
അക്‌റോവയിലെ ഡോള്‍ഫിനുകള്‍
Posted on: 21 Nov 2008
ഡോ. ദീപക് ജോണ്‍ മാത്യു
കിവികളുടെ നാട്ടിലേക്ക് പോകാന്‍ അവസരമൊരുങ്ങിയപ്പോള്‍ ആദ്യം കൂട്ടുകൂടിയത് ഗൂഗിള്‍ എര്‍ത്തിനോടായിരുന്നു. ആ കൊച്ചുരാജ്യത്തിന്റെ ഭൂപടത്തില്‍, പാതിവിരിഞ്ഞ പൂവിനെ പോലെ തോന്നിച്ച ചെറുകഷ്ണത്തിലേക്കാണ് ശ്രദ്ധചെന്നത്. മനോഹരമായ ആകാശകാഴ്ച്ചയില്‍ ആ 'പൂവ്' കടലിലേക്ക് ഒഴുകിയിറങ്ങിയപോലെ. 'അക്‌റോവ'. ലോകത്തിലെ ഇത്തിരിക്കുഞ്ഞന്‍മാരായ ഹെക്ടേഴ്‌സ് ഡോള്‍ഫിനുകളുടെ നാട്. ഏതാണ്ട് ഒന്നര മീറ്റര്‍ നീളവും 50 കിലോഗ്രാം ഭാരവുമുള്ള ഈ ഡോള്‍ഫിനുകള്‍ വംശനാശത്തിന്റെ പാതയിലാണ്. ക്രൈസ്റ്റ് ചര്‍ച്ചില്‍ വിമാനമിറങ്ങിയപ്പോഴും ഡോള്‍ഫിനുകളുടെ നാട്ടിലെത്താനാണ് മനം തുടിച്ചത്. താമസസൗകര്യമൊക്കെ ക്രൈസ്റ്റ് ചര്‍ച്ചില്‍ ശരിയായി. അവിടെനിന്ന് 75 കിലോമീറ്ററായിരുന്നു സൗത്ത് ഐലന്‍ഡിലെ കാന്റര്‍ബറിയിലുളള അക്‌റോവയിലേക്ക്. ഒപ്പം കിട്ടിയത് രസികനായ ടാക്‌സിഡ്രൈവറെയാണ്. ഓരോ സ്ഥലങ്ങള്‍ പിന്നിടുമ്പോഴും അയാള്‍ നാടിന്റെ വിശദമായ വിവരണം തന്നുകൊണ്ടിരുന്നു. പുല്‍മേടുകളും മലഞ്ചെരുവുകളുമായി സുന്ദരമായ ഭൂമി.
പെട്ടന്നാണ് രസകരമായ ഒരു സൈന്‍ ബോര്‍ഡ് ശ്രദ്ധയില്‍പ്പെട്ടത്. കാറിന്റെ വേഗത കാരണം ബോര്‍ഡില്‍ എന്താണെന്ന് വായിക്കാന്‍ കഴിഞ്ഞില്ല. അണ്ണാന്‍ കുഞ്ഞിനെ പോലുള്ള 'പോസം' എന്ന ജീവിയെ കുറിച്ചുള്ളതായിരുന്നു അതെന്ന് ഡ്രൈവര്‍ പറഞ്ഞു. പുറമെ നിന്ന് ന്യൂസിലാന്‍ഡിലേക്ക് കൊണ്ടുവന്നതായിരുന്നു പോസമിനെ. എന്നാല്‍ ഇവ പെറ്റുപെരുകി വിളകള്‍ തിന്നുതീര്‍ക്കാന്‍ തുടങ്ങിയതോടെ ഇവയുടെ എണ്ണം നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
പോസം തോലുപയോഗിച്ചുളള കോട്ടുകള്‍ നിര്‍മ്മിക്കുന്നുണ്ടെങ്കിലും അതൊരു വ്യവസായമായി വളര്‍ന്നിട്ടില്ല. ഡ്രൈവര്‍ വര്‍ത്തമാനം നിര്‍ത്തുമ്പോള്‍ ഞാന്‍ ചിന്തിക്കുകയായിരുന്നു; ഈ ചെറുജീവി മനുഷ്യനെ ദ്രോഹിക്കണമെന്ന് ആഗ്രഹിച്ചിട്ടുണ്ടാവില്ല. എന്നിട്ടും മനുഷ്യന്‍ അതിനോട് ശത്രുവിനെപോലെയാണല്ലോ പെരുമാറുന്നത്.അക്‌റോവയിലെത്തിയപ്പോഴാണ് ഞാന്‍ കരുതിയതിലും മനോഹരമായ സ്ഥലമാണിതെന്ന് മനസ്സിലായത്. പൗരാണിക ശൈലിയിലുള്ള വീടുകള്‍ നിറഞ്ഞൊരു ചെറുപട്ടണം.
