
പാപ്പ: രാഷ്ട്രത്തലവനും ആത്മീയാചാര്യനും
Posted on: 14 Mar 2013

കത്തോലിക്കാ സഭയുടെ പരമാധികാരിയായ മാര്‍പാപ്പ നേതൃത്വം നല്കുന്ന തിരഞ്ഞെടുക്കപ്പെട്ട പുരോഹിതവൃന്ദമായ തിരുസഭ (ഹോളി സീ) യാണ് വത്തിക്കാന്‍ സിറ്റിയുടെ ഭരണം കൈയാളുന്നത്. ലോകമാകമാനമുള്ള റോമന്‍ കത്തോലിക്കാ വിശ്വാസികളടക്കം സഭയോട് കൂറ് പുലര്‍ത്തുന്ന മുഴുവന്‍ വിശ്വാസി സമൂഹങ്ങളുടെ നേതൃസ്ഥാനത്തും വത്തിക്കാന്‍ സിറ്റിയുടെ നിയമനീതിന്യായ വ്യവസ്ഥയുടെ ചുക്കാന്‍ പിടിക്കുന്ന തിരുസഭയാണുള്ളത്.1929-ല്‍ ഇറ്റലി സര്‍ക്കാറുമായി തിരുസഭയുണ്ടാക്കിയ ലാറ്ററന്‍ കരാറിന്റെ അടിസ്ഥാനത്തിലാണ് സ്വയംഭരണാവകാശമുള്ള പരമാധികാര രാഷ്ട്രമായി മാറുന്നത്.
കത്തോലിക്കാ സഭയുടെ കേന്ദ്ര ഭരണ സംവിധാനമെന്ന നിലയില്‍ തിരുസഭയ്ക്ക് നിയമപരമായ വ്യക്തിത്വവും മറ്റു രാജ്യങ്ങളുമായി കരാറില്‍ ഏര്‍പ്പെടാനുള്ള അധികാരവുമുണ്ട്. മറ്റു രാജ്യങ്ങളിലേക്ക് പ്രതിനിധികളെ അയയ്ക്കാനും ആ രാജ്യങ്ങളിലെ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിക്കുന്നതിനും തിരുസഭയ്ക്ക് കഴിയും. 179 രാഷ്ട്രങ്ങളുമായി വത്തിക്കാന്‍ സിറ്റിക്ക് നയതന്ത്ര ബന്ധങ്ങളുണ്ട്. അന്തര്‍ദേശീയ നിയമങ്ങളും വത്തിക്കാനെ പരമാധികാര രാഷ്ട്രമായി അംഗീകരിച്ചിട്ടുണ്ട്. എന്നാല്‍ അന്താരാഷ്ട്ര ബന്ധങ്ങളില്‍ തിരുസഭ നേരിട്ട് അഭിപ്രായപ്രകടനങ്ങള്‍ നടത്താറാണ് പതിവ്. ഇക്കാരണം കൊണ്ടുതന്നെ മറ്റു രാജ്യങ്ങളിലേക്ക് സ്വന്തം പ്രതിനിധികളെ അയയ്ക്കുന്നതിനോ ആ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളെ വത്തിക്കാനില്‍ പ്രവര്‍ത്തിക്കുന്നതിനോ സഭ ഇക്കാലംവരെ നടപടി സ്വീകരിച്ചിട്ടില്ല.
'റോമന്‍ കൂരിയ' എന്നറിയപ്പെടുന്ന വത്തിക്കാന്‍ സിറ്റിയുടെ നിയമനീതിന്യായ ഭരണസംവിധാനം മുഴുവന്‍ കേന്ദ്രീകരിച്ചിരിക്കുന്നത് മാര്‍പാപ്പയുടെ പരമാധികാരത്തിലാണ്. ആഭ്യന്തര ഭരണക്രമം ചിട്ടപ്പെടുത്തുന്നതിനായി നിരവധി ഭരണ സംവിധാനങ്ങളും വത്തിക്കാനില്‍ ഒരുക്കിയിട്ടുണ്ട്. പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ വത്തിക്കാന്‍ സിറ്റി സ്റ്റേറ്റ് എന്ന പേരില്‍ നിയമനിര്‍മാണ സഭയും മാര്‍പാപ്പ രൂപവത്കരിച്ചിട്ടുണ്ട്. 1939-ല്‍ പീയൂസ് പന്ത്രണ്ടാമന്‍ മാര്‍പാപ്പയാണ് ഇതിന് നടപടി സ്വീകരിച്ചത്.
