മുഖ്യമന്ത്രിയുടെ മടിയിലിരിക്കാനും ഷാജുവിനു ഭാഗ്യം

Posted on: 18 Jan 2011

ടി. രാജന്‍ പൊതുവാള്‍



സ്‌കൂള്‍ യുവജനോത്സവങ്ങള്‍ എനിക്കും ക്യാമറക്കും ഉത്സവകാലമായിരുന്നു. 1976ല്‍ മാതൃഭൂമിയില്‍ വന്നശേഷം എത്രയെത്ര യുവജനോത്സവങ്ങള്‍. കളങ്കമില്ലാത്ത കുഞ്ഞുമുഖങ്ങള്‍, അവിടെ വിരിയുന്ന ഭാവങ്ങള്‍, അവരുടെ വേഷങ്ങള്‍ ക്യാമറക്ക് എന്നും ആവേശമായിരുന്നു. ഒരു യുവജനോത്സവം കഴിയുമ്പോള്‍ മറ്റൊന്ന് വരാന്‍ കാത്തിരിക്കും.

യുവജനോത്സവം ഓര്‍ക്കുമ്പോള്‍ ആദ്യം ഓര്‍ക്കേണ്ടത് അന്തരിച്ച മുഖ്യമന്ത്രി കെ.കരുണാകരനേയും അന്നത്തെ മന്ത്രി ടി.എം. ജേക്കബ്ബിനെയുമാണ്. കാരണം യുവജനോത്സവം കൊഴുപ്പിക്കാന്‍ രണ്ടുപേരുടെയും ആത്മാര്‍ത്ഥമായ പരിശ്രമം ഉണ്ടായിരുന്നു. ഇവരുടെ കാലഘട്ടമാണ് സുവര്‍ണ്ണകാലം. കുട്ടികള്‍ക്ക് മുത്തമിടാന്‍ സ്വര്‍ണ്ണകപ്പും മാറോടണയ്ക്കാന്‍ കലാതിലകവും പ്രതിഭാ പട്ടവും സമ്മാനിച്ചത് ഇവരാണ്. യുവജനോത്സവത്തില്‍ ഒരേ ഒരു ഇനം അവതരിപ്പിച്ച് മുഖ്യമന്ത്രിയുടെ മടിയില്‍ കയറി ഇരിക്കാനും ഒരു വീട് സ്വന്തമാക്കാനും ഒരു കുട്ടിക്കെ സാധിച്ചിട്ടുള്ളൂ. തൃശ്ശൂരിലെ 1986ലെ ഇരുപത്തിയാറാമത് യുവജനോത്സവം. അവാസന ദിവസത്തെ സമ്മാനദാനചടങ്ങ്. പ്രധാന വേദിക്ക് മുന്നില്‍ ഫോട്ടോഗ്രാഫര്‍മാരുടെ വന്‍ മതില്‍. കര്‍ട്ടന് പിറകിലാണ് ഇപ്പോള്‍ യഥാര്‍ഥ മത്സരം. എത്രയോ കുട്ടികളെ കണക്ക് പഠിപ്പിച്ച, റാങ്ക് വാങ്ങികൊടുത്ത മാഷ്ന്മാര്‍ക്ക് കണക്ക് തെറ്റുന്ന സമയം. ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നിര്‍ണ്ണയിക്കുമ്പോള്‍ കയ്യിലേയും കാലിലേയും വിരലുകള്‍ മതിയാകാതെ മാഷന്മാര്‍ വിയര്‍ക്കും. ഏതാണ്ട് സന്ധ്യ കഴിഞ്ഞാലെ അവര്‍ക്ക് കണക്ക് ശരിയാകൂ. അപ്പോഴായിരിക്കും. ഒരു ടീച്ചര്‍ ശരവേഗത്തില്‍ ഓടിയെത്തി. ''എന്റെ മാഷേ, ആ കുട്ടിടെ പോയിന്റ് കൂട്ടിയോ'' എന്ന് വെറുതെ ഒരു ആവേശത്തില്‍ ചോദിച്ചാല്‍ കൂട്ടി കിട്ടിയ കണക്ക് വീണ്ടും