ക്ഷീരമേഖല ഉണര്‍വിന്റെ പാതയില്‍ -മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ്

Posted on: 05 Sep 2015കരുമാല്ലൂര്‍: സര്‍ക്കാറിന്റെ ഇടപെടലിലൂടെ ക്ഷീര ഉത്പാദന മേഖലയില്‍ വലിയ കുതിച്ചുചാട്ടമാണ് സമീപകാലത്തുണ്ടായിട്ടുള്ളത്. അത് ക്ഷീര കര്‍ഷകര്‍ക്കും ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ആശാവഹമാണെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. ക്ഷീര കര്‍ഷകരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അതിനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആലങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തിരുവാല്ലൂര്‍ ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിലാണ് ഈ വര്‍ഷത്തെ ക്ഷീര സംഗമം നടന്നത്. ക്ഷീരോത്പാദക സംഘത്തിനുവേണ്ടി നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു. മന്ത്രിയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 30 ലക്ഷം രൂപ ചെലവഴിച്ചാണ് കെട്ടിടം നിര്‍മിക്കുന്നത്. ഉദ്ഘാടന യോഗത്തില്‍ ബ്ലോക്ക്പഞ്ചായത്ത് പ്രസിഡന്റ് റാണിമത്തായി അധ്യക്ഷത വഹിച്ചു. സുരേഷ് മുട്ടത്തില്‍, എ.ജി. വത്സന്‍, ബീനാബാബു, പി.എ. ഷാജഹാന്‍, എം.വി. ലോറന്‍സ് തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ക്ഷീര വികസന സെമിനാറില്‍ ജില്ലാ ഗുണനിയന്ത്രണ ഓഫീസര്‍ ശാലിനി ഗോപിനാഥ്, ക്ഷീര വികസന ഓഫീസര്‍ വി.വി. സ്വാമിനാഥന്‍ എന്നിവര്‍ സംസാരിച്ചു. മികച്ച ക്ഷീര കര്‍ഷകരെ ചടങ്ങില്‍ ആദരിച്ചു.

More Citizen News - Ernakulam