അഞ്ചു വര്‍ഷ കാലാവധിയുള്ള ഏഴ് കര്‍ദിനാള്‍മാര്‍ക്കാണ് പൊന്തിഫിക്കല്‍ കമ്മീഷന്റെ ചുമതല. കമ്മീഷന്‍ പാസാക്കുന്ന നിയമവ്യവസ്ഥകള്‍ മാര്‍പാപ്പയുടെ അനുമതിയോടെ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ്കൂടി അംഗീകരിച്ച ശേഷമാണ് നിയമമായി മാറുന്നത്.
മാര്‍പാപ്പ നിയോഗിക്കുന്ന വത്തിക്കാന്‍ സിറ്റിയുടെ ഭരണത്തലവനാണ് പൊന്തിഫിക്കല്‍ കമ്മീഷന്റെയും പ്രസിഡന്റായി അവരോധിക്കപ്പെടുന്നത്. പ്രസിഡന്റിനെ സഹായിക്കാന്‍ സെക്രട്ടറി ജനറല്‍, വൈസ് സെക്രട്ടറി ജനറല്‍ എന്നീ തസ്തികകളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഓരോരുത്തര്‍ക്കും അഞ്ചു വര്‍ഷ കാലാവധിയാണ് അനുവദിക്കപ്പെട്ടിരിക്കുന്നത്. പ്രസിഡന്റിന്റെ തീരുമാനങ്ങള്‍ കമ്മീഷന്റെ അനുമതിയോടുകൂടി മാത്രമേ നടപ്പാക്കാനാവൂ. മറ്റെല്ലാ ഭരണസംവിധാനങ്ങളും വത്തിക്കാന്‍ സിറ്റി ഗവര്‍ണറേറ്റിന് കീഴിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
വാര്‍ത്താവിനിമയം, ആഭ്യന്തര സുരക്ഷ, അഗ്‌നിരക്ഷാപ്രവര്‍ത്തനങ്ങള്‍, വത്തിക്കാന്‍ മ്യൂസിയങ്ങള്‍, കോര്‍വോ ഡെല്ല ജെണ്ടര്‍മേറിയ എന്ന സംസ്ഥാന പോലീസ് സംവിധാനം എന്നിവയും ഇതിലുള്‍പ്പെടുന്നു. എന്നാല്‍ പൊന്തിഫിക്കല്‍ സ്വിസ്ഗാര്‍ഡ് എന്ന ഒരു സുരക്ഷാ വിഭാഗത്തിന്റെ ചുമതല തിരുസഭ നേരിട്ടാണ് ഏറ്റെടുത്തിരിക്കുന്നത്.
ഭരണസംവിധാനം
വത്തിക്കാന്‍ സിറ്റി സംസ്ഥാനത്തിന്റെ ഭരണഘടനാ തലവനും നിയമപരമായ പരമാധികാരിയും മാര്‍പാപ്പയാണ്. അദ്ദേഹം നിയമിക്കുന്ന പൊന്തിഫിക്കല്‍ കമ്മീഷന്‍ പ്രസിഡന്റാണ് വത്തിക്കാന്റെയും ഭരണത്തലവന്‍. അഞ്ചുവര്‍ഷ കാലാവധിയില്‍ പാപ്പ നിയോഗിക്കുന്ന പ്രസിഡന്റിനെ തിരുസഭയ്‌ക്കോ മാര്‍പാപ്പയ്‌ക്കോ എപ്പോള്‍ വേണമെങ്കിലും നീക്കം ചെയ്യാനുമാവും. മാര്‍പാപ്പയുടെ ഉപദേശക സമിതിയായ സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റിന് എല്ലാ പ്രധാന വിഷയങ്ങളിലും റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള ചുമതലയും പ്രസിഡന്റില്‍ നിക്ഷിപ്തമാണ്. വത്തിക്കാന്‍ നേരിട്ട് വിദേശകാര്യ ബന്ധങ്ങളിലേര്‍പ്പെടുന്നില്ല. അന്താരാഷ്ട്ര ബന്ധങ്ങളുടെ ചുമതല തിരുസഭയ്ക്കാണ്.
