ത് സഭയുടെ ചില അടിസ്ഥാനപ്രമാണങ്ങള്‍ മാറ്റമില്ലാതെ തുടരുന്നു എന്ന് ഉറപ്പുവരുത്താന്‍ ബാധ്യതപ്പെട്ട വ്യക്തിയാണ് മാര്‍പാപ്പ എന്ന ആശയം വ്യക്തമാക്കാനാണ്.

മാര്‍പാപ്പയുടെ പദവി നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞതാണ്. ചക്രവര്‍ത്തി ക്രിസ്ത്യാനി ആകുന്നത് വരെ മാര്‍പാപ്പ, നിയമവിധേയമല്ലാത്ത ഒരു മതവിഭാഗത്തിന്റെ ത്യാഗധനനായ നേതാവ് മാത്രം ആയിരുന്നു. നാലാം നൂറ്റാണ്ടില്‍ ആ അവസ്ഥ മാറി. ശേഷം പതിനാറ് ശതകങ്ങള്‍ ഇരുളടഞ്ഞ ഇടനാഴികളിലും പ്രകാശപൂര്‍ണമായ താഴ്‌വരകളിലും കൂടെ സഭാ ചരിത്രം സഞ്ചരിച്ചു. ഇന്ന് ഭൗതികാധികാരം നാമമാത്രമായി ചുരുങ്ങിയിരിക്കുന്ന അവസ്ഥയിലും മാനവരാശിയുടെ ധര്‍മചിന്തയുടെ പ്രതീകവും പ്രതിരൂപവും ആയി മാര്‍പാപ്പ, മാറിയിരിക്കുന്നു.

സഭയെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ 'സഭാനൗക' എന്നാണ് പറയുക. ബെനഡിക്ടിന്റെ അവസ്ഥതന്നെ പേപ്പല്‍ വചസ്സുകളിലും പത്രോസിന്റെ നൗക എന്ന പരാമര്‍ശനം ഉണ്ടായിരുന്നു. കടലുമായി പരിചയം ഉള്ളവര്‍ക്കറിയാം, തീവണ്ടിയെ പോലെ പാളത്തിലൂടെയോ ബസ്സിനെ പോലെ സാങ്കേതിക പൂര്‍ണതയോടെ രൂപകല്പന ചെയ്യപ്പെടുന്ന റോഡുകളിലൂടെയോ അല്ല ഒരു നൗക ലക്ഷ്യസ്ഥാനത്തേക്ക് പ്രയാണം ചെയ്യുന്നത്. ഇടത്തോട്ടും വലത്തോട്ടും മാറിയും തിരയിളക്കത്തിന്റെ തോതനുസരിച്ച് പൊങ്ങുകയും താഴുകയും ചെയ്തുതുമാണ് നൗകയുടെ യാത്ര. പേപ്പസിയുടെ ചരിത്രം പരതിയപ്പോള്‍ ഈ ചാഞ്ചാട്ടങ്ങളുടെ ഉദാഹരണങ്ങള്‍ പലതുകണ്ടു.

ഒരു പുതിയ പാപ്പ സിംഹാസനാരൂഢനാകുന്നതോടെ ഇദ്ദേഹം എന്ത് ചെയ്യാന്‍ പോകുന്നു, ഇദ്ദേഹം എന്താണ് ചെയ്യേണ്ടത് തുടങ്ങിയ ചര്‍ച്ചകള്‍ ഉണ്ടാവുന്നു. മറ്റൊരു ജനനായകനെക്കുറിച്ചും ഇത്തരം ചര്‍ച്ചകള്‍ ഉണ്ടാകാറില്ല. ഒബാമ പ്രസിഡന്റായാല്‍ എന്തൊക്കെ ചെയ്യും എന്ന് നേരത്തേ പ്രഖ്യാപിക്കുമല്ലോ. ഇവിടെ ആരാണ് വരിക എന്ന് നിശ്ചയമില്ല. എത്ര പേരുകള്‍ അമ്മാനമാടിയിട്ടും കാര്യമില്ല. മടക്കയാത്രയ്ക്കുള്ള ടിക്കറ്റുമായി വന്നതാണ് ജോണ്‍ ഇരുപത്തിമൂന്നാമന്‍. പ്രതിനവീകരണത്തിനുശേഷം സഭ കണ്ട ഏറ്റവും വലിയ മാറ്റങ്ങള്‍ക്ക് വഴിമരുന്നിടാന്‍ ഈശ്വരന്‍ കണ്ട ആയുധമായിരുന്നു ആ വൃദ്ധന്‍ എന്ന് അദ്ദേഹം പോലും തിരിച്ചറിഞ്ഞിരുന്നില്ല.

