ചെറി കൃഷിചെയ്യാം

Posted on: 07 Sep 2014

രാജേഷ് കാരാപ്പള്ളില്‍കേരളത്തിലെ കാലാവസ്ഥയ്ക്ക് ഏറ്റവും യോജിച്ചവയാണ് ചെറികള്‍. നാട്ടില്‍ കാണുന്ന പല ചെറികളുടെയും വരവ് വിദേശങ്ങളില്‍നിന്നാണ്. പോര്‍ച്ചുഗീസ് യാത്രികരാണ് കേരളത്തില്‍ സുറിനാം ചെറി എത്തിച്ചത്.

ചെറിയിനങ്ങള്‍ക്ക് പലതിനും പുളിയാണെങ്കിലും മധുരം കിനിയുന്ന പുതിയ ഇനങ്ങളും ബ്രസീലില്‍നിന്ന് വന്നുതുടങ്ങിയിട്ടുണ്ട്.
'മാല്‍പീജിയ പുനുസിഫോളിയ' എന്ന ശാസ്ത്രനാമത്തില്‍ അറിയപ്പെടുന്ന 'അസിറോള' ഇനം ധാരാളം ചെറു ശാഖകളോടെ പടര്‍ന്നുപന്തലിച്ചാണ് വളര്‍ച്ച. ചെറിയ ഇലകള്‍, വയലറ്റുനിറത്തിലുള്ള പൂക്കള്‍ എന്നിവയും ഇവയ്ക്കുണ്ട്. വേനലില്‍ പൂക്കുന്നതാണ് പതിവ്. രണ്ടുമാസത്തിനുള്ളില്‍ കായ്കള്‍ വിളഞ്ഞുപഴുക്കുമ്പോള്‍ ചുവപ്പുനിറവും ചെറിയ ആപ്പിളിന്റെ രൂപവുമുണ്ടാകും. പഴങ്ങള്‍ നേരിട്ട് കഴിക്കാം. മധുരമുള്ള പഴങ്ങള്‍ ഉപയോഗിച്ച് ജാം നിര്‍മിക്കാം. പന്ത്രണ്ട് ഓറഞ്ചിന് സമാനഗുണം ഒരു ചെറിപ്പഴത്തില്‍ ഉണ്ടത്രെ.

നല്ല നീര്‍വാര്‍ച്ചയുള്ള സൂര്യപ്രകാശം ലഭിക്കുന്ന മണ്ണാണ് അസിറോള ചെറി നടാന്‍ അനുയോജ്യം. രണ്ടടി താഴ്ചയുള്ള കുഴിയെടുത്ത് ജൈവവളം ചേര്‍ത്ത് പതിവെച്ച് വേരുപിടിപ്പിച്ചെടുത്ത തൈകള്‍ നടാം.

വളരുന്ന മുറയ്ക്ക് ചെറു ശാഖാഗ്രങ്ങള്‍ മുറിച്ച് ചെടികള്‍ കുള്ളനാക്കിയാല്‍ ഭംഗിയേറും. പരിചരണം കുറച്ചു മതിയെങ്കിലും വേനല്‍ക്കാലത്ത് ജലസേചനം ചെടികള്‍ക്ക് നിര്‍ബന്ധമാണ്. മൂന്നുവര്‍ഷത്തിനുള്ളില്‍ അസിറോള ചെറികള്‍ ഫലം തന്നുതുടങ്ങും. വര്‍ഷത്തില്‍ പലതവണ പൂക്കുന്ന പതിവും നാട്ടിലെ കാലാവസ്ഥയില്‍ ഇവയ്ക്കുണ്ട്. മനോഹരരൂപവും പഴങ്ങളുമുള്ള അസിറോള അലങ്കാരത്തിനായും വളര്‍ത്താം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9495234232.


Stories in this Section