താരമായി ഘോഷ് Posted on: 28 Nov 2010
പനാജി: ഋതുപര്‍ണഘോഷ് മേളയുടെ വിസ്മയമായി മാറുകയാണ്. ഇന്ത്യയിലെ ഏറ്റവും പ്രതിഭാശാലിയായ സംവിധായകനായി ലോകം വാഴ്ത്തുന്ന ഋതുപര്‍ണഘോഷിന്റെ കഴിവുകളെ മാറ്റുരയ്ക്കുന്ന മൂന്ന് സിനിമകളാണ് 'ഇഫി 2010' ലുള്ളത്. ഋതു ഉടനീളം ഒരു സ്ത്രീയായി അഭിനയിക്കുന്ന കൗഷിക് ഗാംഗുലി സംവിധാനം ചെയ്ത 'മറ്റൊരുപ്രണയകഥ' എന്ന ചിത്രം അഭിനയലോകത്തില്‍ നിലവിലുള്ള സങ്കല്പങ്ങളെയെല്ലാം അട്ടിമറിക്കുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ന്യൂയോര്‍ക്ക് ഫിലിം ഫെസ്റ്റിവലില്‍ മികച്ച സിനിമയായിരുന്നു 'മറ്റൊരുപ്രണയകഥ.'ആണിന്റെയും പെണ്ണിന്റെയും നാട്യശാസ്ത്ര രീതികള്‍ക്കപ്പുറത്തേക്ക് 'മൂന്നാംലിംഗ' ത്തിന്റെ സംഘര്‍ഷങ്ങള്‍ ഇന്ത്യന്‍ വെള്ളിത്തിരയില്‍ അതിന്റെ പൂര്‍ണരൂപത്തില്‍ അവതരിപ്പിക്കുകയാണ് ഋതുപര്‍ണഘോഷ്.
ബംഗാളിലെ വിസ്മൃത കലാകാരനായ ചപ്പല്‍ ബാദുരിയുടെ ജീവിതത്തെ ആസ്പദമാക്കി സിനിമയെടുക്കാന്‍ പുറപ്പെടുന്ന ഒരു ചലച്ചിത്രസംഘത്തിന്റെ കഥയിലൂടെ സിനിമ പറയുന്നത് മുഖ്യധാരയില്‍ അദൃശ്യരായിപ്പോകുന്ന 'മൂന്നാംലിംഗ' ത്തിന്റെ വേദനകളാണ്. ഋതുപര്‍ണഘോഷ് സംവിധാനം ചെയ്ത 'ഒഭോമാന്‍', 'നനഗാഡൂബേ' എന്നീ സിനിമകള്‍ 'ഇഫി'യില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
ലെനിന്‍ രാജേന്ദ്രന്റെ 'മകരമഞ്ഞാ'ണ് പനോരമയില്‍ പ്രദര്‍ശിപ്പിച്ച മലയാളചിത്രം.
പ്രശാന്ത് കാനത്തൂരിന്റെ 'അവള്‍' നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ ശ്രദ്ധപിടിച്ചുപറ്റി. തമിഴ്‌നാട്ടിലെ ഉള്‍ഗ്രാമങ്ങളില്‍ ജീവിതം മുന്നോട്ടു കൊണ്ടുപോകാനാവാത്ത സാഹചര്യങ്ങളില്‍ കുടുംബം തന്നെ പെണ്‍കുട്ടികളെ കൊന്നുകളയുന്ന നിഷ്ഠുര ആചാരത്തിലേക്കാണ് 'മാതൃഭൂമി' ചെന്നൈ ലേഖകന്‍ കൂടിയായ പ്രശാന്തിന്റെ സിനിമ ശ്രദ്ധതിരിക്കുന്നത്.
സംഗീത പത്മനാഭന്‍ സംവിധാനം ചെയ്ത 'ചാരുലതയുടെ ബാക്കി' ഹ്രസ്വചിത്ര മത്സര വിഭാഗത്തില്‍ ശ്രദ്ധേയമായി. പത്മപ്രിയയും വിനീതും പ്രധാന വേഷമണിഞ്ഞ 'ചാരുലതയുടെ ബാക്കി', സത്യജിത്ത് റേയുടെ 'ചാരുലത'യെന്ന പ്രശസ്ത സിനിമയ്ക്ക് ഒരു മലയാളി തുടര്‍ച്ചയാണ്. മണിലാലിന്റെ സുരഭി നായികയായി വേഷമണിഞ്ഞ 'പ്രണയത്തില്‍ ഒരുവള്‍ വാഴ്ത്തപ്പെടുന്ന വിധം' ഹ്രസ്വ ചിത്രത്തില്‍ പ്രദര്‍ശനത്തിനെത്തി.
റസൂല്‍പൂക്കുട്ടിയുടെ ശബ്ദലേഖനത്തെക്കുറിച്ച് രണ്ടു മണിക്കൂര്‍ നീണ്ടുനിന്ന ക്ലാസായിരുന്നു മേളയുടെ മറ്റൊരു പ്രധാന ആകര്‍ഷണം.





