githadharsanam

ഗീതാദര്‍ശനം - 172

Posted on: 12 Mar 2009


ശ്രീഭഗവാനുവാച-
അനാശ്രിതഃ കര്‍മഫലം
കാര്യം കര്‍മ കരോതി യഃ
സ സന്ന്യാസീ ച യോഗീ ച
ന നിരഗ്‌നിര്‍ന്നചാക്രിയഃ

ശ്രീഭഗവാന്‍ പറഞ്ഞു-
കര്‍മഫലത്തെ ആശ്രയിക്കാതെ കര്‍ത്തവ്യകര്‍മങ്ങളെ ആര്‍ ചെയ്യുന്നുവോ അവന്‍ സംന്യാസിയും യോഗിയും ആകുന്നു. (അല്ലാതെ) ആചാരാനുഷ്ഠാനങ്ങളെയോ (അഗ്‌നനിയെയോ) (പ്രാണ) കര്‍മങ്ങളെയോ ഉപേക്ഷിച്ചതുകൊണ്ട് ആരും സംന്യാസിയും യോഗിയുമൊന്നും ആവില്ല.
സംന്യാസമെന്നാല്‍ പരിത്യാഗം. യോഗമെന്നാല്‍ ചിത്തസമാധാനം. ഫലേച്ഛയില്ലാതെ വിഹിതകര്‍മങ്ങള്‍ ചെയ്യുന്നവന് ഈ രണ്ട് ഗുണങ്ങളുമുണ്ടാകുന്നു. അല്ലാതെ ഒരു കര്‍മവും ചെയ്യാതിരിക്കുന്നതുകൊണ്ടുമാത്രം ആരും സംന്യാസിയോ യോഗിയോ ആകില്ല. സംസാരദുഃഖത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഗംഗാനദിക്കരയില്‍ ചെന്ന് ഏകാകിയായി ഇരിക്കുന്ന 'അലസവ്രതന്‍' ഗംഗയില്‍ കിടക്കുന്ന കല്‍ത്തുണ്ടിനേക്കാള്‍ ഒട്ടും മേലെയല്ല എന്ന് ചിന്മയാനന്ദസ്വാമികള്‍ ഈ സന്ദര്‍ഭത്തില്‍ ചൂണ്ടിക്കാണിക്കുന്നു.കാര്യം നേരെയാവാന്‍ രണ്ട് നിബന്ധനകളാണ് ഉള്ളത്: 1. കര്‍ത്തവ്യകര്‍മങ്ങളെല്ലാം യഥാവിധി ചെയ്യുക 2. ഒരു കര്‍മത്തിന്റെയും ഫലത്തില്‍ ആസക്തി ഇല്ലാതിരിക്കുക.
ഒരാള്‍തന്നെ ഒരേസമയം സംന്യാസിയും (കര്‍മത്തെ ഉപേക്ഷിച്ചവന്‍) യോഗിയും (കര്‍മം അനുഷ്ഠിക്കുന്നവന്‍) ആയിരിക്കുന്നു എന്നു പറഞ്ഞതിലെ പ്രത്യക്ഷവൈരുദ്ധ്യത്തിന്റെ കുരുക്കഴിക്കുകയാണ് ഇനി:

(തുടരും)



MathrubhumiMatrimonial