githadharsanam

ഗീതാദര്‍ശനം - 83

Posted on: 11 Dec 2008

സി. രാധാകൃഷ്ണന്‍



കര്‍മയോഗം

യദി ഹ്യഹം ന വര്‍ത്തേയം
ജാതു കര്‍മ്മണ്യതന്ദ്രിതഃ
മമ വര്‍ത്മാനുവര്‍ത്തന്തേ
മനുഷ്യാഃ പാര്‍ത്ഥ സര്‍വ്വശഃ

എന്തുകൊണ്ടെന്നാല്‍, അര്‍ജുന, ഞാന്‍ എപ്പോഴെങ്കിലും ജാഗ്രതയോടെ കര്‍മങ്ങളില്‍ വ്യാപരിക്കാതിരുന്നാല്‍ ആളുകളെല്ലാവരും എല്ലാ വിധത്തിലും എന്റെ മാര്‍ഗം പിന്‍തുടരാന്‍ ഇടയാകും.
അപൂര്‍വത്തിന്റെ നിര്‍മിതിയിലേക്ക് നയിക്കുന്ന തുടര്‍യജ്ഞമാണ് പരമാത്മാവിന്റെ സ്വഭാവം. സത്തായ ഏകം ആദ്യസ്​പന്ദത്തിലൂടെ അവ്യക്തമാധ്യമമായും അതിലെ ചാലകശക്തിയായും ഒരേസമയം രൂപാന്തരപ്പെടുന്നു. ആ സ്​പന്ദത്തിന്റെ ബാക്കി പത്രങ്ങളായി നിത്യനൂതനങ്ങളായ ഉരുവങ്ങള്‍ വികസ്വരമായ വിശ്വത്തില്‍ ഉണ്ടാകുന്നു. ഒരു ചാക്രിതയുടെ അവസാനത്തില്‍ ഇവയെല്ലാം തിരികെ ഏകത്വത്തില്‍ ലയിക്കുന്നു. തുടര്‍ന്ന് അടുത്ത സ്​പന്ദം. ഒരു നിമിഷവും അകര്‍മണ്യത ഇല്ല. ഉണ്ടായിപ്പോയാല്‍ മനുഷ്യനിലെ ജീവാവബോധം ഉടനെ നിഷ്‌ക്രിയമാവും. കാരണം അതുതന്നെയാണല്ലോ ഈശം.

അനേകം മഹാ വിസേ്ഫാടനങ്ങളുടെ (big bangs) നൈരന്തര്യമായ ഒരു സ്​പന്ദിക്കുന്ന പ്രപഞ്ചമാണ് (pulsating universe) ഗീത നിര്‍ദേശിക്കുന്നത്. ഈ പരിണാമത്തില്‍ ഒരേടത്തും അനുസ്യൂതി അറ്റുപോകുന്നില്ല. അതായത്, സയന്‍സില്‍ ഉള്ളപോലെ നിയമങ്ങള്‍ക്ക് നിലനില്‍ക്കാനാവാത്ത 'അറ്റക്കടായകള്‍' (discontinuities)ഇല്ല.

(തുടരും)



MathrubhumiMatrimonial