നിയമനിര്‍മാണ സഭ
നയരൂപവത്കരണം, നിയമ നിര്‍മാണം എന്നീ ചുമതലകള്‍ പാപ്പ നിയോഗിച്ച പൊന്തിഫിക്കല്‍ കമ്മീഷന്‍ ഫോര്‍ വത്തിക്കാന്‍ സിറ്റി എന്ന സംവിധാനത്തില്‍ നിക്ഷിപ്തമാണ്. സെക്രട്ടേറിയറ്റ് ഓഫ് സ്റ്റേറ്റ് വഴി സുപ്രീം പൊന്തിഫിക്കിന്റെ അംഗീകാരവും നേടിയ ശേഷമേ ഈ നിയമങ്ങള്‍ പ്രാബല്യത്തിലാവുകയുള്ളൂ. വത്തിക്കാന്‍ ഭരണസംവിധാനത്തിന്റെ വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന ആക്ട് അപ്പസ്‌തോലിക്ക സെഡീസില്‍ ഇറ്റാലിയന്‍ ഭാഷയില്‍ ഇവ പ്രസിദ്ധീകരിക്കുകയും വേണം. നിയമനിര്‍മാണത്തിന് മുമ്പ് കൗണ്‍സിലേഴ്‌സ് ഓഫ് സ്റ്റേറ്റ്‌സിന്റെ ഉപദേശവും തേടണമെന്ന് വ്യവസ്ഥയുണ്ട്.
കോടതിയും ശിക്ഷയും
ഇറ്റാലിയന്‍ സര്‍ക്കാറില്‍ നിന്ന് വ്യത്യസ്തമാണ് വത്തിക്കാന്റെ കോടതിയും ശിക്ഷാരീതികളും. പോക്കറ്റടി തുടങ്ങിയ ചെറിയ കുറ്റങ്ങളുടെ ശിക്ഷ മാത്രമേ വത്തിക്കാന്‍ നടപ്പാക്കാറുള്ളൂ. ക്രിമിനല്‍ സ്വഭാവമുള്ള കുറ്റങ്ങള്‍ക്ക് ഇറ്റലിയുടെ കോടതികളാണ് ശിക്ഷ നല്‍കുന്നത്. സുപ്രീം ട്രൈബ്യൂണല്‍ ഓഫ് അപ്പസ്‌തോലിക് സിഗ്‌നേച്യുറ എന്ന സംവിധാനമാണ് മാര്‍പാപ്പയുടെ നീതിന്യായ വ്യവസ്ഥ കൈകാര്യം ചെയ്യുന്നത്.
ഉന്നത നീതിപീഠമായി കരുതപ്പെടുന്ന മാര്‍പാപ്പയെ സഹായിക്കാന്‍ വത്തിക്കാന്‍ സിറ്റി കോടതിയുടെ പ്രസിഡന്റ്, റോമന്‍ റോട്ട ഡീന്‍ എന്നിവരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. എന്നിരുന്നാലും ഭൂരിഭാഗം കുറ്റങ്ങളും ഇറ്റാലിയന്‍ കോടതികളാണ് കൈകാര്യം ചെയ്യുന്നത്. ഇറ്റലി സര്‍ക്കാറുമായി വത്തിക്കാന് ഇതിനുള്ള കരാറുണ്ട്.
ചുരുങ്ങിയ കാലത്തെ തടവിനുള്ള പ്രത്യേക സെല്ലുകളൊഴിച്ച് വത്തിക്കാനില്‍ ജയില്‍ സംവിധാനമില്ല. ഗുരുതരമായ കുറ്റങ്ങള്‍ക്കുള്ള ശിക്ഷ വിധിക്കുന്നതും തടവില്‍ പാര്‍പ്പിക്കുന്നതും ഇറ്റലിയിലാണ്. ഇറ്റലിയിലെ കോടതികളിലും ജയിലുകളിലും ഇതിനുള്ള സംവിധാനങ്ങളുമേര്‍പ്പെടുത്തിയിട്ടുണ്ട്. നടപടികള്‍ക്കുള്ള ചെലവ് വത്തിക്കാന്‍ വഹിക്കും.
