
ആന്‍ഡമാനിലേക്ക് ഒരു യാത്ര
Posted on: 23 Oct 2008
പി.എ.ജൊമേഷ്
'കാലാപാനി' എന്ന സിനിമ കണ്ട അന്നുമുതല്‍ സ്വപ്നം കണ്ടിരുന്ന ആന്‍ഡമാന്‍ യാത്ര 2006 മാര്‍ച്ച് മാസത്തില്‍ സഫലമായി. അവിസ്മരണീയമായ ആ യാത്രയുടെ ചെറിയ വിവരണമാണ് ഈ കുറിപ്പ്.
ഏറെ കൊതിച്ചിരുന്ന യാത്രയ്ക്ക് രണ്ടു മാസം മുമ്പേ തന്നെ ആസൂത്രണം തുടങ്ങിയിരുന്നു. അപ്പോള്‍ തന്നെ ചെന്നൈ-പോര്‍ട്ട്ബ്ലയര്‍ പോയിവരാനുള്ള ഡെക്കാന്‍ എയര്‍വേസിന്റെ വിമാന ടിക്കറ്റും ബാംഗ്ലൂര്‍-ചെന്നൈ ട്രയിന്‍ ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. (ചെന്നൈയില്‍ നിന്നും കല്‍ക്കട്ടയില്‍ നിന്നും മാത്രമേ പോര്‍ട്ട്ബ്ലയറിലേയ്ക്ക് വിമാന സര്‍വ്വീസ് ഉള്ളൂ.) ബോബി, സജിന്‍, സന്ദീപ്, ജെന്റില്‍, നന്ദകിഷോര്‍, താരിഖ്, ബിജേഷ്, ദീപക് പിന്നെ ഞാനും അടങ്ങുന്നതായിരുന്നു യാത്രാസംഘം. ബോബിയുടെ ഒരു സുല്ക്കത്തിന്റെ അമ്മാവനും പോര്‍ട്ട്ബ്ലയറിലെ പി ഡബ്ല്യു ഡി കോണ്‍ട്രാക്ടറുമായ സന്തോഷേട്ടന്‍ പോര്‍ട്ട്ബ്ലയറിലെ താമസവും സഞ്ചാരവും എല്ലാം ഒരുക്കിയിരുന്നു. യാത്രയിലുടനീളം വലിയ സഹായമായിരുന്ന അദ്ദേഹത്തെ നന്ദിപൂര്‍വ്വം സ്മരിക്കുന്നു.'കാലാപാനി' എന്ന സിനിമയിലൂടെയാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ നമുക്ക് കൂടുതല്‍ പരിചിതമാവുന്നത്. ഇന്ത്യയുടെ സാംസ്‌കാരിക പൈതൃകത്തിന്റെ നട്ടെല്ലൊടിച്ച അതേ ബ്രിട്ടീഷ് കുടിലതയായിരുന്നു ''കാലാപാനി'' എന്ന ആശയത്തിനും പിന്നില്‍. നാലു ദിക്കിലും ആയിരക്കണക്കിനു കിലോമീറ്ററുകള്‍ കടല്‍ മാത്രം. വിമോചനത്തിന്റെ നുറുങ്ങുവെട്ടം പോലും അവശേഷിപ്പിക്കാത്ത കറുത്ത ജലപ്പരപ്പ്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമര പോരാളികള്‍ക്കുവേണ്ടി അവിടെ ഒരു ജയില്‍ പണിയാന്‍ വെള്ളക്കാരനു രണ്ടാമതൊന്നാലോചിക്കേണ്ടിവന്നില്ല. തങ്ങള്‍ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടുന്ന ജന്മദേശം അപ്രാപ്യമായ മൈലുകള്‍ ദൂരെയാണെന്ന അറിവ് അവന്റെ സമരവീര്യം കെടുത്തുമെന്ന് കണക്കുകൂട്ടിയ ബ്രിട്ടീഷുകാരനു പക്ഷേ, തെറ്റി. ഇനിയൊരിക്കലും കാണാനിടയില്ലാത്ത മാതൃരാജ്യത്തിനുവേണ്ടി അവസാനതുള്ളി രക്തവും അവര്‍ ഒഴുക്കി, നിലയില്ലാത്ത, അറ്റം കാണാത്ത ആഴക്കടലിലേയ്ക്. സെല്ലുലാര്‍ ജയിലിനു സമീപം നിന്ന് ചെവിയോര്‍ത്താല്‍ നിങ്ങള്‍ക്കു കേള്‍ക്കാം, അമര്‍ത്തിയ നിലവിളികളുടെ മാറ്റൊലികള്‍... ആ ചുവരുകളില്‍ സ്പര്‍ശിച്ചാല്‍ നിങ്ങള്‍ക്കനുഭവിക്കാം, ധീരയോദ്ധാക്കളുടെ ഗര്‍ല്ക്കനത്താല്‍ വിറപൂണ്ട ജയില്‍ സമുച്ചയത്തെ.
