githadharsanam

ഗീതാദര്‍ശനം - 50

Posted on: 08 Nov 2008


സാംഖ്യയോഗം


ത്രൈഗുണ്യവിഷയാ വേദാ
നിസ്‌ത്രൈഗുണ്യോ ഭവാര്‍ജുന
നിര്‍ദ്വന്ദ്വോ നിത്യ സത്ത്വസ്ഥോ
നിര്യോഗക്ഷേമ ആത്മവാന്‍

ശങ്കരഭാഷ്യം: വേദങ്ങള്‍ ലൗകികവിഷയങ്ങളെ പ്രതിപാദിക്കുന്നവയാകുന്നു.
എന്നാല്‍ നീ സംസാരത്തില്‍ (ത്രൈഗുണ്യത്തില്‍)നിന്ന് മോചിച്ചവനായി ഭവിക്കുക. നിഷ്‌കാമനായി ഭവിച്ചാലും എന്നര്‍ഥം (അന്യോന്യവിരുദ്ധങ്ങളായ പദാര്‍ഥങ്ങള്‍ ദ്വന്ദ്വങ്ങള്‍ എന്ന് പറയപ്പെടുന്നു.
അവ സുഖദുഃഖങ്ങള്‍ക്ക് ഹേതുക്കളാകുന്നു). നീ നിര്‍ദ്വന്ദ്വനായി ഭവിച്ചാലും. സത്വഗുണത്തില്‍ ഉറച്ചുനില്‍ക്കുക (കൈവശമില്ലാത്തതിനെ സമ്പാദിക്കുന്നത് യോഗം, സമ്പാദിച്ചതിനെ രക്ഷിക്കുന്നത് ക്ഷേമം). നീ യോഗക്ഷേമ താത്പര്യങ്ങള്‍ കൈവെടിഞ്ഞ് ആത്മനിഷ്ഠനായിത്തീരുക.

യാവാനര്‍ഥ ഉദപാനേ
സര്‍വതഃ സംപ്ലുതോദകേ
താവാന്‍ സര്‍വേഷു വേദേഷു
ബ്രാഹ്മണസ്യ വിജാനതഃ

സര്‍വത്ര വെള്ളപ്രളയമായിരിക്കേ കിണറും കുളവും മറ്റുംകൊണ്ട് എന്ത് പ്രയോജനമുണ്ടോ അത്രയേ ഉള്ളൂ, നിശ്ചയാത്മികയായ ബുദ്ധിയോടു കൂടിയ ബ്രഹ്മജ്ഞാനിക്ക് സര്‍വവേദങ്ങളുംകൊണ്ട് പ്രയോജനം. (ആത്മീയമായ ശരിയായ അറിവാണ്, അനുഷ്ഠാനങ്ങളല്ല പ്രധാനം).

(തുടരും)



MathrubhumiMatrimonial