ഒരു രോഗിയെയോ മറ്റോ കണ്ടിട്ട് തിരക്കിട്ട് ഓടിയെത്തി കോണ്‍ക്ലേവിന് മുദ്രവെക്കുന്നതിന് നിമിഷാര്‍ധം ബാക്കിനിലെ്ക്ക സിസ്റ്റൈന്‍ ചാപ്പലില്‍ എത്തിയ കമ്യൂണിസ്റ്റ് നാട്ടിലെ കര്‍ദിനാള്‍ വൊയ്റ്റില മൂന്ന് പതിറ്റാണ്ടാണ് മാര്‍പാപ്പയായി വാണത് - ജോണ്‍ പോള്‍ രണ്ടാമന്‍. അതുകൊണ്ട് പുതിയ ആള്‍ ആരാണ്, എന്ത് ചെയ്യും എങ്ങനെ ചെയ്യും എന്നൊക്കെ കാത്തിരുന്നു കാണുകയേ നിവൃത്തിയുള്ളൂ. ദൈവത്തിന്റെ കാവല്‍നായ - ഗോഡ്‌സ് റോട്ട്‌വീലര്‍ - ആകുമെന്ന് കരുതപ്പെട്ട റാറ്റ്‌സിംഗര്‍, ബനഡിക്ട് പതിനാറാമന്‍ ആയതോടെ എത്ര മാറി എന്നത് വര്‍ത്തമാനകാല ചരിത്രം ആണല്ലോ. അതുകൊണ്ട് ആളെയറിഞ്ഞാലും കാണാതെ അറിയാനാവാത്ത പൂരമാണ് പുതിയ പാപ്പ എന്ത്, എങ്ങനെ ചെയ്യും എന്നത്.

അതേസമയം, അദ്ദേഹം എന്താണ് ചെയ്യേണ്ടത് എന്ന ചര്‍ച്ച അത്യന്തം പ്രസക്തമാണ്. ലോകം ആദ്യം അന്വേഷിക്കാന്‍ പോകുന്നത് പുരോഹിതന്മാരുടെ ലൈംഗിക സദാചാരം സംബന്ധിച്ചാവും. ആ സൂചന ഉറപ്പിക്കുന്നതായി വോട്ടവകാശമുള്ള ഒരു കര്‍ദിനാളിന്റെ രാജി. അദ്ദേഹം പുരോഹിതന്മാര്‍ക്ക് നേരേ അവിശുദ്ധ നടപടികള്‍ക്ക് മുതിര്‍ന്നു എന്നായിരുന്നു ആരോപണം. അതാകട്ടെ, ഇപ്പോള്‍ പെട്ടെന്ന് മാനത്ത് നിന്ന് പൊട്ടിവീണതല്ലതാനും. എന്നാല്‍ പുതിയ പാപ്പയെ തിരഞ്ഞെടുക്കാന്‍ വേണ്ടി വോട്ട് രേഖപ്പെടുത്താന്‍ നില്ക്കാതെ പൊടുന്നനെ പടിയിറങ്ങുകയാണ് അദ്ദേഹം ചെയ്തത്. ആ ടൈമിങ്ങിലാണ് നാം സൂചന വായിച്ചെടുക്കുന്നത്.

