githadharsanam

ഗീതാദര്‍ശനം - 16

Posted on: 04 Oct 2008


അര്‍ജുന വിഷാദയോഗം



നിഹത്യ ധാര്‍ത്തരാഷ്ട്രാന്‍ നഃ
കാ പ്രീതിഃ സ്യാജ്ജനാര്‍ദന
പാപമേവാശ്രയേദസ്മാന്‍
ഹതൈ്വതാനാതതായിനഃ

ഹേ ജനാര്‍ദനാ, ധൃതരാഷ്ട്രപുത്രന്മാരെ കൊന്നിട്ട് എന്ത് സന്തോഷമാണ് ഞങ്ങള്‍ക്കു കിട്ടുക? മഹാപാപികളെന്നാലും (ബന്ധുക്കളായ) ഇവരെ കൊന്നാല്‍ പാപമല്ലാതെ എന്തുണ്ട് ലഭിക്കാന്‍?
വിവരക്കേടുകൊണ്ട് വേണ്ടാതീനം കാട്ടുന്ന വേണ്ടപ്പെട്ടവരെ ഒടുക്കുന്നതില്‍ എന്തുണ്ട് സന്തോഷം? പാപമല്ലേ ആ ചെയ്തി?
ദുശ്ശീലങ്ങളെ നിയന്ത്രണത്തില്‍ നിര്‍ത്തിയാല്‍ പോരെ, പാടെ ഉപേക്ഷിക്കുന്നതെന്തിന് എന്ന് നിവാരണാലയത്തിലെ ചികിത്സകനോട് രോഗി ചോദിക്കുന്ന ചോദ്യത്തിന്റെ മറ്റൊരു പതിപ്പ്. വേരോടെ പിഴുതാലേ രക്ഷയുള്ളൂ എന്ന് ബോധ്യം വരുന്നില്ല.

തസ്മാന്നാര്‍ഹാ വയം ഹന്തും
ധാര്‍ത്തരാഷ്ട്രാന്‍ സ്വബാന്ധവാന്‍
സ്വജനം ഹി കഥം ഹത്വാ
സുഖിനഃ സ്യാമ മാധവ

അതിനാല്‍, നാം സ്വജനങ്ങളായ കൗരവരെ കൊല്ലാന്‍ പാടില്ല. സ്വജനങ്ങളെത്തന്നെ കൊന്നതില്‍പ്പിന്നെ, ഹേ മാധവാ പറയൂ, ഞങ്ങള്‍ക്കെങ്ങനെ സുഖമായിരിക്കാന്‍ കഴിയും?
(സുഖഭോഗാസക്തിയില്‍നിന്ന് മോചനം ആവശ്യമില്ല എന്ന തീരുമാനമെടുക്കുന്ന മുറയ്ക്ക് അവയുടെ ലഹരിക്ക് അനുകൂലമായ ന്യായങ്ങള്‍ കണ്ടെത്താന്‍ മനസ്സ് പുറപ്പെടുന്നു. ഉദാഹരണം: 'എന്റെ സുഖം ഈ ആസക്തികളെ ആശ്രയിച്ചിരിക്കുന്നു. ഈ ബന്ധുക്കളെ കൊല്ലാന്‍പാടില്ല. ഇവരെ ഇല്ലായ്മ ചെയ്താല്‍ പിന്നെങ്ങനെ എനിക്കു സുഖം ലഭിക്കാനാണ്?')

(തുടരും)






MathrubhumiMatrimonial