ഇന്ന് വിനോദ സഞ്ചാരികളുടെ പറുദീസയാണ് ആന്‍ഡമാന്‍ ദ്വീപുകള്‍. പ്രകൃതിസൗന്ദര്യം വഴിഞ്ഞൊഴുകുന്ന അനേകം ബീച്ചുകള്‍, ചരിത്ര സ്മാരകങ്ങള്‍, ആഴക്കടലിലെ അത്ഭുതങ്ങള്‍, പവിഴപ്പുറ്റുകൊട്ടാരങ്ങള്‍, ജൈവവൈവിധ്യം നിറഞ്ഞ കൊടുങ്കാടുകള്‍, അങ്ങനെ എന്തെല്ലാം! നമുക്ക് കാണാന്‍ കഴിയുന്നത് ആന്‍ഡമാന്‍ ദ്വീപ്‌സമൂഹത്തിലെ ചില സ്ഥലങ്ങള്‍ മാത്രമാണ്. 184 ദ്വീപുകള്‍ ചേര്‍ന്നതാണ് ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുസമൂഹം. നിക്കോബാര്‍ ദ്വീപുകള്‍ മുഴുവനായും ആന്‍ഡമാനിലെ ഒട്ടുമിക്ക ഭാഗങ്ങളും സഞ്ചാരിക്ക് പ്രവേശനമില്ലാത്തതാണ്. നിക്കോബാറിലെ ചില ദ്വീപുകളിലെ ചില ഭാഗങ്ങളില്‍ നരഭോജികള്‍ ഉണ്ടെന്നു കരുതപ്പെടുന്നു.
ആന്‍ഡമാന്‍ നിക്കോബാറിന്റെ വിവിധ ഭാഗങ്ങളിലായി ഗ്രെയ്റ്റ് ആന്‍ഡമാനീസ്, ജരാവ, ഒന്‍ഗേ, സെന്റിനെലീസ് തുടങ്ങി അനവധി ആദിവാസി ഗോത്രങ്ങള്‍ അധിവസിക്കുന്നു. ഇവരില്‍ പലരും പരിഷ്‌കൃതമനുഷ്യനില്‍ നിന്നും അകന്നു നില്‍ക്കുന്നു. അവനെ ആക്രമിക്കാനും പ്രവണത കാണിക്കാറുണ്ടെന്ന് പറയപ്പെടുന്നു. കൃഷി അജ്ഞാതമായ ഇവര്‍ കരയിലും കടലിലും വേട്ടയാടി ജീവിക്കുന്നു.
പോര്‍ട്ട്ബ്ലയര്‍ പട്ടണത്തെപ്പറ്റി
അവിടെ ആദ്യം കപ്പലിറങ്ങിയ ബ്രിട്ടീഷുകാരന്റെ പേരില്‍ അറിയപ്പെടുന്നു. കേരളത്തിലെ ഒരു മലയോര പട്ടണത്തിനു സമാനമായ ഭൂപ്രദേശങ്ങള്‍. കടുത്ത വേനലില്‍ അവിടെത്തിയതു കൊണ്ടാവാം, സാമാന്യം നല്ല ചൂടായിരുന്നു അവിടെ. ജനങ്ങള്‍ പ്രധാനമായും ടൂറിസത്തെ ആശ്രയിച്ചു ജീവിക്കുന്നു. ചുരുക്കം ചില സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, ടൗണില്‍ നിന്നു മാറി ചില കൃഷിക്കാരും. വിനോദസഞ്ചാരം മുമ്പത്തേക്കാളള്‍ അഭിവൃദ്ധി പ്രാപിച്ചെങ്കിലും സുനാമി തകര്‍ത്തെറിഞ്ഞ കൃഷി പൂര്‍ണ്ണമായും പുനസ്ഥാപിക്കാന്‍ കഴിഞ്ഞിട്ടില്ല. ഉപ്പുവെള്ളം കയറി നശിച്ചു കിടക്കുന്ന ഒത്തിരി കൃഷിയിടങ്ങള്‍ അവിടെ കാണാന്‍ കഴിഞ്ഞു. പ്രദേശവാസികള്‍ മിശ്രസംസ്‌കാരം ഉള്ളവരാണ്. ബംഗാളിയും തമിഴനും മലയാളിയും മറ്റ് ഉത്തരേന്ത്യക്കാരും ഇവിടെ സൗഹാര്‍ദ്ദത്തോടെ പൊറുക്കുന്നു. ബോര്‍ഡുകള്‍ മിക്കവയും ഇംഗ്ലീഷില്‍ ആണെങ്കിലും എല്ലാ പ്രാദേശിക ഭാഷകളും ഇവിടെ സംസാരിക്കപ്പെടുന്നു.
