ജൈവ ഇഞ്ചി വളര്‍ത്തുന്നത് എങ്ങനെ
Posted on: 22 Mar 2014
ഇഞ്ചി പൂര്‍ണമായും ജൈവരീതിയില്‍ എങ്ങനെ കൃഷിചെയ്യാം?
നിര്‍ദേശങ്ങള്‍ തരാമോ?
അശോക് കുമാര്‍, പുളിമ്പറമ്പില്‍
കൃഷിരീതികള്‍ പൂര്‍ണമായും ജൈവരീതിയിലാക്കിയാല്‍ ജൈവ ഇഞ്ചി ഉത്പാദനം യാഥാര്‍ഥ്യമാക്കാം. വിത്തിഞ്ചി നടാനുള്ള ചെറിയ കുഴികളില്‍ ട്രൈക്കോഡെര്‍മ കലര്‍ത്തിയ ഒരുപിടി ചാണകപ്പൊടി ഇടുക. ഇഞ്ചിവിത്ത് നട്ട്, ട്രൈക്കോഡെര്‍മയും ജീവാണുവളങ്ങളും ചാണകവും വേപ്പിന്‍പിണാക്കും ഇട്ടുമൂടി നന്നായി ചവറുവെച്ച് പുതയിടുക. ഇഞ്ചിത്തടത്തിന് ചുറ്റും പച്ചിലവളച്ചെടികളായ ഡെയിഞ്ചയോ ചണമ്പോ വന്‍പയറോ വിതയ്ക്കാം. മുളച്ച ഇഞ്ചിയില്‍ ചുവടുചീയല്‍ സാധ്യത കണ്ടാലുടന്‍ സ്യൂഡോമോണസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തിന് എന്നതോതില്‍ കലക്കി, തടം നനയാന്‍ പാകത്തിന് ഒഴിച്ചുകൊടുക്കണം. 10-15 ദിവസം കഴിഞ്ഞ് ഇത് ഒരിക്കല്‍ക്കൂടി ചെയ്യാം. നട്ട് 40-45 ദിവസമാകുമ്പോള്‍ കളനീക്കി ഇടയ്ക്കിടയ്ക്ക് പച്ചച്ചാണകവും ഗോമൂത്രവും നേര്‍പ്പിച്ച് ഒഴിച്ചുകൊടുക്കണം.
ഒരിക്കല്‍ക്കൂടി ചവറുവെച്ച് ചാണകം കലക്കിയൊഴിച്ച് മണ്ണുകയറ്റണം. തണ്ടുതുരപ്പന്‍ ബാധ കണ്ടാലുടന്‍ ട്രൈക്കോഡെര്‍മ (മുട്ടക്കാര്‍ഡ്) ഇഞ്ചിച്ചെടികളിലും ഉപയോഗിക്കണം. ബാസില്ലസ് തുറിഞ്ചിയെന്‍സിസ് (ബി.ടി.) അടങ്ങിയ ഹാള്‍ട്ട് പോലുള്ള ജൈവകീട നിയന്ത്രണോപാധികള്‍ തളിക്കാം.
ആറുമാസമാകുമ്പോള്‍ പച്ച ഇഞ്ചി വിളവെടുക്കാം, ഉണക്കാനാണെങ്കില്‍ എട്ടരമാസം കഴിഞ്ഞുമതി വിളവെടുപ്പ്. തണലുള്ള മരച്ചുവട്ടില്‍ അല്പം മണ്ണിളക്കി പാണലിന്റെ ഇലയും മണലും വിരിച്ച് അതിനുമീതെ ഇഞ്ചിവിത്തും മണലും ചേര്‍ത്ത് കരിയിലയിട്ട് മൂടി വിത്തിഞ്ചി സൂക്ഷിക്കുകയും ചെയ്യാം.
സുരേഷ് മുതുകുളം