
ഗീതാദര്‍ശനം - 36
Posted on: 24 Oct 2008
സാംഖ്യയോഗം
നജായതേ മ്രിയതേ വാ കദാചി-
ന്നായം ഭൂത്വാശഭവിതാ വാ ന ഭൂയഃ
അജോ നിത്യഃ ശാശ്വതോശയം പുരാണോ
ന ഹന്യതേ ഹന്യമാനേ ശരീരേ
'പുരാ അപി നവ ഏവ പുരാണ' =പണ്ടുതന്നെ പുത്തനായിട്ടേ ഇരിക്കുന്നു.
'നായം ഭൂത്വാ ഭവിതാ വാ ന ഭൂയ' എന്നതിനു പകരം 'നായം ഭൂത്വാശഭവിതാ വാ ന ഭൂയ' എന്ന പാഠം ശാങ്കരഭാഷ്യപ്രകാരമാണ്.
ഈ ആത്മാവ് ശരീരം വധിക്കപ്പെടുമ്പോള്‍ ഒരിക്കലും കൊല്ലപ്പെടുന്നില്ല. ഒരിക്കലും ജനിക്കുന്നില്ല. മരിക്കുന്നുമില്ല, ഉണ്ടായിട്ട് പിന്നെ ഇല്ലാതായി വീണ്ടും ഉണ്ടാകുന്നുമില്ല. (കാരണം) ഇവന്‍ ജന്മമില്ലാത്തവനും നാശമറ്റവനും കാലാതീതനും പണ്ടേ ഉള്ളവനും ആകുന്നു.
ജീവാത്മാവും പരമാത്മാവും ഒന്നുതന്നെയെങ്കിലും ഒരേ സൂര്യന്‍ പല പാത്രങ്ങളിലെയും ജലത്തില്‍ പലതായി കാണപ്പെടുന്നപോലെ വിവിധ ജീവികളില്‍ ജീവാത്മാവ് വെവ്വേറെയായി തോന്നുന്നു എന്നാണ് പൂര്‍വപക്ഷം. ആ ഉപമയില്‍ ജീവാത്മാവിന് പക്ഷേ, അയഥാര്‍ഥച്ഛായ കൈവരുന്നു.
ഇവിടെ ഒരു കാര്യം മറന്നുകൂടാ. പരമാത്മാവിന്റെ അനുരണനമായ ജീവാത്മാവ്, പരമാത്മാവിന്റെ ഭാഗം തന്നയാണ്, അഥവാ അതുതന്നെയാണ്. ഒഴുക്കിലെ ചുഴിയും ഒഴുക്കുതന്നെ എന്ന പോലെ. ഈ ചുഴി ഒഴുക്കില്‍ നിന്നുണ്ടായി ഒഴുക്കില്‍ ലയിക്കുന്നു. ആ വിലയം, പടിപടിയായി വര്‍ദ്ധിച്ചുവരുന്ന സ്വരച്ചേര്‍ച്ചയുടെ പരിസമാപ്തിയായിട്ടാവാം; മറിച്ച് പടിപടിയായി പെരുകുന്ന സ്വരച്ചേര്‍ച്ചയില്ലായ്മയുടെ ചിതറലായിട്ടാവാം; ഇതു രണ്ടുമല്ലാതെ നിതാന്തമായ ആവര്‍ത്തനമായും ആ ചുഴിക്ക് നിലനില്‍ക്കാം. നിതാന്തമായ ആവര്‍ത്തനമല്ല അതെങ്കില്‍പ്പിന്നെ പരമമായ സ്വരത്തോട് (പരമാത്മാവിനോട്) ശ്രുതി ചേരാനോ അതോ നേരെ വിപരീതദിശയില്‍ അപശ്രുതിയിലേക്കോ അതിന്റെ പുരോഗതി എന്നേ ഒരു ജീവനെപ്പറ്റി ചിന്തിക്കാനുള്ളൂ.
(തുടരും)