ഭാഗം ഒന്ന്: സെല്ലുലാര്‍ ജയില്‍
ഒന്നാം ദിവസം രാവിലെ 11 മണിയോടെ പോര്‍ട്ട്ബ്ലയറിലെത്തിയ ഞങ്ങളെ കാത്ത് സന്തോഷേട്ടന്റെ വണ്ടികള്‍ ഉണ്ടായിരുന്നു. ലോഡ്ജിലെത്തി. ചെറുതായി വിശ്രമിച്ച ശേഷം ഞങ്ങള്‍ പ്രാതലിനിറങ്ങി. അതിനു ശേഷം അബര്‍ദീന്‍ ബസാറിനു സമീപമുള്ള ഒരു അക്വേറിയം കാണാന്‍ പോയി. ജീവനുള്ളതും അല്ല്‌ളാത്തതുമായ വിവിധതരം കടല്‍ജീവികളെ അവിടെ പ്രദര്‍ശത്തിനു വച്ചിരിക്കുന്നു. ഉച്ചയ്ക്കു ശേഷം ഞങ്ങള്‍ കാലാപാനി അഥവാ സെല്ലുലാര്‍ ജയില്‍ കാണാന്‍ പോയി.ഇവിടെ കാണുന്ന ചിത്രത്തില്‍ ജയില്‍ സമുച്ചയത്തിന്റെ ഒരു മാതൃക കാണാം. ചിത്രത്തില്‍ മുകള്‍വശത്തു കാണുന്നതാണ് ജയിലിന്റെ അഡ്മിനിസ്‌ട്രേഷന്‍ ബ്ലോക്ക്. ഇതില്‍ ഇപ്പോള്‍ ജയില്‍ മ്യൂസിയം പ്രവര്‍ത്തിക്കുന്നു. മദ്ധ്യത്തില്‍ ഉയര്‍ന്നു നില്‍ക്കുന്ന പാറാവുമാളികയും. അതില്‍ നിന്നാരംഭിക്കുന്ന 7 വ്യത്യസ്ത നീളങ്ങളിലുള്ള ആരക്കാലുകളായി ജയില്‍ മുറികള്‍. മൂന്നു നിലകളില്‍ കരിങ്കല്ലില്‍ പണിത എകാന്ത തടവിനുള്ള 698 ജയില്‍ മുറികള്‍. ഓരോ മുറിയും 4.5 മീറ്റര്‍ നീളവും 2.7 മീറ്റര്‍ നീളവും ഉള്ളതായിരുന്നു. മുറിയിലെ ഏക വെന്റിലേഷന്‍ 3 മീറ്റര്‍ ഉയരത്തിലാണ്. തടവുകാര്‍ തമ്മില്‍ ഒരു തരത്തിലും കാണാനോ ബന്ധപ്പെടാനോ കഴിയാത്ത വിഷത്തിലാണ് ഇതിന്റെ രൂപകല്‍പന. ഇതുമൂലമാണ് സെല്ലുലാര്‍ ജയില്‍ എന്ന പേര്.
ഇതില്‍ അഡ്മിനിസ്‌ടേറ്റീവ് ബ്ലോക്കിനു പുറകില്‍ കാണുന്ന 2 ബ്ലോക്കുകള്‍ ഒഴികെ ബക്കി എല്ലാം തകര്‍ത്തു കളഞ്ഞിരിക്കുന്നു. മദ്ധ്യേ കാണുന്ന ചുവന്ന കെട്ടിടമാണ് വര്‍ക്ക്‌ഷോപ്പ്. ബ്രിട്ടീഷ് കാലഘട്ടത്തില്‍ ദ്വീപിലേയ്ക്കാവശ്യമായ എല്ലാം ഇവിടെ അവര്‍ നിര്‍മ്മിച്ചു. ഇവിടെ തേങ്ങയാട്ടി എണ്ണയെടുക്കുന്ന ഒരു ചക്ക് കാണാം. ഓരോ തടവുകാരനും ദിവസേന നിശ്ചിത അളവ് എണ്ണയെടുക്കേണ്ടിയിരുന്നു. ഭീമമായ ഈ അളവ് തികയാതെ വന്നാല്‍ ക്രൂരമായ ശിക്ഷകളായിരുന്നു അവരെ കാത്തിരുന്നത്. തടവുകാരുടെ പ്രതിരോധത്തിന്റെ തീക്ഷ്ണതയനുസരിച്ച് വ്യത്യസ്തരീതിയിലുള്ള വിലങ്ങുകളും ദണ്ഡനത്തിനുപയോഗിക്കുന്ന പല ഉപകരണങ്ങളും നമുക്കിവിടെ കാണാം.
അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിലുള്ള പ്രധാനകവാടം കടന്നു നമ്മള്‍ ജയില്‍ വളപ്പിലേയ്ക്കു പ്രവേശിക്കുന്നു. ഇടതുവശത്തായി സ്വാതന്ത്ര്യസമര ദീപശിഖ ഭാരതീയരുടെ അണയാത്ത സ്വാതന്ത്ര്യദാഹത്തിന്റെ പ്രതീകമായി ജ്വലിച്ചു നില്‍ക്കുന്നതു കാണാം. അതിനു പിറകിലായി സ്മൃതിമണ്ഡപം സ്ഥിതി ചെയ്യുന്നു. തൊട്ടുമുന്നിലായി ഒരു ആല്‍മരം നമുക്കു കാണാനാകും. കാലാപാനിയുടെ ചരിത്രത്തിലെ ഒരു പ്രധാനകഥാപാത്രമാണീ ആല്‍മരം. പടുവൃദ്ധനായ ഒരു ആല്‍മരമായിരുന്നു സമരകാലഘട്ടത്തില്‍ അവിടെ ഉണ്ടായിരുന്നത്. ജയിലില്‍ നടന്ന ക്രൂരതകള്‍ക്കു സാക്ഷ്യം വഹിച്ച ഈ കൂറ്റന്‍ ആല്‍മരം സെല്ലുകളില്‍ നിന്നുയരുന്ന ദീനരോദനങ്ങള്‍ സഹിക്ക വയ്യാതെയാവണം ഒരുദിനം അഡ്മിനിസ്‌ട്രേറ്റീവ് ബ്ലോക്കിനു മുകളിലേയ്ക്കു മറിഞ്ഞു വീണു. ആ കെട്ടിടത്തിനു ചെറുതല്ലാത്ത നാശനഷ്ടങ്ങളും ഉണ്ടായി. പിന്നീട് ബ്രിട്ടീഷുകാര്‍ തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിച്ച് ആ മരത്തെ ഉയര്‍ത്തി യഥാസ്ഥാനത്തു പ്രതിഷുിച്ചു. എങ്കിലും അതു അധിക കാലം ജീവിച്ചില്ല. അതിന്റെ തന്നെ ഒരു തൈവൃക്ഷമാണ് ഇപ്പോള്‍ അവിടെയുള്ള ആല്‍മരം.
ജയില്‍ വിംഗുകള്‍ ക്രമീകരിച്ചിരിക്കുന്നത് ഒന്ന് മറ്റൊന്നിന്റെ പുറകുവശത്തെ അഭിമുഖീകരിക്കുന്ന രീതിയിലാണ്. ഇതുമൂലം തടവുകാര്‍ പരസ്പരം കാണാനോ സംസാരിക്കാനോ ഉള്ള സാധ്യത ഇല്ല. ജയില്‍ വിംഗുകള്‍ നടുവിലെ പാറാവുമാളികയില്‍ യോജിക്കുന്നു. ജയില്‍ സമുച്ചയത്തിന്റെ വിവിധ നിലകളിലേയ്ക്കും വിംഗുകളിലേയ്ക്കും പ്രവേശിക്കുന്നതും ഇതിലൂടെയാണ്. തടവറയുടെ ഇടനാഴിയിലേയ്ക്ക് പ്രവേശിക്കുന്നതിനിടെ നമ്മള്‍ മൂന്നോ നാലോ കനത്ത ഇരുമ്പഴികള്‍ കടക്കേണ്ടിയിരിക്കുന്നു. എത്രയോ ധീരദേശാഭിമാനികളുടെ ചോരമണം പുരണ്ട നിശ്വാസങ്ങള്‍ ഏറ്റുവാങ്ങിയ കനത്ത കല്‍ചുവരുകള്‍. കാലാപാനിയിലെ തടവുകാരില്‍ പ്രമുഖനായിരുന്നു. വീര്‍സവര്‍ക്കര്‍. അദ്ദേഹത്തെ പാര്‍പ്പിച്ച സെല്ലും നമുക്കു സന്ദര്‍ശിക്കാം. ചരിത്രസ്മരണകളുടെ വേലിയേറ്റത്തില്‍ നമ്മള്‍ സ്വയം മറക്കുന്നു. ഞങ്ങളുടെ ആന്‍ഡമാന്‍ യാത്രയില്‍ തീരാനഷ്ടമായിരുന്നു. റോസ് ഐലന്റ്. സമയപരിമിതി മൂലം ഞങ്ങള്‍ക്ക് ഈ മനോഹര ദ്വീപ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞില്ല. ബ്രിട്ടീഷുകാരുടെ ഒരു തന്ത്രപ്രധാന സ്ഥലമായിരുന്നു റോസ് ഐലന്റ്. അവര്‍ കുടുംബസമേതം താമസിച്ചത് ഇവിടെയായിരുന്നു. ഇവിടെ അവര്‍ മനോഹരബംഗ്ലാവുകളും പള്ളികളും നിര്‍മ്മിച്ചു. ജയിലില്‍ നിന്ന് അധികം ദൂരെയല്ലാതിരിക്കെതന്നെ, അവിടെ പൊട്ടിപ്പുറപ്പെടാന്‍ സാധ്യതയുള്ള കലാപം, പകര്‍ച്ചവ്യാധികള്‍ എന്നിവയില്‍ നിന്നും സുരക്ഷിതമായ ദൂരത്തിലുമായിരുന്നു ഈ മനോഹരിയായ കൊച്ചു ദ്വീപ്. വെള്ളക്കാരന്‍ അതിമനോഹരമാക്കി സൂക്ഷിച്ച ഈ ദ്വീപിന്റെ ഇന്നത്തെ സ്ഥിതി അതി ദയനീയമാണ്. ഇടിഞ്ഞു പൊളിഞ്ഞ് കാടുകയറി നശിച്ച കെട്ടിടങ്ങള്‍ നിറഞ്ഞ ഒരു പ്രേതഭൂമിയാണിവിടം.
