
ഗീതാദര്‍ശനം - 129
Posted on: 28 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
അപാനേ ജുഹ്വതി പ്രാണം
പ്രാണേ f പാനം തഥാപരേ
പ്രാണാപാനഗതീ രുദ്ധ്വാ
പ്രാണായാമപരായണാഃ
പ്രാണായാമതത്പരരായ ചിലര്‍ പ്രാണാപാനന്മാരുടെ ഗതി നിയന്ത്രിച്ചിട്ട് പ്രാണനെ അപാനനിലും അപാനനെ പ്രാണനിലും ആഹുതി ചെയ്യുന്നു.
അഷ്ടാംഗയോഗത്തിലും ഹഠയോഗത്തിലും പറയുന്ന പ്രാണായാമം ആ സാധനാക്രമങ്ങളിലെ ഒരു പ്രത്യേക ഇനമാണ്. പ്രാണനെ (ശ്വാസത്തെ) ഉള്ളിലേക്കു വലിക്കുക (പൂരകം), ഉള്ളില്‍നിര്‍ത്തുക (കംഭകം), നിശ്ശേഷം പുറത്താക്കുക (രേചകം) എന്നിവയുടെ നിയാമകരീതിയിലുള്ള ആവര്‍ത്തനത്തിലൂടെ സിദ്ധികള്‍ വശത്താക്കുകയാണ് അതിന്റെ ലക്ഷ്യം. ഗീതയാകട്ടെ പ്രാണായാമത്തെ മറ്റൊന്നിനാണ് മാര്‍ഗമാക്കുന്നത്. ഇവിടെ ഇതിലെ ധ്യാനം വേറെയാണ്. 'സമ്പൂര്‍ണമായ സച്ചിദാനന്ദം തന്നെയാണ് ഞാന്‍' എന്ന ബോധം ഉള്ളിലേക്ക് കയറ്റി നിറയ്ക്കലാണ് പൂരകം. ആ ബോധത്തെ അവിടെ സ്ഥിരമാക്കി നിര്‍ത്തുന്നത് കംഭകം. പ്രപഞ്ചാനുഭവം അവിദ്യയാകയാല്‍ അതിലുണ്ടാകുന്ന എല്ലാ ഭ്രമങ്ങളെയും മുഴുവനായി പുറന്തള്ളുന്നത് രേചകം. സമാന്തരമായി മറ്റൊന്നുകൂടി നടത്തണം. ഇന്ദ്രിയചോദനകളെ, അവ നമ്മില്‍ ഉണര്‍ത്തുന്ന കര്‍മചോദനകളിലും ആ കര്‍മചോദനകളെ അവയ്ക്കുപിമ്പേ വീണ്ടും മനസ്സിലേക്കു വരുന്ന ഇന്ദ്രിയചോദനകളിലും ഹോമിച്ചുകൊണ്ടേ ഇരിക്കുക. നീക്കിബാക്കി ഒന്നും ഉണ്ടാകാതിരിക്കട്ടെ. അപ്പോള്‍ അകം തെളിയും. ഉള്ളം ശുദ്ധവും സ്വച്ഛവുമാകുമ്പോള്‍ ആത്മസ്വരൂപം പ്രത്യക്ഷമാകാന്‍ തുടങ്ങും.
(തുടരും)





