എം.പി. അയ്യപ്പദാസ്

കൃഷിയിടത്തില്‍ പപ്പായത്തോട്ടം തന്നെയുള്ള ബാലചന്ദ്രന് നായര്‍ ഒരുവര്‍ഷം മുമ്പാണ് റെഡ് ലേഡി പപ്പായകൃഷി തുടങ്ങിയത്. ഇപ്പോള്‍ മറ്റ് ഇനങ്ങളെ അപേക്ഷിച്ച് ഈ ഇനമാണ് തോട്ടത്തില്‍ കൂടുതല്‍. മറ്റ് പപ്പായയില്‍നിന്ന് കിട്ടാത്ത രീതിയില്‍ കനത്ത വരുമാനമാണ് റെഡ് ലേഡിയില്നിന്ന് കിട്ടിയത്.
പതിനഞ്ച് ഏക്കര്‍ സ്ഥലത്താണ് തിരുവനന്തപുരം പള്ളിച്ചല്‍ നരുവാമൂട് പ്രശാന്തിയിലെ ബാലചന്ദ്രന് നായരുടെ കൃഷി. ഇവിടെ ചെയ്യാത്ത കൃഷികളില്ല. തെങ്ങ്, വാഴ, കിഴങ്ങ്, മരച്ചീനി, ചേന, പച്ചക്കറി എന്നിവയെല്ലാം കൃഷിചെയ്യുന്നു.
മുന്‍കാലങ്ങളില്‍ പൂസ ഒന്ന്, സെലക്ഷന് ഒന്ന്, ഹണിഡ്യൂ, വാഷിങ്ടണ്‍ എന്നീ പപ്പായ ഇനങ്ങളാണ് കൃഷിചെയ്തിരുന്നത്. റെഡ് ലേഡി ഇനത്തെക്കുറിച്ച് കേട്ടറിഞ്ഞ് ബെംഗളൂരുവിലെ ഒരു കമ്പനിയില്‍നിന്ന് 100 ഗ്രാം വിത്ത് 1500 രൂപയ്ക്ക് വരുത്തിയാണ് ഒരു വര്‍ഷത്തിനുമുമ്പ് കൃഷിതുടങ്ങിയത്.
തവാരണകളില്‍ ചാണകപ്പൊടി ചേര്‍ത്ത് അതിന് മേലെ വിത്തുവിതച്ച് പുറത്ത് നേരിയതോതില്‍ മൂടത്തക്കവിധം മണ്ണിട്ടുമൂടി നനച്ചാണ് തൈകള്‍ കിളിര്‍പ്പിക്കുന്നത്. അഞ്ചാംദിവസം കിളിര്‍ക്കുന്ന വിത്തുകള്‍ നാലഞ്ചില പ്രായമാകുമ്പോള്‍ പറിച്ചുനടും. പന്നകോരിയ വയലില്‍ ചേനയുടെയും മുരിങ്ങയുടെയും ഇടവിളയായിട്ടാണ് ഇത് കൃഷിചെയ്തിരിക്കുന്നത്. നാന്നൂറില്‍പ്പരം പപ്പായ ഇവിടെയുണ്ട്. രണ്ടരയടി ചതുരത്തിലും ആഴത്തിലും കുഴിയെടുത്ത് ജൈവവളവും മണലും കുറച്ച് കുമ്മായവും മേല്‍മണ്ണുമായി ചേര്‍ത്ത് കുഴിനിറച്ചാണ് തൈകള്‍ നടുന്നത്. തൈകള്‍ തമ്മില്‍ 15 അടി അകലം വേണം.
തൈ നട്ട് മൂന്നുമാസമാകുമ്പോള്‍ പൂവന്നുതുടങ്ങും. മാസത്തിലൊരുതവണ ഓരോന്നിനും പത്തുകിലോ വീതം ചാണകപ്പൊടിയും മൈക്രോ ന്യൂട്രിയന്‍സും നല്കിയാല് മരങ്ങള്‍ കരുത്തോടെ വളരുകയും തുടര്‍ച്ചയായി കായ്ക്കുകയും ചെയ്യും.
പത്തടിവരെ മാത്രം ഉയരത്തില്‍ വളരുന്ന റെഡ് ലേഡി പപ്പായ ഇനം മൂന്നുകൊല്ലക്കാലം ചുവട്ടില്‍ നിന്നുതന്നെ ആയാസരഹിതമായി കായ്കള്‍ പറിക്കാം. ഒരു മരം 50 കായ്കള്‍വരെ തരും. ഇതിന് വിപണിയില്‍ കിലോയ്ക്ക് മുപ്പത് രൂപവരെ വിലയുണ്ട്. ഒരു വാഴയെ 12 മാസത്തോളം നട്ടു പരിചരിച്ചു കിട്ടുന്ന ആദായം 300 രൂപയാണെങ്കില്‍ ഇത്തരം പപ്പായയില്നിന്നും ഒരു വര്‍ഷത്തിനുള്ളില്‍ 2000 രൂപ ആദായം നേടാമെന്നും ബാലചന്ദ്രന് നായര്‍ പറയുന്നു. ഫോണ്‍: 9497009168.