സുന്ദരി ഈ ലില്ലി പില്ലി

Posted on: 04 Jan 2015

രാജേഷ് കാരാപ്പളില്‍പൂക്കളുടെ മനോഹാരിതകൊണ്ട് പ്രശസ്തമാണ് ലില്ലിച്ചെടികളെങ്കില്‍ പകിട്ടാര്‍ന്ന പഴങ്ങളുടെ രാജ്ഞിയാണ് 'ലില്ലിപില്ലി' സസ്യം. ഓസ്‌ട്രേലിയന്‍ സ്വദേശിയായ ഇത് തണുപ്പുള്ള കാലാവസ്ഥ കൂടുതല്‍ ഇഷ്ടപ്പെടുന്നു.

20 അടി ഉയരമുള്ള ചെറു സസ്യമായാണ് ലില്ലിപില്ലി കാണപ്പെടുന്നത്. അപൂര്‍വമായി 40 അടിവരെ വളരാറുണ്ട്.
ചെറുശിഖിരങ്ങള്‍, ഇലകള്‍ എന്നിവയുള്ള ലില്ലിപില്ലിക്ക് പൂക്കളുണ്ടാകുന്നത് ശൈത്യകാലത്താണ്. വേനലില്‍ ഇളംറോസ് നിറത്തിലുള്ള പഴങ്ങള്‍ നിറയെ അണിയിച്ച് പ്രകൃതി ഇതിനെ മനോഹരിയാക്കുന്നു. ജലാംശമുള്ള നേരിയ മധുരമുള്ള പഴങ്ങള്‍ നേരിട്ടു കഴിക്കാം. ധാരാളം പക്ഷികള്‍ ഇക്കാലത്ത് പഴങ്ങള്‍ കഴിക്കാനെത്തുന്നു. പഴങ്ങളില്‍നിന്ന് ശേഖരിക്കുന്ന വിത്തുകള്‍ പെട്ടെന്നുതന്നെ മണ്ണില്‍ വിതച്ച് കിളിര്‍പ്പിച്ച് എടുക്കണം. കാരണം വിത്തുകളുടെ മുളയ്ക്കാനുള്ള ശേഷി പെട്ടെന്ന് നശിച്ചുപോകും. തൈകള്‍ നീര്‍വാര്‍ച്ചയുള്ള വെയില്‍ കുറഞ്ഞ സ്ഥലത്ത് നടണം. ജലസേചനം ആവശ്യമാണ്. ജൈവങ്ങള്‍ ചേര്‍ക്കണം. വിദേശ പഴവര്‍ഗങ്ങളില്‍ തത്പരരായ കര്‍ഷകര്‍ കേരളത്തിലെ തോട്ടങ്ങളില്‍ ഇത് എത്തിച്ച് നട്ടുവളര്‍ത്താന്‍ തുടങ്ങിയിട്ടുണ്ട്.


Stories in this Section