
800 ദിവസംകൊണ്ട് ലോകം ചുറ്റി ഗ്രീക്ക് ദമ്പതിമാര്‍
Posted on: 04 Sep 2008
പി.ബസന്ത്
കൊല്ലം: 800 ദിവസംകൊണ്ട് ലോകം ചുറ്റിയടിക്കാനിറങ്ങിയ ഗ്രീക്ക് ദമ്പതിമാര്‍ കൊല്ലത്ത്. ഗ്രീസിലെ പ്രശസ്തമായ 'ഫോര്‍ വീല്‍സ്' എന്ന ഓട്ടോമൊബീല്‍ മാഗസിനില്‍ പത്രപ്രവര്‍ത്തകനായ അക്കീസ് ടെമ്പറിഡിസും വുലാ നേതുവും കാര്‍മാര്‍ഗം 37 രാജ്യങ്ങള്‍ താണ്ടിയാണ് അഷ്ടമുടിയുടെ തീരമണഞ്ഞത്. ചവറയില്‍ അഷ്ടമുടിയുടെ തീരത്തുള്ള ക്ലബ് മഹീന്ദ്രയുടെ ബാക്ക് വാട്ടര്‍ റിട്രീറ്റിന്റെ അതിഥികളായി കേരളത്തിന്റെ പച്ചപ്പ് ആസ്വദിക്കുന്ന അക്കീസും വുലയും റോഡിലൂടെയുള്ള കഠിനയാത്രയ്ക്ക് ഒരുദിവസത്തെ അവധി പ്രഖ്യാപിച്ചിരിക്കുന്നു. നന്ദിചൊല്ലേണ്ടത് അഖിലേന്ത്യാ പണിമുടക്കിന്. പുറത്ത് റോഡുകളില്‍ വാഹനങ്ങള്‍ ഓടുന്നില്ലെന്ന് പറയുമ്പോള്‍ ഇരുവര്‍ക്കും അദ്ഭുതം.ഗ്രീസില്‍നിന്ന് സാഹസികയാത്രയ്ക്ക് ഇറങ്ങിത്തിരിക്കുമ്പോള്‍ അക്കീസിന്റെ ബാങ്ക് അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് 50,000 രൂപ മാത്രമായിരുന്നു. 483 ദിവസം കൊണ്ട് 37 രാജ്യങ്ങള്‍ താണ്ടി ഇവിടെയെത്തുമ്പോള്‍ വഴിനീളെ അനുഭവിച്ചത് സ്നേഹവും സഹകരണവും മാത്രം. റോഡരികിലും കടല്‍ത്തീരത്തും രാത്രി കഴിച്ചുകൂട്ടിയതിന്റെ ത്രില്‍ ഇരുവര്‍ക്കും വിട്ടുമാറിയിട്ടില്ല. ഇനിയുള്ള 371 ദിവസങ്ങള്‍കൊണ്ട് 43 രാജ്യങ്ങള്‍കൂടി സഞ്ചരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
ജൂണ്‍ ഏഴിനാണ് വാഗാ അതിര്‍ത്തിവഴി ഇന്ത്യയിലെത്തിയത്. തുടര്‍ന്ന് അമൃതസര്‍, കശ്മീര്‍, ലഡാക്ക്, ലുധിയാന, വാരാണസി, ഭോപ്പാല്‍, ഇന്‍ഡോര്‍, മുംബൈ, ഗോവ വഴി കൂര്‍ഗിലൂടെ കേരളത്തിന്റെ പച്ചപ്പിലേക്ക്. കുട്ടനാട്ടില്‍ ഹൗസ് ബോട്ടിലൂടെയുള്ള യാത്രയില്‍ കഴിച്ച സദ്യയുടെ രുചി മാറിയിട്ടില്ല ഇരുവര്‍ക്കും. ക്ലബ് മഹീന്ദ്രയില്‍ ഇരുവര്‍ക്കുമായി പ്രത്യേക ആയുര്‍വേദ മസാജ് ഏര്‍പ്പാട് ചെയ്തിരുന്നു. ദിവസങ്ങള്‍ നീണ്ട യാത്രയില്‍ നവോന്മേഷം പകര്‍ന്ന നിമിഷങ്ങളെന്ന് അക്കീസ് തന്റെ യാത്രാനുഭവക്കുറിപ്പില്‍ എഴുതുന്നു.
യാത്രാനുഭവങ്ങള്‍ അന്താരാഷ്ട്ര ടൂറിസ്റ്റ് മാഗസിനുകളില്‍ പ്രസിദ്ധീകരിച്ചാണ് യാത്രച്ചെലവ് കണ്ടെത്തുന്നത്. ഗ്രീക്ക് റേഡിയോയ്ക്കും കൃത്യമായ ഇടവേളകളില്‍ റിപ്പോര്‍ട്ടുകള്‍ സാറ്റലൈറ്റ് ഫോണ്‍ ഉപയോഗിച്ച് നല്‍കുന്നുണ്ട്. 'റേഡിയോ തെസാലോ നിക്കി'ക്ക് പുറമേ, ഗ്രീക്ക് ടെലിവിഷനും യാത്രാനുഭവങ്ങള്‍ നല്‍കുന്നു. ഇന്ത്യയിലെ ഒരു കാര്‍ മാഗസിനിലേക്കും വാര്‍ത്ത പങ്കുവയ്ക്കാറുണ്ടെന്ന് അക്കീസ് പറഞ്ഞു. യാത്രയുടെ വിവരങ്ങളും ചിത്രങ്ങളും സാഹസികയാത്രയ്ക്ക് വേണ്ടി തയ്യാറാക്കിയ വെബ് സൈറ്റിലുണ്ട്. www.theworldoffroad.com എന്നതാണ് വെബ് സൈറ്റിന്റെ മേല്‍വിലാസം.
പ്രശസ്തമായ ലാന്‍ഡ് റോവര്‍ കമ്പനിയുടെ ഡിസ്‌കവറി- 3 കാറിലാണ് ഇരുവരുടെയും യാത്ര. കാറിന് മുകളില്‍ കിടന്നുറങ്ങാനുള്ള ടെന്റ്, ചുരുട്ടിവയ്ക്കാനുള്ള അറ. വിവിധ കമ്പനികളുടെ സ്‌പോണ്‍സര്‍ഷിപ്പിന്റെ സഹായത്തോടെ നടത്തുന്ന യാത്ര കന്യാകുമാരി, മധുര, പോണ്ടിച്ചേരി വഴി ചെന്നൈയില്‍ അവസാനിക്കും. തുടര്‍ന്ന് മലേഷ്യയിലേക്ക്. അവിടെനിന്ന് തായ്‌ലന്‍ഡ്, കംബോഡിയ, ലാവോസ്, സിംഗപ്പൂര്‍, ഓസ്‌ട്രേലിയ വഴി അമേരിക്കയിലേക്ക്...