ന്യൂസിലാന്‍ഡിലെ ഏക ഫ്രഞ്ച് കോളനിയായിരുന്നു അക്‌റോവ. 1838ല്‍ തന്നെ ഫ്രഞ്ച് താമസക്കാര്‍ അക്‌റോവയിലെത്തിയിരുന്നു. ഇതിനെ ഫ്രഞ്ച് കോളനിയായി വികസിപ്പിക്കാന്‍ 1840ല്‍ കാഷ്‌ലോട്ട് എന്ന സഞ്ചാരകപ്പലില്‍ ഇവിടെയെത്തിയ കമാണ്ടര്‍ ജീന്‍ ഫ്രാങ്കോയിസ് ലാങ്‌ലോസ് തീരുമാനിച്ചു. പക്ഷേ നീണ്ടയാത്രക്ക് ശേഷം ഇവിടെതിരിച്ചെത്തിയ ജീനും കൂട്ടരും കണ്ടത് ബ്രിട്ടീഷ് ആധിപത്യത്തിന്റെ പ്രതീകമായ യൂണിയന്‍ ജാക്കായിരുന്നു. ബ്രിട്ടീഷുകാര്‍ സൂത്രത്തിലൂടെ ഫ്രഞ്ചുകാരെ പറ്റിച്ച് തങ്ങളുടെ അധീനതയിലാക്കുകയായിരുന്നെന്നാണ് അക്‌റോവയിലെ പഴമക്കാര്‍ പറയുന്നത്.
പിന്നിട്ട യുഗത്തിന്റെ പ്രതീകമായി ഫ്രഞ്ച് കൊടിയും ഫ്രഞ്ചുപേരുകളും ഇപ്പോഴും അക്‌റോവതെരുവുകളുടെ ഭാഗമാണ്. ആ തെരുവുകളിലൂടെ കറങ്ങിയ ശേഷം കുഞ്ഞന്‍മാരായ ഹെക്ടേഴ്‌സ് ഡോള്‍ഫിനുകളെ കാണാനായി അക്‌റോവ തുറമുഖത്തേക്ക്്. വിനോദ സഞ്ചാര ജലയാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് ഇവിടെയാണ്. ഒന്‍പത് ദശലക്ഷം വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ തുറമുഖം സജീവമായ അഗ്‌നനിപര്‍വ്വതമായിരുന്നു. ലാവ ഒഴുകിയിറങ്ങിയ ചെരിവുകളും അഞ്ഞൂറടി താഴ്ച്ചയുള്ള വന്‍കൊക്കയും ഇവിടെയുണ്ട്. ടുറിസ്റ്റുകള്‍ക്കായി ഇവിടെ ഒരുക്കിയിരിക്കുന്ന വിനോദങ്ങളില്‍ അഗ്‌നനിപര്‍വ്വതം പൊട്ടിയുണ്ടായ വന്‍തടാകങ്ങളിലെ ക്രൂസിങും ഉള്‍പ്പെടുന്നു. ഇത്തിരികുഞ്ഞന്‍മാരായ ഡോള്‍ഫിനുകള്‍ക്കൊപ്പമുള്ള നീന്തലാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ഷിക്കുന്നത്.
ഡോള്‍ഫിനുകളുടെ അടുത്തേക്കെത്താനായി ബോട്ട്ക്രൂസില്‍ ഞാന്‍ കയറി. അഗ്‌നനിപര്‍വ്വതങ്ങള്‍ക്കു നടുവിലൂടെയുളള യാത്രയില്‍ പാറക്കെട്ടുകളില്‍ ഒരു പണിയുമില്ലാത്ത മടിയന്‍മാരെ പോലെ സീലുകള്‍ വിശ്രമവേളകളെ ആനന്ദകരമാക്കുന്ന കാഴ്ച്ച രസം പകര്‍ന്നു. തണുത്ത കാറ്റും നീല ജലവും. ക്രൂസില്‍ കാഴ്ച്ചകളെ കുറിച്ചുളള റണ്ണിങ് കമന്ററിയുണ്ടായിരുന്നു. അതിനിടെയായിരുന്നു ഇത്തിരിക്കുഞ്ഞന്‍മാരുടെ വരവ്. വെള്ളത്തിന്റെ തിരശ്ശീല കീറിമുറിച്ച പോലെ ഡോള്‍ഫിനുകള്‍ ആകാശത്തേക്ക് കുതിക്കുന്നു. സാഹസികരായവര്‍ക്ക് ഡോള്‍ഫിനുകള്‍ക്കൊപ്പം മത്സരിച്ച് നീന്താം. സഹായിക്കാനായി പരിശീലനം ലഭിച്ച ജീവനക്കാരും ഒപ്പമുണ്ടാവും.കുറച്ച് ദൂരം കൂടി ചെന്നപ്പോള്‍ കടല്‍ വെള്ളത്തിന്റെ നിറം പതുക്കെ മാറുന്നു. ലാവ ഒഴുകിയിറങ്ങിയഭാഗം കോട്ടമതിലുകള്‍ പോലെ തോന്നിച്ചു. തീരങ്ങളില്‍ വിവിധതരം പക്ഷികളും സീലുകളും വിഹരിക്കുന്നു. നീണ്ട ബോട്ട് ക്രൂസിന് ശേഷം വീണ്ടും തീരത്തേക്ക്.
എല്ലാത്തരം വിഭവങ്ങളും കിട്ടുന്ന റെസ്‌റ്റോറന്റുകള്‍ തുറമുഖത്തുണ്ട്. മീന്‍ വിഭവങ്ങളാണ് റസ്‌റ്റോറന്റുകളിലെ 'സ്‌പെഷ്യല്‍'. ഉച്ചയൂണ് കഴിഞ്ഞ് ഷോപ്പിങ്ങിനിറങ്ങി. പിന്നെ ക്രൈസ്റ്റ് ചര്‍ച്ചിലേക്ക് മടക്കയാത്ര.






