പോളിഹൗസിലും തുറന്ന സ്ഥലത്തും ഒരുപോലെ ചെയ്യുന്ന സ്ട്രോബറി കൃഷിയാണ് ജോണി പാറ്റാനിയെ വ്യത്യസ്തനാക്കുന്നത്. കല്പറ്റയിലെ 80 സെന്റ് സ്ഥലത്തെ പോളിഹൗസിലാണ് ജോണി സ്ട്രോബറി കൃഷി ചെയ്യുന്നത്. 15,000 തൈകളാണ് പോളിഹൗസില്‍ നട്ടത്. രണ്ടുമാസം മുമ്പ് വിളവെടുപ്പു തുടങ്ങി. ദിവസം ശരാശരി 30 കിലോ വിളവു ലഭിക്കുന്നു. 200 ഗ്രാമിന്റെ ഒരു പാക്കറ്റിന് 40 രൂപ തോതിലാണ് വില്പന നടത്തുന്നത്. ജാം, ഐസ്ക്രീം എന്നിവ ഉണ്ടാക്കാനാണ് പ്രധാനമായും സ്ട്രോബറി ഉപയോഗിക്കുന്നത്.
പോളിഹൗസിലും തുറന്ന സ്ഥലത്തും കൃഷി ചെയ്യുന്നവര്‍ അപൂര്‍വമാണ്. പോളിഹൗസിന് അതിന്റേതായ മെച്ചമുണ്ട്. ഇടുക്കിയിലും വയനാട്ടിലും മാത്രമാണ് സ്ട്രോബറി കൃഷിയുള്ളത്.
വയനാട്ടില്‍ ആദ്യമായി സ്ട്രോബറി കൃഷി ചെയ്യുന്നവരില്‍ ഒരാളാണ് ജോണി. 100 ശതമാനം വിജയമാണ് ഈ കൃഷിയെന്ന് ജോണി പറയുന്നു.
കൃഷിരീതിയും വളരെ എളുപ്പമാണ്. മണ്ണ് ഒരുക്കിയ ശേഷം കുമ്മായം തൂവണം. തുടര്‍ന്ന് 15 ദിവസം കഴിഞ്ഞ് ജൈവവളം അടിവളമായി നല്കി തൈ നടാം. ചാണകപ്പൊടിയാണ് അടിവളമായി സാധാരണ നല്‍കുന്നത്. രണ്ടു മീറ്റര്‍ വീതിയില്‍ ചാല് കീറി വാരമെടുത്താണ് കൃഷി ചെയ്യുന്നത്.
തേരിയില്‍ പ്ലാസ്റ്റിക് ഷീറ്റ് തൈവളരാനുള്ള ദ്വാരമിട്ടശേഷം പുതപ്പിക്കണം. കളകള്‍ വളരാതിരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത്. മണ്ണു പരിശോധിച്ച് കീടം നശിപ്പിച്ചാണ് തൈകള്‍ നടേണ്ടത്. മിതമായ വെയിലും തണുപ്പുമാണ് സ്ട്രോബറി കൃഷിക്ക് വേണ്ടത്. ജോണി പാറ്റാനി ഇതിനകം ലക്ഷം രൂപയുടെ സ്ട്രോബറിയാണ് വിറ്റത്. ഒരു ചെടിയില്‍ നിന്ന് ശരാശരി അരക്കിലോ സ്ട്രോബറി പഴങ്ങള്‍ ലഭിക്കും.
രാവിലെ ആറുമണി മുതല്‍ ഏഴുമണി വരെയാണ് വിളവെടുപ്പ്. ഹോള്‍ട്ടി കള്‍ച്ചര്‍ മിഷനില്‍ നിന്ന് വിത്തുകള്‍ ലഭിക്കും. ഇതുകൂടാതെ ജൈന്‍ ഇറിഗേഷന്‍ കമ്പനി ജെല്‍ഗാവ്, കുമാര്‍ ബയോ ടെക് പുണെ എന്നിവിടങ്ങളില്‍ നിന്നും വിത്ത് ലഭിക്കും. 12 രൂപയാണ് തൈ ഒന്നിന്റെ വില. സ്വീറ്റ് ചാര്‍ളി, വിന്റര്‍ ഡാന്‍ എന്നീ ഇനങ്ങളാണ് സ്ട്രോബറിയിലുള്ളത്.
ഈ രണ്ടിനങ്ങളാണ് ജോണി പാറ്റാനിയുടെ തോട്ടത്തിലുള്ളത്. പ്ലാസ്റ്റിക് ഇല്ലാതെ ചകിരിച്ചോറ് ഉപയോഗിക്കാം. ചകിരിച്ചോറില്‍ വളം ചേര്‍ത്തു നടുന്നത് നല്ലതാണെന്നാണ് ജോണിയുടെ അഭിപ്രായം. സ്ട്രോബറി പഴങ്ങള്‍ ഇപ്പോള്‍ വില്പന നടത്തുന്നത് വീടുകളിലൂടെയാണ് എന്നതും ശ്രദ്ധേയമാണ്. ഫോണ്‍: 9895661187.