githadharsanam

ഗീതാദര്‍ശനം - 15

Posted on: 02 Oct 2008


അര്‍ജുന വിഷാദയോഗം



ആചാര്യാഃ പിതരഃ പുത്രാഃ
തഥൈവ ച പിതാമഹാഃ
മാതുലാഃ ശ്വശുരാഃ പൗത്രാഃ
സ്യാലാഃ സംബന്ധിനസ്തഥാഃ

ആചാര്യന്മാരും പിതാക്കളും പുത്രരുമെന്നപോലെത്തന്നെ പിതാമഹരും മാതുലരും ശ്വശുരരും പൗത്രരും അളിയന്മാരുമെല്ലാമുള്‍പ്പെടെ സകല ബന്ധുജനങ്ങളും പോരിന് നില്‍ക്കുന്നു.
പിതൃക്കളും ഗുരുനാഥരും ബന്ധുക്കളുമുള്‍പ്പെടെ ഞങ്ങളില്‍ എത്രയോ തലമുറകളായി അനീതിയുടെപക്ഷം ചേര്‍ന്നുള്ള അക്രമാസക്തി നിലനില്‍ക്കുന്നു. ആ പാരമ്പര്യത്തെ തള്ളിപ്പറയുന്നത് ശരിയോ?
'പിതൃക്കളില്‍നിന്ന് കണ്ടും ആചാര്യരില്‍നിന്ന് കേട്ടും വേരുറച്ച കാമലോഭാദി വികാരങ്ങളെ എങ്ങനെ ഉപേക്ഷിക്കും?' എന്ന് താത്ത്വികതലത്തിലെ സാരം.
തലമുറകളായി നിലനില്‍ക്കുന്ന ജീവശാസ്ത്രപരവും നീതിശാസ്ത്രസംബന്ധിയുമായ പാകപ്പിഴകള്‍ക്ക് എതിരെയാണ് ഭഗവദ്ഗീതയുടെ കാഹളം മുഴങ്ങുന്നത്.

ഏതാന്‍ നഃ ഹന്തുമിച്ഛാമി
ഘ്‌നതോപി മധുസൂദന
അപി ത്രൈലോക്യ രാജസ്യ
ഹേതോഃ കിം നു മഹീകൃതേ

(ചെറുത്തില്ലെങ്കില്‍) കൊല്ലപ്പെടുമെന്നു വന്നാല്‍പ്പോലും ഇവരെയൊന്നും ഇല്ലായ്മ ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. മൂവുലകങ്ങളുടെയും ഉടമസ്ഥതയ്ക്കായിപ്പോലും അത് വയ്യ. പിന്നെയല്ലേ, ഈ ഭൂമിയിലെ എന്തെങ്കിലും കാര്യത്തിനായിട്ട്?
(ജീവന്‍പോയാലും ഇവരുടെയൊക്കെ പൈതൃകത്തെ നിഷേധിക്കാന്‍ എനിക്കാഗ്രഹമില്ല. മൂവുലകും കിട്ടിയാലും പറ്റില്ല, പിന്നെയല്ലേ അതില്‍ കുറഞ്ഞ ലാഭങ്ങള്‍!)

(തുടരും)



MathrubhumiMatrimonial