പുളിയന്‍ പേര

Posted on: 28 Sep 2014


പേരക്കയ്ക്ക് മധുരമാണെങ്കിലും ഇതാ പുളിയുള്ള പേരയ്ക്ക. വയനാട് മൂപ്പനാട് പഞ്ചായത്തിലെ മുഹമ്മദ് നാലുകണ്ടത്തിന്റെ വീട്ടിലാണ് ഈ പേരമരം.മുഹമ്മദിന്റെ വീട്ടുമുറ്റത്തെ പേരമരം കാലം നോക്കാതെ എന്നും കായ്ക്കുന്നു. കായ്കള്‍ക്ക് മൂക്കുംമുമ്പേ പച്ചമാങ്ങയുടെ പുളിയും. ഇതിന്റെ തൈകള്‍ക്ക് നല്ല ഡിമാന്‍ഡാണിപ്പോള്‍. മുഹമ്മദ് ഇതിന്റെ തൈകള്‍ വില്പന നടത്തുന്നുണ്ട്.

അഞ്ചാറുവര്‍ഷംമുമ്പാണ് ഒരു കുടുംബസുഹൃത്തുവഴി മൂത്തുപഴുത്ത ഒരു പേരയ്ക്ക കിട്ടിയത്. രുചിച്ചപ്പോള്‍ വ്യത്യസ്ത സ്വാദ്. വെറുമൊരു കൗതുകത്തിന് അതിന്റെ വിത്ത് പാകി. ഒരു തൈ നട്ട് വളര്‍ത്തിയപ്പാള്‍ നാലാംവര്‍ഷം മുതല്‍ നന്നായി കായ്ച്ചുതുടങ്ങി. പുളിക്കുന്ന പേര കുട്ടികള്‍ക്കാണ് ഏറെയിഷ്ടം. മൂത്തുപഴുക്കുന്നതോടെ മധുരിക്കും. കറികളില്‍ പുളിക്ക് പകരം ഇത് ചേര്‍ക്കാം. തേങ്ങയും ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുത്താല്‍ ഒന്നാന്തരം ചമ്മന്തിയായി. മുഹമ്മദിന്റെ തൊടിയില്‍ എല്ലായ്‌പ്പോഴും ഈ പുളിയന്‍ പേരയുടെ തൈകള്‍ വില്പനയ്ക്ക് തയ്യാര്‍. ഉത്പാദനച്ചെലവ് കാര്യമായില്ലെങ്കിലും 75 രൂപയ്ക്കാണ് തൈകള്‍ വില്‍ക്കുന്നത്. ദിവസവും ശരാശരി അഞ്ച്ആറ് തൈകളെങ്കിലും വില്‍ക്കും.

നല്ലതുപോലെ മൂത്തുപഴുത്ത പേരയ്ക്കയില്‍നിന്ന് വിത്ത് ശേഖരിച്ച് പരുവപ്പെടുത്തിയ മണ്ണില്‍ പാകും. തൈകള്‍ക്ക് രണ്ടിലപ്രായം കഴിയുന്നതോടെ വളക്കൂറുള്ള മണ്ണ് നിറച്ച പോളിത്തീന്‍ ബാഗിലേക്ക് മാറ്റിനടും. വിത്തിട്ട് മൂന്നു മാസമാകുന്നതോടെ തൈകള്‍ വില്പനയ്ക്ക് തയ്യാറാവും. എന്നും പേര കായ്ക്കുന്നതുകൊണ്ട് എല്ലായ്‌പ്പോഴും വിത്ത് തൈകള്‍ തയ്യാറാക്കാനും കഴിയുന്നു. ഫോണ്‍: 9747859702.

എം.കെ.പി. മാവിലായി

mkpmavilayi04@gmail.comStories in this Section