റോസ് ദ്വീപിന്റെ തകര്‍ച്ചയ്ക്ക് പിന്നില്‍ പല കഥകളും പറയപ്പെടുന്നു. ബ്രിട്ടീഷുകാരുടെ ആസ്ഥാനം എന്ന നിലയിലാവണം ഭാരത സര്‍ക്കാര്‍ ഇതിന്റെ സംരക്ഷണത്തില്‍ വേണ്ടത്ര ശ്രദ്ധ കാണിച്ചില്ല. പിന്നെയൊരു കഥ ഇങ്ങനെയാണ്. ബ്രിട്ടീഷ് ആധിപത്യത്തിനു ശേഷം രണ്ടാം ലോകമഹായുദ്ധകാലത്തു ആന്‍ഡമാന്‍ ദ്വീപുകള്‍ കുറേക്കാലം ജപ്പാന്‍ കാരുടെ കൈവശമായിരുന്നു. തിരികെ പോകേണ്ടിവന്നപ്പോള്‍ ഈ ദ്വീപിന്റെ മനോഹാരിത മൂലം അതിന്റെ കൈവിടാന്‍ ഒരുക്കമല്ലായിരുന്നത്രേ. പിന്നീറ്റ് നിര്‍ബ്ബന്ധിതമായി തിരിച്ചു കൊടുക്കേണ്ടിവന്നപ്പോള്‍ ഒരു വിമാനത്തില്‍ എന്തോ ഒരുതരം വിത്ത് അവര്‍ ഈ ദ്വീപുമുഴുവന്‍ വിതറിയത്രേ. അവ പിന്നീട് മാരകമായ വള്ളിച്ചെടികളായി വളര്‍ന്ന് ഈ ദ്വീപിനെ വിഴുങ്ങിയെന്നാണ് കഥ. ഇതിനെ ശരിവയ്ക്കുന്ന വിധം മറ്റു ദ്വീപുകളില്‍ കാണാത്ത സസ്യജാലങ്ങളാണ് റോസ് ദ്വീപില്‍ ഉള്ളത്. ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ
കാലാപാനിയിലെത്തുന്ന സഞ്ചാരിയ്ക്ക് ഒരിയ്ക്കലും ഒഴിവാക്കാന്‍ പറ്റാത്ത ഒന്നാണ് ജയില്‍ കോംപ്ലക്‌സില്‍ നടക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ. പ്രേക്ഷകനെ അത്യധികം വികാരാധീനനാക്കുന്നു ഈ പരിപാടി. ജയില്‍ മുറികളും, നേരത്തേ പരാമര്‍ശിച്ച ആല്‍മരവും വര്‍ക്ക്‌ഷോപ്പും തൂക്കുമരവും ഒക്കെ കഥാപാത്രങ്ങളാവുന്നു ഒരു നാടകത്തിന്റെ മാതൃകയിലുള്ള ഈ പരിപാടിയില്‍. മേല്‍പറഞ്ഞവയിലെല്ലാം സല്ക്കീകരിച്ചിരിക്കുന്ന വര്‍ണ്ണവെളിച്ചങ്ങളുടെ വിന്യാസത്തിനൊപ്പിച്ച ശബ്ദങ്ങള്‍ - അമ്‌രീഷ് പുരിയുടേയും മറ്റും ചേര്‍ന്ന് ഈ പരിപാടിക്കു മിഴിവേകുന്നു. ഇംഗ്ലീഷിലും ഹിന്ദിയിലും അവതരിപ്പിക്കപ്പെടുന്ന ഈ പരിപാടി നമുക്ക് കാലാപാനിയുടെ കഥ വിവരിച്ചു തരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ കാലാപാനിയുടെ സ്ഥാനവും.