പുരോഹിതന്മാരുടെ ബാലപീഡനം കുറേക്കാലമായി ഏറെ കുപ്രശസ്തി നേടി. സത്യത്തില്‍ പെഡോഫീലിയ എന്ന ബാലപീഡനത്തേക്കാള്‍ പെഡറാസ്റ്റി എന്ന കൗമാര പീഡനമാണ് മിക്കവരിലും ആരോപിതമായത്. ആള്‍ത്താര ബാലന്മാരായിരുന്നു മിക്ക ഇരകളും. സ്വവര്‍ഗാനുരാഗികളായിരുന്നതിനാല്‍ വിവാഹത്തില്‍ താത്പര്യം ഇല്ലാതിരുന്നവര്‍ ''എന്നാല്‍ പിന്നെ സെമിനാരിയില്‍ ചേരാം'' എന്ന് കരുതി കുപ്പായത്തില്‍ കയറിയതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഏമി ഇവാന്‍സിന്റെ 'ക്വിയര്‍ ആന്‍ഡ് കാത്തലിക്ക്' പാരായണക്ഷമമായ ഒരു കൃതിയാണ് എന്ന് പറഞ്ഞുനിര്‍ത്തുന്നു; ആ പുസ്തകം പുരോഹിതന്മാരുടെ സ്വവര്‍ഗാഭിമുഖ്യങ്ങളെക്കുറിച്ച് മാത്രം ഉള്ള പഠനം ഒന്നുമല്ലെങ്കിലും.

ബാലപീഡനം ആരോപിക്കപ്പെട്ട ഇടങ്ങളില്‍ മാര്‍പാപ്പ പരസ്യമായി ക്ഷമായാചനം ചെയ്തുകഴിഞ്ഞു. ഒളിച്ചുവെക്കാനല്ലെങ്കില്‍ മൂടിവെക്കാനെങ്കിലും ശ്രമിച്ചിട്ടുള്ള ബിഷപ്പുമാരെ പരസ്യമായി തള്ളിപറയുകയും ഇരകള്‍ക്ക് സാമ്പത്തികസഹായം ഉള്‍പ്പെടെ പുനരധിവാസത്തിന് വഴി തെളിക്കുകയും ചെയ്യണം എന്ന് പറയുന്നവരുണ്ടാകാം. സ്വന്തംരൂപതയില്‍ അങ്ങനെ ചെയ്ത ഒരു കര്‍ദിനാളിന്റെ പേരും സാധ്യതാപട്ടികയിലുണ്ട്.

ബോസ്മണിലെ സീന്‍ ഓമല്ല. ജീവിക്കുന്ന വിശുദ്ധന്‍ എന്ന് വിശേഷണം. എന്നാല്‍, ഒരു മാര്‍പാപ്പയ്ക്ക് 'ഊര്‍ബി എത് ഓര്‍ബി' എന്ന് പറയുമ്പോലെ എളുപ്പത്തില്‍ ചെയ്യാവുന്നതല്ല അത്.ലോക ജനസംഖ്യയില്‍ സ്വവര്‍ഗാനുരാഗികള്‍ അഗണ്യമായ ന്യൂനപക്ഷമാണ്; ഫ്രാന്‍സില്‍ പോലും. ലോകമെമ്പാടുമുള്ള റോമന്‍ കത്തോലിക്കാ പുരോഹിതന്‍മാരില്‍ സ്വവര്‍ഗാനുരാഗികളുടെ സാന്നിധ്യം അതിനേക്കാള്‍ അഗണ്യമാണ് ശതമാനമെടുത്താല്‍ എന്നാണ് കണക്കുകള്‍ തെളിയിച്ചിട്ടുള്ളത്. എന്നുവെച്ച് വിഷയം വിഷയമല്ലാതാകുന്നില്ല. ''അധികം ഏറ്റുവാങ്ങിയവനോട് അധികം ചോദിക്കും'' എന്ന് മുന്നറിയിച്ച നസ്രായന്റെ പേരില്‍ കുപ്പായം ഇട്ടവരാണ് വൈദികര്‍. അതുകൊണ്ട് പുതിയ മാര്‍പാപ്പ വ്യക്തമായ നിലപാട് പ്രഖ്യാപിക്കേണ്ടിവരും.





MathrubhumiMatrimonial