ഇതാ നീളന്‍ ഒറ്റമുങ്കിലിപ്പഴം

Posted on: 03 May 2015

സിറാജുദ്ദീന്‍ പന്നിക്കോട്ടൂര്‍അൂര്‍വവും അന്യംനിന്നുപോകുന്നതുമായ ഒറ്റമുങ്കിലി വാഴയിനം കണ്ടെത്തിയതിന്റെ സംതൃപ്തിയിലാണ് തിരുവനന്തപുരം പാറശ്ശാലയിലെ കൊടിവിളകത്തില്‍ വിനോദ്. കേരളത്തിലെ പ്രമുഖ വാഴ ശേഖരണക്കാരനായ ഇദ്ദേഹം അഗസ്ത്യാര്‍കൂടം മലനിരകളിലെ വനത്തിനുള്ളില്‍ ചെന്ന് ശേഖരിച്ചതാണ് ഈയിനം. രുചിയും വലിപ്പവുമുള്ള ഏത്തവാഴയിനമാണിത്. 306 ഇനം വാഴകളാണ് ഇപ്പോള്‍ വിനോദിന്റെ ശേഖരത്തിലുള്ളത്. അതില്‍ കേരളത്തില്‍ അന്യംനിന്നുപോകുന്ന 18 ഇനങ്ങളുമുണ്ട്.

ഔഷധപ്രാധാന്യമുള്ള ഈ വാഴയിനം ആദിവാസികള്‍ പ്രത്യേകമായി വളര്‍ത്തുകയും രാജാക്കന്‍മാര്‍ക്ക് കാണിക്ക വെക്കുകയും പതിവായിരുന്നു. രാജാക്കന്മാര്‍ ഇഷ്ടപ്പെട്ടിരുന്ന ഈ പഴം രുചിയിലും ഗുണമേന്മയിലും വേറിട്ടു നില്‍ക്കുന്നവയാണ്.
അരമീറ്ററിലധികം നീളത്തിലുള്ള കായകള്‍ വാളിന്റെ പ്രതീതി ഉളവാക്കുന്നവയാണ്.

കുലയില്‍ ഒരു പടല പഴം മാത്രമേ ഉണ്ടാകൂ എന്നതും പടലയില്‍ മൂന്നു മുതല്‍ അഞ്ചുവരെ കായകള്‍ മാത്രമുള്ളതും പോരായ്മകളാണെങ്കിലും വര്‍ഗ സങ്കരണത്തിലൂടെ ഇതിന്റെ നല്ല സ്വഭാവങ്ങള്‍ മറ്റൊരു മികച്ച ഇനവുമായി കൂട്ടിച്ചേര്‍ക്കാന്‍ കഴിഞ്ഞാല്‍ വാഴയിലെ വലിയ വിപ്‌ളവമായിരിക്കും അത്.

കാട്ടില്‍ വളരുന്ന ഇനമായതിനാല്‍ പ്രത്യേകപരിചരണങ്ങള്‍ ആവശ്യമില്ല. രണ്ടടി വീതം നീളവും വീതിയും ആഴവുമുള്ള കുഴിയില്‍ അടിവളം ആവശ്യത്തിന് ചേര്‍ത്ത് ഈ വാഴ നടാം. ഒന്‍പത് മാസം കൊണ്ട് കുലയ്ക്കുന്ന ഇതിന്റെ കുല മൂന്ന് മാസം കൊണ്ട് വെട്ടാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9446400615.


Stories in this Section