ഭാഗം രണ്ട്: ബാരറ്റാംഗ് ദ്വീപ്
അടുത്ത ദിവസം ഞങ്ങള്‍ ബാരറ്റാംഗ് ദ്വീപ് സന്ദര്‍ശിക്കാന്‍ പോയി. ജരാവകള്‍ എന്നറിയപ്പെടുന്ന ആദിവസികള്‍ അധിവസിക്കുന്ന കൊടും കാട്ടിലൂടെ ഏതാനും മണിക്കൂറുകള്‍ ബസ്സില്‍ സഞ്ചരിക്കണം. കോണ്‍വോയ് അടിസ്ഥാനത്തിലാണ് വാഹങ്ങള്‍ ഈ കാട്ടിലൂടെ കടന്നു പോവുന്നത്. ഭരണവര്‍ഗ്ഗവും പരിഷ്‌കൃതമനുഷ്യനും അകറ്റി നിറുത്തുന്ന, അമ്പും വില്ലുമേന്തിയ ഏതാനും ജരാവകളെ വഴിയില്‍ വച്ചു കണ്ടു. അവര്‍ ആഹ്ലാദത്തോടെയാണ് വാഹനങ്ങളെ വീക്ഷിച്ചതെന്നു തോന്നി. പോര്‍ട്ട്ബ്ലയര്‍ ഉള്‍പ്പെടുന്ന വലിയ ദ്വീപിന്റെ വടക്കെ അറ്റത്ത് റോഡ് അവസാനിക്കുന്നു. പിന്നെ ഒരു ചെറുകപ്പലില്‍ ആള്‍ക്കാരെയും വാഹനങ്ങളേയും കയറ്റി അടുത്ത ദ്വീപിലെത്തിക്കുന്നു. ആദ്യ കപ്പല്‍ യാത്രയുടെ ആവേശത്തിലായിരുന്നു ഞങ്ങള്‍.
കണ്ടല്‍കാടുകളാല്‍ സമൃദ്ധമാണ് ഈ തീരങ്ങള്‍. ജലനീലിമ അതിന്റെ സൗന്ദര്യം ആവോളം കാണിച്ചു തരുന്നു നമ്മെ. ജലപ്പരപ്പ് പച്ചപുതച്ച കണ്ടല്‍ക്കാടുകളെ ചുംബിക്കുന്നു. കണ്ടല്‍ക്കാടുകള്‍ നിബിഢ വനത്തിലേയ്ക്കു വളരുന്നു. മേലെ മാര്‍ച്ചിന്റെ നീലാകാശം. എല്ലാം ചേര്‍ന്ന് ഒരു വിസ്മയലോകത്തെത്തിക്കുന്നു നമ്മെ.
അക്കരെയെത്തി. ആദ്യം സന്ദര്‍ശിച്ചത് ഒരു ചുണ്ണമ്പുകല്‍ ഗുഹയായിരുന്നു. കണ്ടല്‍കാടുകളുടെ ഇടയിലൂടെയുള്ള ജലപാതയിലൂടെ വേണം അവിടെയെത്താന്‍. അവ്യക്തമായ പല ചുണ്ണാമ്പുകല്‍ രൂപങ്ങളും നമുക്കീ ഗുഹയില്‍ കാണാം. തിരികെ ജട്ടിയിലെത്തി ജീപ്പില്‍ പുറപ്പെട്ടു. ഒരു ചെറിയ അിപര്‍വ്വതം കാണാന്‍. നിരന്തരം ചളി നിര്‍ഗ്ഗമിക്കുന്ന ഒരു ചെറിയ അിപര്‍വ്വതമായിരുന്നു ഈ 'മഡ് വൊള്‍കാനോ'. വളരെ ആക്ടീവ് ആയ അിപര്‍വ്വതങ്ങള്‍ ആന്‍ഡമാന്‍ ദ്വീപുസമൂഹത്തില്‍ ഉണ്ട്. പക്ഷേ സുരക്ഷാ കാരണങ്ങള്‍ കാരണം നമുക്കവ സന്ദര്‍ശിക്കാന്‍ കഴിയില്ല.ഭാഗം മൂന്ന്: ഹാവ്‌ലോക്ക് ദ്വീപ്
അടുത്ത ലക്ഷ്യം ഹാവ്‌ലോക്ക് ദ്വീപ് ആയിരുന്നു. ഇന്ത്യയിലെ ഏറ്റവും മനോഹരങ്ങളായ കടല്‍തീരം ഈ ദ്വീപിലാണ്, രാധാനഗര്‍ ബീച്ച്. അളവറ്റ സൗന്ദര്യത്താല്‍ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ കൊച്ചു ദ്വീപ് സഞ്ചാരികളുടെ പ്രിയപ്പെട്ട തീരമാണ്. പോര്‍ട്ട്ബ്ലയറില്‍ നിന്ന് 42 കിലോമീറ്ററോളം അകലെയുള്ള ഇവിടേയ്ക്ക് ദിവസേന ഫെറി സര്‍വ്വീസ് ഉണ്ട്. 4 മണിക്കൂറോളം 'രാമാനുജന്‍' എന്ന കപ്പലില്‍ യാത്ര ചെയ്താണ് ഞങ്ങള്‍ ഉച്ചയോടെ ഇവിടെയെത്തിയത്. ഹാവ്‌ലോക്ക് ജട്ടിയില്‍ പാലത്തിനു കീഴെ ജല്ലിഫിഷുകളുടെ ഒരു വലിയ സമൂഹത്തെ കണ്ടു. കമനീയമായ കാഴ്ചയായിരുന്നു അത്. രധാനഗര്‍ ബീച്ച്, എലിഫന്റ് ബീച്ച് അങ്ങനെ പലപേരുകളിലായി ആറോ ഏഴോ മനോഹര ബീച്ചുകള്‍ ഇവിടെയുണ്ട്. ഏറ്റവും മനോഹരമായത് രാധാനഗര്‍ ബീച്ചു തന്നെ. ഹരിതാഭമായ കാടുകള്‍ തൂവെള്ള മണല്‍പ്പരപ്പില്‍ അവസാനിക്കുന്നു. അതിനെ ചുംബിച്ചു കൊണ്ടിരിക്കുന്ന ആഴം കുറഞ്ഞ സ്ഫടികജലപ്പരപ്പ്. മണലിന്റെ വെണ്മയും ജലത്തിന്റെ സുതാര്യതയുമാണ് ഇവിടത്തെ ബീച്ചുകളുടെ ആകര്‍ഷണീയത. സൗന്ദര്യത്തിനു മാറ്റു കൂട്ടാന്‍ പാറക്കെട്ടുകളും ജലത്തിലേയ്ക്ക് ചാഞ്ഞു കിടക്കുന്ന മരങ്ങളും.
