githadharsanam

ഗീതാദര്‍ശനം - 108

Posted on: 06 Jan 2009

സി. രാധാകൃഷ്ണന്‍



ജ്ഞാനകര്‍മ സംന്യാസയോഗം


പരിത്രാണായ സാധൂനാം
വിനാശായ ച ദുഷ്‌കൃ താം
ധര്‍മസംസ്ഥാപനാര്‍ത്ഥായ
സംഭവാമി യുഗേ യുഗേ

പ്രകൃത്യനുസാരമായതിനെയൊക്കെ സംരക്ഷിക്കുന്നതിനും അതിനു വിപരീതമായതിനെ നശിപ്പിക്കാനും അങ്ങനെ ധര്‍മത്തെ പുനഃസ്ഥാപിക്കാനുമായി കാലാകാലങ്ങളില്‍ ഞാന്‍ അവതരിക്കുന്നു.
(വെളിപാടായി കിട്ടുന്ന ഭൗതിക അറിവുകളെപ്പോലും പ്രകൃതിവിരുദ്ധമായി ഉപയോഗിക്കുന്നതിനെതിരെയും അറിവിന്റെ അവതാരം വേണ്ടിവരുന്നു. അതാണ് ഭഗവദ്ഗീത.)

പൂര്‍ണമായ അറിവാണ് ഈശ്വരന്‍ എങ്കില്‍ ആ ഈശ്വരന്റെ നിയന്ത്രണത്തില്‍പ്പെടാതെ 'അസാധുക്കള്‍' പ്രപഞ്ചത്തിലെങ്ങനെ ഉണ്ടാകാന്‍ എന്നൊരു ചോദ്യം പ്രസക്തമാണ്. അതിനുള്ള മറുപടി 14-ാമത് ശ്ലോകത്തിലേ സൂചിപ്പിക്കുന്നുള്ളൂ. ഈശ്വരന്റെ സൃഷ്ടിയും ഉപാധിയുമായ മായ ഡയലക്ടിക്കല്‍ സ്വഭാവമുള്ളതാണ്. കരണ-പ്രതികരണങ്ങളിലൂടെയാണ് അത് വിശ്വം സൃഷ്ടിക്കുന്നത്. ഇവയില്‍ ഏതെങ്കിലുമൊന്ന് അതിരു കടക്കുമ്പോഴുള്ള തിരുത്തലിനെയാണ് ഇവിടെ പ്രമേയമാക്കുന്നത്. ഈ തിരുത്തലും നിര്‍വഹിക്കുന്നത് മായ തന്നെയാണ്. അധീശശക്തിക്ക് അതില്‍ ഫലാകാംക്ഷയില്ല. എല്ലാം സ്വാഭാവികം എന്ന് സാരം.
താത്ത്വികതലത്തില്‍ ധര്‍മാധര്‍മപദങ്ങള്‍ക്ക് സിദ്ധിക്കുന്ന അര്‍ഥം, പ്രകൃതിയുടെ അടിസ്ഥാന നിയമങ്ങളുടെ പാലനവും ലംഘനവുമാണ്. ലംഘനം വ്യാപകമാകുമ്പോള്‍ ഡയലക്ടിക്‌സ് അനുസരിച്ച് മറുവശം രംഗപ്രവേശം ചെയ്യുന്നു.


(തുടരും)



MathrubhumiMatrimonial