
ഗീതാദര്‍ശനം - 125
Posted on: 23 Jan 2009
സി. രാധാകൃഷ്ണന്‍
ജ്ഞാനകര്‍മ സംന്യാസയോഗം
ദൈവമേവാപരേ യജ്ഞം
യോഗിനഃ പര്യുപാസതേ
ബ്രഹ്മാഗ്‌നനാവപരേ യജ്ഞം
യജ്ഞേനൈവോപജുഹ്വതി
മറ്റു ചില യോഗികള്‍ ഇന്ദ്രാദി ദേവന്മാരെ ഉദ്ദേശിച്ചുതന്നെ യജ്ഞത്തെ ശ്രദ്ധയോടെ ആചരിക്കുന്നു. വേറെ ചിലര്‍ യജ്ഞംകൊണ്ടുതന്നെ യജ്ഞത്തെ ബ്രഹ്മമാകുന്ന അഗ്‌നനിയില്‍ ഹോമിക്കുന്നു.
ദേവശബ്ദം പ്രകാശിപ്പിക്കുക എന്നര്‍ഥമുള്ള ധാതുവില്‍നിന്ന് ഉണ്ടായതാണ്. വ്യക്തിനിഷ്ഠമായി പറഞ്ഞാല്‍ മനുഷ്യന് ഏറ്റവും വലിയ ദേവന്മാര്‍ പഞ്ചേന്ദ്രിയങ്ങളാണ്. ശബ്ദസ്പര്‍ശാദികളെ അതത് ഇന്ദ്രിയങ്ങള്‍ പ്രകാശിപ്പിക്കുന്നുവല്ലോ. യജ്ഞഭാവനയുള്ളവര്‍ ഇന്ദ്രിയസംവേദനങ്ങളെ കാണുന്നത് ഭൗതികലോകം ഇന്ദ്രിയദേവന്മാര്‍ക്ക് അര്‍പ്പിക്കുന്ന നിവേദ്യമായാണ്. ഈ സമീപനം ശീലിച്ചാല്‍ നിസ്സംഗത കൈവരുന്നു. സംവേദനത്തിന്റെ സ്വഭാവം എവ്വിധമായാലും അകമേ ശാന്തി നിലനിര്‍ത്താന്‍ കഴിവുമുണ്ടാകുന്നു. ക്രമേണ, ഈശ്വരേച്ഛയനുസരിച്ച് പ്രവര്‍ത്തിക്കാന്‍ മാത്രമായി നിര്‍മിതമായ ഉപകരണങ്ങളായി തങ്ങളെ കാണാന്‍ കഴിയുകയും ജീവിതംതന്നെ യജ്ഞം (ഈശ്വരാരാധനാരൂപമായ കര്‍മം) ആവുകയും ചെയ്യുന്നു. യജ്ഞം എന്ന ആശയത്തെത്തന്നെ ഒരു യജ്ഞമാക്കുകയാണ് മറ്റു ചിലര്‍ ചെയ്യുന്നത്. അതായത്, ലക്ഷ്യവും മാര്‍ഗവും തമ്മിലുള്ള അതിസൂക്ഷ്മമായ ഭിന്നതയെപ്പോലും ഇല്ലായ്മ ചെയ്യുന്നു. ഇതുമുതല്‍ 32-ാമത് ശ്ലോകംവരെ, വൈദികമതത്തിലെ യജ്ഞസങ്കല്പവും പരിപൂര്‍ണജ്ഞാനനിധികളായ ബ്രഹ്മജ്ഞര്‍ മനസ്സിലാക്കുന്ന യജ്ഞസ്വഭാവവും തമ്മിലുള്ള അന്തരം കാണിക്കുകയാണ്. അത് വിസ്തരിക്കാന്‍ നിരവധി പുതിയതരം യജ്ഞങ്ങള്‍ വിവരിക്കപ്പെടുന്നു.
(സൂര്യന്‍ മുതല്‍ പഞ്ചഭൂതങ്ങള്‍വരെയും ഗ്രഹങ്ങള്‍ മുതല്‍ ഉല്‍ക്കകള്‍വരെയുമുള്ള ഉരുവങ്ങളെയും കാറ്റും മഴയും മഞ്ഞുമുള്‍പ്പെടെയുള്ള പ്രതിഭാസങ്ങളെയും ദൈവങ്ങളായി ആരാധിക്കുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വസ്തുക്കള്‍ അവയ്ക്ക് അഗ്‌നനിയിലൂടെ നല്കുകയും ചെയ്യുന്ന പ്രാകൃതാചാരവും പ്രകൃതിപ്രതിഭാസങ്ങളെ തങ്ങളുടെ ഉള്ളില്‍ത്തന്നെ കണ്ട് അവയുമായി ഏകത്വഭാവം കൈവരിക്കാനുള്ള (യഥാര്‍ഥ)യജ്ഞമെന്ന പരിശ്രമവും കൂടിക്കുഴഞ്ഞ് കാലംകൊണ്ട് പ്രാകൃതാചാരം തത്ത്വാധിഷ്ഠിതചര്യയെ നിഷ്പ്രഭവും നിഷ്‌കാസിതവുമാക്കിയതായി കരുതാം. കാലാന്തരത്തില്‍ നഷ്ടപ്പെട്ടതിന്റെ പുനഃസ്ഥാപനംതന്നെ ഇവിടെയും ഗീതോദ്ദേശ്യം.)
(തുടരും)