അവിടെ സഞ്ചാരം ഒരു പ്രശ്‌നം തന്നെയാണ്. സൈക്കിളുകളും മോട്ടോര്‍സൈക്കിളും ഒക്കെ വാടകയ്ക്കു കിട്ടും. ഞങ്ങള്‍ 5 വണ്ടി വാടകയ്‌ക്കെടുത്തു. താമസമാണ് മറ്റൊരു പ്രശ്‌നം. വലിയ റിസോര്‍ട്ടുകള്‍ മാത്രമേ അവിടെയുള്ളൂ. അവിടെ താരതമ്യേന തിരക്കു കുറഞ്ഞ ഒരു റിസോര്‍ട്ടുടമയെ സമീപിച്ച് അദ്ദേഹത്തിന്റെ 2 കുടിലുകളും(പണി തീരാത്ത!) പിന്നെ അദ്ദേഹത്തിന്റെ പറമ്പില്‍ ഞങ്ങളുടെ കൈവശമുണ്ടായിരുന്ന ടെന്റുകള്‍ സ്ഥാപിക്കനുള്ള അനുവാദവും വലിയ ചിലവില്ലാതെ തരപ്പെടുത്തി. പിന്നീട് ഞങ്ങള്‍ രാധാനഗര്‍ ബീച്ചിലേയ്ക്കു പോയി കടലില്‍ സമയം ചിലവഴിച്ചു. സന്ധ്യമയങ്ങിയപ്പോള്‍ റിസോര്‍ട്ടില്‍ മടങ്ങിയെത്തി െടന്റുകള്‍ ഉയര്‍ത്തി പിന്നീട് കടല്‍ത്തീരത്ത് ഒന്നാന്തരം ഒരു ക്യാമ്പ് ഫയറും ഒരുക്കി. അല്‍പം ബിയറും ഭക്ഷണവും കഴിച്ച് ടെന്റുകളുടെ മഴമൂടി മാറ്റി നക്ഷത്രങ്ങള്‍ നിറഞ്ഞ ആകാശവും നോക്കിക്കിടന്നു. പിറ്റേന്ന് ഉച്ചയ്ക്ക് രാമാനുജന്‍ തിരികെ പോവുമ്പോള്‍ ഈ മനോഹര തീരം വിടേണ്ടതുകൊണ്ട് ഉള്ളസമയം കൊണ്ട് ഞങ്ങള്‍ എലിഫന്റ് ബീച്ചും മറ്റു ബീച്ചുകളും സന്ദര്‍ശിച്ചു. ഈ ബീച്ചുകളുടെ സൗന്ദര്യം വര്‍ണ്ണിക്കാന്‍ വാക്കുകളില്ല. എല്ലാം കഴിഞ്ഞ് മനസ്സിലാമനസ്സോടെ ഞങ്ങള്‍ കപ്പലില്‍ കയറി.