കുഴയും. സമ്മാനദാനത്തിന് കരുണാകരന്‍ പാഞ്ഞെത്തി. ഏകാഭിനയത്തിലും ഭാവാഭിനയത്തിലും ആരേയും കടിത്തിവെട്ടുന്ന ആശാന്‍. ഒരു തിരക്കുമില്ലെങ്കിലും ഭയങ്കര തിരക്കിലാണെന്ന് അഭിനയിച്ച് ഫലിപ്പിക്കാന്‍ സ്റ്റേജിന്റെ മുന്നൂ പടവുകളും ചാടിക്കയറി. കൂടെ ചാടിക്കയറാന്‍ പറ്റാത്ത മാണിസാറും ടി.എം.ജേക്കബും അടിതെറ്റാതെ പതുക്കെ കയറിപ്പറ്റി.
ഓവര്‍ ആള്‍ ചാമ്പ്യന്‍ഷിപ്പ് നിര്‍ണ്ണയം വൈകുന്നു. കരുണാകരന്‍ അക്ഷമനാകുന്നു. അപ്പോഴാണ് ടി.എം.ജേക്കബിന് ഒരു ബുദ്ധി വന്നത്. ഒന്നാം സ്ഥാന നേടിയവരെ വീണ്ടും പരിപാടി അവതരിപ്പിക്കാന്‍ ക്ഷണിച്ചു. ആദ്യത്തെ ഊഴം മോണോആക്ട്. ജനം സന്തോഷിച്ച് കൈയടി തുടങ്ങി. സ്റ്റേജിന്റെ പടികയറിയത് ഷാജു. ഒരു മദ്ദളത്തിന്റെ ഉയരമുള്ള ഷാജുവിന്റെ ഉയരത്തിലാക്കാന്‍ ടി.എം.ജേക്കബ് മൈക്ക് വളച്ചൊടിച്ചു. തന്റെ പുറമ്പോക്കിലെ താമസവും ചോര്‍ന്നൊലിക്കുന്ന കൂരയും ദാരിദ്ര്യവും എല്ലാം കഥയായി അവന്‍ അഭിനയിച്ചു. അയ്യായിരത്തോളം വരുന്ന സദസ്സ് അവനെ പ്രോത്സാഹിപ്പിച്ചു. പരിപാടി തീര്‍ന്ന ഉടന്‍ കെ.കരുണാകരന്‍ അവനെ ഇരു കൈകളും കൂട്ടി ഉയര്‍ത്തി മടിയിലിരുത്തി. ജൂബ്ബയുടെ പോക്കറ്റില്‍ കയ്യിട്ടപ്പോള്‍ കിട്ടിയ നോട്ടുകളെല്ലാം ആ കുഞ്ഞികൈയില്‍ നിറച്ചുകൊടുത്തതോടെ ഷാജു കരച്ചില്‍ തുടങ്ങി. ആര്‍ത്തിരമ്പുന്ന ജനം. പ്രൗഢ ഗംഭീരമായ വേദിയില്‍ മുഖ്യമന്ത്രിയുടെ മടിയില്‍ ഇരുന്നപ്പോള്‍ ഷാജി തന്നെ വലുതാകാന്‍ തുടങ്ങി. ജനാവലിയുടെ അഭിനന്ദനത്തോടൊപ്പം കെ. കരുണാകരന്‍ അവന്റെ ചെവിയില്‍ ഒരു സ്വകാര്യം കൂടി പറഞ്ഞു. ഒരു സമ്മാനം കൂടിയുണ്ട്. ഷാജുവിന് സ്വന്തമായി ഒരു വീട് !, ആ പ്രഖ്യാപനം ടി.എം.ജേക്കബ് മൈക്കിലൂടെ പറഞ്ഞപ്പോള്‍ വേദിക്ക് ദൂരെ ഷാജുവിന്റെ വിധവയായ അമ്മ ജാനകി കണ്ണീര് ഒതുക്കാന്‍ പാടുപെടുകയായിരുന്നു. യുവജനോത്സവത്തില്‍ അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായി എന്റെയും ക്യാമറയുടെയും ഒരു സുന്ദര നിമിഷം.





MathrubhumiMatrimonial