
ഗീതാദര്‍ശനം - 146
Posted on: 13 Feb 2009
സി. രാധാകൃഷ്ണന്‍
കര്‍മസംന്യാസയോഗം
ജ്ഞേയ സ നിത്യസന്ന്യാസീ
യോ ന ദ്വേഷ്ടി ന കാംക്ഷതി
നിര്‍ദ്വന്ദ്വോ ഹി മഹാബാഹോ
സുഖം ബന്ധാത് പ്രമുച്യതേ
മഹാബാഹുവായ അര്‍ജുനാ, ഏതൊരുവന്‍ ഒന്നിനെയും ദ്വേഷിക്കുന്നില്ലയോ, ഒന്നും ആഗ്രഹിക്കുന്നുമില്ലയോ അവന്‍ നിത്യസന്ന്യാസിയാണെന്നറിയുക. എവ്വിധമെന്നാല്‍, ദ്വന്ദ്വങ്ങളില്ലാത്തവന്‍ (ഇഷ്ടാനിഷ്ടങ്ങള്‍ എന്നു തുടങ്ങിയ വൈരുദ്ധ്യങ്ങള്‍ക്ക് അടിമപ്പെടാത്ത ആള്‍) കെട്ടുപാടുകളില്‍നിന്ന് സസുഖം മോചിതനാവുന്നു.
മുന്‍പദ്യത്തിലെ ആശയം കൂടുതല്‍ വിശദമാക്കുന്നു: ഏറ്റവും ഉത്കൃഷ്ടമായ സന്ന്യാസം എവ്വിധമാണ്? രാഗദ്വേഷങ്ങള്‍ തീര്‍ത്തും ഇല്ലായ്മയാണത്. (അല്ലാതെ സമൂഹത്തില്‍ സന്ന്യാസിയായി അറിയപ്പെടലോ വേഷഭൂഷകളോ ചിട്ടവട്ടങ്ങളോ ഒരു ജോലിയും ചെയ്യാതെ ഏതെങ്കിലും ആശ്രമത്തില്‍ ചമ്രംപടിഞ്ഞ് ഇരിക്കലോ അല്ല. 'ഉദരനിമിത്തം ബഹുകൃതവേഷം' എന്നിടംവരെ സന്ന്യാസത്തിന് അപചയം വരാം!) പ്രവൃത്തികള്‍ ചെയ്യുന്നുവോ ഇല്ലയോ എന്നതല്ല, ചെയ്യുമ്പോഴും ചെയ്യാതിരിക്കുമ്പോഴുമുള്ള മനോഭാവമാണ് പ്രധാനം. എന്തുകൊണ്ടെന്നാല്‍, ദ്വന്ദ്വങ്ങളെ മറികടന്നവനു മാത്രമേ ബന്ധനങ്ങളില്‍നിന്ന് മോചനം സുഖകരമായിരിക്കൂ. എന്നാലോ, നിഷ്‌കാമനായി കര്‍മനിരതനായാല്‍ ദ്വന്ദ്വങ്ങളെ മറികടക്കാനുള്ള പരിശീലനം ലഭിച്ചുകൊണ്ടേയിരിക്കുമെന്നു മാത്രമല്ല ജന്മസിദ്ധങ്ങളായ യജ്ഞങ്ങള്‍ക്ക് വിഘ്‌നം വരികയുമില്ല. ധൈര്യസമേതം ഒഴുക്കിലേക്കിറങ്ങിയാല്‍ പലതുണ്ട് കാര്യം: ഒഴുക്കിനെതിരെ നീന്താന്‍ പഠിയും, മറുകരയിലെ നിശ്ചിതലക്ഷ്യത്തിലെത്താം, കുളിച്ചു ശുദ്ധമായി വെള്ളത്തില്‍നിന്നു കയറുകയുമാവാം!
(തുടരും)