ഭാഗം നാല്: ജോളിബോയ്
ഇനി കടലിന്നടിയിലെ അത്ഭുതലോകത്തിലേയ്‌ക്കൊരു യാത്ര. ആന്‍ഡമാന്‍ യാത്രയിലെ ഏറ്റവും അതിശയക്കാഴ്ചകളായിരുന്നു ഇവിടെ ഞങ്ങളെ കാത്തിരുന്നത്. രാജീവ് ഗാന്ധി മറൈന്‍ നാഷണല്‍ പാര്‍ക്കിലെ ഒരു കൊച്ചു ദ്വീപാണ് ജോളി ബോയ്. പോര്‍ട്ട് ബ്ലയറില്‍ നിന്ന് കുറേ ദൂരം വാഹനത്തില്‍ സഞ്ചരിച്ച് പിന്നീട് ഒരു ഫെറിയില്‍ സഞ്ചരിച്ചു വേണം ഇവിടെയെത്താന്‍. പ്ലാസ്റ്റിക്കിനും അതുപോലെയുള്ള മാലിന്യങ്ങള്‍ക്കുമെതിരെ കര്‍ശനനിലപാടാണ് അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത്. ജട്ടിയില്‍ വച്ചുതന്നെ നമ്മുടെ കൈവശമുള്ള പ്ലാസ്റ്റിക് വസ്തുക്കളുടെ ലിസ്റ്റ് അവിടെ കൊടുക്കുകയും തിരികെ വരുമ്പോള്‍ അവയെല്ലാം കാണിക്കുകയും വേണം! ആശാവഹം തന്നെ. പവിഴപ്പുറ്റുകളാല്‍ സമ്പന്നമായ ഒരു തീരമാണിത്. അതുകൊണ്ടുതന്നെ നമ്മളെ അവിടെത്തിക്കുന്ന വലിയ ബോട്ട് കരയ്ക്കടുക്കുകയില്ല. പിന്നെ അടിഭാഗത്തു ചില്ലിട്ട ഒരു ചെറിയ ബോട്ടില്‍ കയറ്റിയാണ് നമ്മെ കരയ്‌ക്കെത്തിക്കുക. ആഴം കുറഞ്ഞ ഭാഗത്ത് സ്നോര്‍ക്കലിംഗിലൂടെ നമുക്ക് കടലിന്നടിയിലെ അത്ഭുതങ്ങള്‍ കാണാം. പല വലിപ്പത്തിലും ആകൃതിയിലും വര്‍ണ്ണങ്ങളിലും ഉള്ള പവിഴപ്പുറ്റുകള്‍, മനോഹരമായ മല്‍സ്യങ്ങളും മറ്റുജലജീവികളും എല്ലം ചേര്‍ന്ന് തീര്‍ത്തും അവിസ്മരണീയമായ കാഴ്ചകളാണ് നമുക്കിവിടെ കാണാന്‍ കഴിയുക. നക്ഷത്രമല്‍സ്യങ്ങള്‍, ക്ലൗണ്‍ ഫിഷ്, ജെല്ലിഫിഷ്, .. പേരറിയാവുന്നവയും എനിക്കു തിരിച്ചറിയാന്‍ കഴിഞ്ഞവയും ഇവയൊക്കെയാണ്. ഒരു അണ്ടര്‍ വാട്ടര്‍ ക്യാമറ ഉണ്ടെങ്കില്‍ നമുക്കീ സൗന്ദര്യത്തെ സ്വന്തമാക്കാം.
സ്നോര്‍ക്കലിംഗ് കഴിഞ്ഞ് ഞങ്ങള്‍ ആ കൊച്ചു ദ്വീപില്‍ ഒന്നു ചുറ്റി. എല്ലായിടത്തേയും പോലെ മനോഹരങ്ങളായ ബീച്ചുകള്‍. ജലനീലിമയുടെ വശ്യഭംഗി. അല്‍പസമയം അവിടെ ചിലവഴിച്ച ശേഷം ഞങ്ങള്‍ തിരിച്ചു. തിരികെ യാത്ര വേദനാജനകം തന്നെ.
സങ്കടത്തോടെയാണെങ്കിലും 5 ദിനങ്ങള്‍ കടന്നുപോയതു ഞങ്ങളറിഞ്ഞു. മനോഹരമായ ആ സ്വപ്നാടനത്തിന്നന്ത്യമായിരിക്കുന്നു. നാളെ രാവിലെത്തെ വിമാനത്തില്‍ തിരികെ ഉപഭൂഖണ്ഡത്തിലേയ്ക്ക്. ചരിത്രസ്മരണകളുടെയും പ്രകൃതിവിസ്മയങ്ങളുടേയും ഒരുപാടു സ്ഥലങ്ങള്‍ ഇനിയും കാണാനിനിരിക്കുന്നു. തിരികെ പോര്‍ട്ട്ബ്ലയറില്‍ വന്ന് അബര്‍ദ്ദീന്‍ ബസാറിലൂടെ കുറേ അലഞ്ഞു നടന്നു. ചില്ലറ ഷോപ്പിംഗും നടത്തി. വൈകുന്നേരം അവിടെ ഞങ്ങളെ യാത്രയില്‍ സഹായിച്ച എല്ലാവരുടെയും കൂടെ ഒരു അത്താഴം. രാവിലെ സന്തോഷേട്ടന്റെ വണ്ടി ഞങ്ങളെ വീര്‍ സവര്‍ക്കര്‍ വിമാനത്താവളത്തിലെത്തിച്ചു. സമയം തെറ്റാതെ വിമാനം പറന്നു പൊങ്ങി. ഓര്‍മ്മകള്‍ക്ക് ഭാരമില്ലാത്തതു കാരണം ഒരു പാട് കൂടെക്കൊണ്ടു പോന്നു. യാത്ര അവിസ്മരണീയമാക്കിയ എല്ലാവര്‍ക്കും നന്ദി.






