വിരുന്നുവന്ന വെല്‍വെറ്റ് ആപ്പിള്‍

Posted on: 09 Aug 2014

സുരേഷ് മുതുകുളംധാരാളം വിദേശപഴങ്ങള്‍ ഇപ്പോള്‍ നമ്മുടെ മണ്ണിലും നന്നായി വളരുന്നു. ഇത്തരത്തില്‍ വിരുന്നുകാരനായിവന്ന് വീട്ടുകാരനാവാന്‍ തയ്യാറെടുക്കുന്ന ഫലസസ്യമാണ് 'വെല്‍വെറ്റ് ആപ്പിള്‍'. വെല്‍വെറ്റ് പോലെയുള്ള നേര്‍ത്ത പുറംതോലാണ് പഴത്തിന് ഈ പേര് നേടിക്കൊടുത്തത്. ഫിലിപ്പീന്‍സ് സ്വദേശിയാണ്. ഉഷ്ണമേഖലകള്‍ക്ക് ഇണങ്ങിയതായതിനാല്‍ കേരളത്തിലും വളരും.

സാവധാന വളര്‍ച്ചയാണിതിന്റെ പ്രത്യേകത. ഏറ്റവും കുറഞ്ഞത് 18 മീറ്റര്‍ ഉയരത്തില്‍ വളരും. ദീര്‍ഘവൃത്താകൃതിയോ മുട്ടയുടെ ആകൃതിയോ ഒക്കെയാണ് പഴത്തിന്. കായ്കള്‍ ഒരു ഞെട്ടില്‍ ഇരട്ട വീതമായുണ്ടാകുകയാണ് പതിവ്. പഴത്തിന് പാല്‍ക്കട്ടിയുടെ ഗന്ധമുണ്ട്. എന്നാല്‍, തോല് നീക്കിക്കഴിഞ്ഞാല്‍ നന്നായി പഴുത്ത ആപ്പിളിന്റെ സുഗന്ധമാണ്.

അധികം ചാറില്ലാത്ത പഴം, മധുരമുണ്ട്. ആപ്പിളിന്റെയും വാഴപ്പഴത്തിന്റെയും സമ്മിശ്ര സ്വാദ്. 8-10 സെ. മീറ്റര്‍ വലിപ്പം കാണും.വിത്ത്പാകി വളര്‍ത്തുന്ന തൈകള്‍ കായ്പിടിക്കാന്‍ ആറേഴു വര്‍ഷം വേണം. എന്നാല്‍, ഒട്ടിച്ചോ മുകുളനം നടത്തിയോ കിട്ടുന്ന തൈകള്‍ക്ക് കായ്പിടിക്കാന്‍ 3-4 വര്‍ഷം മതി.

പോഷകസമൃദ്ധമാണ് വെല്‍വെറ്റ് ആപ്പിള്‍. ജീവകങ്ങള്‍, ധാതുലവണങ്ങള്‍, ഭക്ഷ്യയോഗ്യമായ നാര്, മാംസ്യം, പൊട്ടാസ്യം, കാത്സ്യം, ഇരുമ്പുസത്ത്, ജീവകം എ, സി, ബി എന്നിവയാല്‍ സമ്പന്നം.

പഴത്തിലെ പൊട്ടാസ്യത്തിന്റെ സാന്നിധ്യം രക്തസമ്മര്‍ദം കുറച്ച് ശരീരത്തിലെ രക്തയോട്ടം അനായാസമാക്കുന്നു. ഇരുമ്പുസത്ത് അരുണരക്താണുക്കളുടെ വര്‍ധനയ്ക്ക് സഹായകം. ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ശ്വസനവ്യവസ്ഥയുടെ സുഗമമായ പ്രവര്‍ത്തനത്തിനും ദഹനം സുഖകരമാക്കാനും ത്വഗ്രോഗ ചികിത്സയിലുമെല്ലാം വെല്‍വെറ്റ് ആപ്പിള്‍ ഉപകാരിയാണ്.

കാര്യമായ രോഗ-കീടബാധകളൊന്നും ഇതിനെ അലട്ടുന്നില്ല. ജൈവവളങ്ങളോടൊപ്പം വളര്‍ച്ച ത്വരപ്പെടുത്താന്‍ 18-18-18, 19-19-19 തുടങ്ങിയ ഏതെങ്കിലും ഒരു രാസവളമിശ്രിതം തടത്തില്‍ വിതറി ചുവട്ടില്‍ പുതയിടാം.

വളര്‍ച്ച നോക്കിയിട്ട് ആവശ്യമെങ്കില്‍ കൊമ്പുകോതുക. മാര്‍ച്ച്-ഏപ്രില്‍ പൂക്കാലവും ജൂലായ്-ആഗസ്ത് പഴങ്ങളുടെ കാലവും ആണ്. പഴം പരമാവധി അഞ്ചുദിവസം വരെ കേടാകാതെ സൂക്ഷിക്കാം. പഴത്തിന്റെ കാമ്പ് അതേപടി കഴിക്കാം.

ഐസ്‌ക്രീം, സര്‍ബത്ത് എന്നിവയില്‍ ചേരുവയാണ്. അകക്കാമ്പ് ഉണക്കിയത് ഫ്രൂട്ട്സലാഡിലും ചേര്‍ക്കാം. ഗൃഹോദ്യാനങ്ങള്‍ക്ക് ഒരേസമയം അലങ്കാരവൃക്ഷമായും ഫലവൃക്ഷമായും വളരും വെല്‍വെറ്റ് ആപ്പിള്‍.Stories in this Section