githadharsanam

ഗീതാദര്‍ശനം - 102

Posted on: 30 Dec 2008

സി. രാധാകൃഷ്ണന്‍



്ജ്ഞാനകര്‍മ സംന്യാസയോഗം


ശ്രീഭഗവാനുവാച-

ഇമം വിവസ്വതേ യോഗം
പ്രോക്തവാനഹമവ്യയം
വിവസ്വാന്‍ മനവേ പ്രാഹ
മനുരിക്ഷ്വാകുവേ ബ്രവീത്

നാശമില്ലാത്ത ഈ യോഗവിദ്യ സൂര്യനെ അറിയിച്ചത് ഞാനാണ്. സൂര്യന്‍ അത് മനുവിനെയും മനു(തന്റെ പുത്രനായ) ഇക്ഷ്വാകുവിനെയും അറിയിച്ചു.
വിശ്വത്തിന്റെ ജീവന്‍ ഈ അറിവാണ്.മിക്കവാറും മറഞ്ഞാണ് കിടപ്പെങ്കിലും എല്ലാസൃഷ്ടികളിലും ഇതുണ്ട്. സൂര്യനാണ് ഭൂമിയിലെ സൃഷ്ടികളുടെ ഹേതു എന്നതിനാല്‍ സൂര്യനെ ആദ്യം പറയുന്നു. മനുഷ്യന് എല്ലാമെല്ലാം ലഭിച്ചത് സൂര്യനില്‍ നിന്നായതിനാല്‍ ഈ അറിവും സൂര്യനില്‍ നിന്നുതന്നെ കിട്ടിയതായി സങ്കല്പിക്കാം. മനുഷ്യന് ജീവനിലൂടെ പകര്‍ന്നു കിട്ടിയ ഈ അറിവ് അവന്‍ തന്റെ സന്തതിപരമ്പരയ്ക്ക് കൈമാറി.
തടസ്സങ്ങള്‍ നീങ്ങിയാല്‍ ആത്മാവില്‍ നിന്ന് ബുദ്ധിയിലൂടെ മനസ്സിലേക്ക് ആ അറിവ് വ്യാപരിക്കുന്നു എന്ന് താത്ത്വികാര്‍ഥം.

ഏവം പരമ്പരാപ്രാപ്തം
ഇമം രാജര്‍ഷയോ വിദുഃ
സ കാലേനേഹ മഹതാ
യോഗോ നഷ്ടഃ പരന്തപ

അല്ലയോ പരന്തപനായ അര്‍ജുനാ,ഇങ്ങനെ പരമ്പരയായി കൈമാറിക്കിട്ടിയ ഈ യോഗവിദ്യ പല രാജര്‍ഷികളും അറിഞ്ഞു. കാലാന്തരത്തില്‍ പക്ഷേ, മഹത്തായ ഈ വിദ്യ നഷ്ടപ്പെട്ടുപോയി.
യോഗശബ്ദത്തിന് പരമമായ അറിവിനോട് ചേര്‍ന്നിരിക്കല്‍, യോജിക്കല്‍, ശ്രുതിയും താളവും ചേരല്‍, ലയിക്കല്‍ എന്നൊക്കെയാണ് അര്‍ഥം. യോഗവിദ്യ എന്നാല്‍ പ്രപഞ്ചാധാരവുമായി സാത്മ്യം പ്രാപിക്കാനുള്ള വിദ്യ.
ഋഷികള്‍കൂടി ആയ രാജാക്കന്മാരാണ് അറിഞ്ഞിരുന്നതും തലമുറകളിലേക്ക് പകര്‍ന്നതും. രാജാക്കന്മാര്‍ ഋഷികളല്ലാതായതോടെ രാജാധികാരം ദുഷിച്ചു. പരമമായ അറിവില്‍ നിന്ന് മനുഷ്യന്‍ അകന്നു.(ഈ 'മറവി'കൊണ്ട് അധികാരം ദുഷിച്ചു എന്നുമാകാം.)
(തുടരും)



MathrubhumiMatrimonial