കായീച്ചകള്‍ക്ക് ഫെറമോണ്‍ കെണി

Posted on: 05 Feb 2014


മാവ്, പേര തുടങ്ങിയ പഴവര്‍ഗങ്ങളിലും പാവല്‍, പടവലം, കോവല്‍, വെള്ളരി തുടങ്ങിയ പച്ചക്കറികളിലും ബാധിക്കുന്ന മുഖ്യകീടമാണ് കായീച്ച. ഈ കീടങ്ങളെ ഫലപ്രദമായി നിയന്ത്രിക്കാനുള്ള പ്രകൃതിദത്ത മാര്‍ഗമാണ് ഫെറമോണ്‍ കെണി.

കായീച്ചയുടെ ആക്രമണംവഴി 30 ശതമാനത്തോളം വിളനഷ്ടം ഉണ്ടാകാറുണ്ട്. സംയോജിത കായീച്ചനിയന്ത്രണംവഴി വിളനഷ്ടം ഇല്ലാതാക്കാനും ഗുണമേന്മയുള്ള ഉത്പന്നങ്ങള്‍ ഉണ്ടാക്കാനും കഴിയും. മാവ് പൂക്കുമ്പോള്‍ത്തന്നെ കായീച്ചയുടെ ആക്രമണം തുടങ്ങും. കണ്ണിമാങ്ങകള്‍ മുതല്‍ വലിയ മാങ്ങയില്‍വരെ കായീച്ചകള്‍ മുട്ടയിടുന്നു. മുട്ട വിരിഞ്ഞുണ്ടാകുന്ന പുഴുക്കള്‍ മാംസളമായ ഭാഗങ്ങള്‍ തിന്ന് മാമ്പഴം ഭക്ഷ്യയോഗ്യമല്ലാതാകും.

ആണീച്ചയെ ആകര്‍ഷിക്കുന്നതിന് പെണ്ണീച്ച ഉത്പാദിപ്പിക്കുന്ന ഒരു രാസാഗ്‌നിയാണ് ഫെറമോണ്‍. മീഥൈല്‍ യൂജിനോള്‍ എന്ന ഈ രാസപദാര്‍ഥം വ്യാവസായികമായി ഉത്പാദിപ്പിച്ച് ഈഥൈല്‍ ആല്‍ക്കഹോള്‍, മാലത്തിയോണ്‍ കീടനാശിനി എന്നിവയുമായി പ്രത്യേക അനുപാതത്തില്‍ യോജിപ്പിച്ച് കാര്‍ഡ്‌ബോര്‍ഡിന്റെ ചെറിയ കഷ്ണങ്ങളില്‍ മുക്കിയെടുത്ത് ദ്വാരമിട്ട പ്ലാസ്റ്റിക് കുപ്പികളില്‍ കെട്ടിത്തൂക്കുമ്പോള്‍ ആണീച്ചകള്‍ ആകര്‍ഷിക്കപ്പെടുകയും വിഷം ഉള്ളില്‍ച്ചെന്ന് ചത്തുപോവുകയും ചെയ്യും.

ഈ കെണിയോടൊപ്പംതന്നെ പെണ്ണീച്ചകളെ നശിപ്പിക്കുന്നതിന് പാളയംകോടന്‍ പഴം 20 ഗ്രാം, ശര്‍ക്കര 10 ഗ്രാം, മാലത്തിയോണ്‍ 0.2 മില്ലിലിറ്റര്‍ എന്നിവ ചേര്‍ത്ത് പഴക്കെണിയും ഉണ്ടാക്കി കെട്ടിത്തൂക്കേണ്ടതാണ്. കൂടാതെ മണ്ണ് കിളച്ചൊരുക്കി കായീച്ചകളുടെ സമാധിദിശ നശിപ്പിക്കാം. കീടബാധയേറ്റതും അഴുകിയതുമായ ഫലങ്ങള്‍ ശേഖരിച്ച് നശിപ്പിക്കുകയും വേണം.

ബൂവേറിയ ബാസിയാന എന്ന ജൈവകീടനാശിനി 100 ഗ്രാം ഒരു മാവിന് എന്നതോതില്‍ മാവിന്‍ചുവട്ടില്‍ വിതറി കിളച്ചിടണം.
ഈ മാര്‍ഗങ്ങള്‍ അവലംബിച്ചാല്‍ മാവിലുണ്ടാകുന്ന കായീച്ച ശല്യം ഫലപ്രദമായി നിയന്ത്രിക്കാം.

പടവലം, പാവല്‍, കോവല്‍, വെള്ളരി തുടങ്ങിയ പച്ചക്കറികളില്‍ കായീച്ച മുട്ടയിടുന്നതുവഴി പച്ചക്കറി വളര്‍ച്ച മുരടിക്കുകയും കായ അഴുകിപ്പോവുകയും ചെയ്യും.

പച്ചക്കറികളില്‍ കായീച്ചകളെ നശിപ്പിക്കുന്നതിന് ക്യൂലെയര്‍ ട്രാപ്പുകളാണ് ഉപയാഗിക്കുക. ക്യൂലെയര്‍ എന്ന രാസവസ്തു ഈഥൈല്‍ ആല്‍ക്കഹോള്‍, മാലത്തിയോണ്‍ എന്നിവ പ്രത്യേക അനുപാതത്തില്‍ ചേര്‍ത്തുണ്ടാക്കുന്ന കെണിയാണ് ഉപയോഗിക്കുന്നത്. പച്ചക്കറികളില്‍ കായ് പിടിക്കുന്ന സമയത്തുതന്നെ ഈ കെണി ഉപയോഗിക്കണം. 15 സെന്റിലേക്ക് ഒന്ന് എന്നകണക്കില്‍ കെണി ഉപയോഗിക്കേണ്ടതുണ്ട്.

കീടബാധയേറ്റ കായ്കളില്‍ മഞ്ഞളിപ്പ് ഉണ്ടാവുകയും കായ് അഴുകിപ്പോവുകയും ആക്രമണമേറ്റ ഭാഗങ്ങളില്‍നിന്ന് വഴുവഴുത്ത ദ്രാവകം പുറത്തുവരികയും ചെയ്യും.

പെണ്ണീച്ചകള്‍ കായ്കളുടെ തൊലിക്കടിയില്‍ മുട്ടയിടും. മുട്ടയിട്ട് മൂന്നുദിവസത്തിനുശേഷം പുറത്തുവരുന്ന പുഴുക്കള്‍ കായയുടെ മാംസളഭാഗം തിന്ന് നശിപ്പിക്കും. 10 ദിവസത്തിനുശേഷം ഈ പുഴുക്കള്‍ സമാധിദിശയില്‍ പ്രവേശിക്കുകയും പിന്നീട് ഒരാഴ്ചയ്ക്കുശേഷം സമാധിദിശയില്‍നിന്ന് പുഴുവായി പുറത്തുവരികയും ചെയ്യും. പച്ചക്കറിയിലെ കായീച്ചയുടെ ഫലപ്രദമായ നിയന്ത്രണത്തിന് മറ്റുമാര്‍ഗങ്ങള്‍കൂടി കുലിയര്‍ ട്രാപ്പിനൊപ്പം അവലംബിക്കേണ്ടതാണ്.

കൃഷിയിടം വൃത്തിയായി സൂക്ഷിക്കണം, സമാധി ദിശയിലുള്ള പുഴുക്കളെ നശിപ്പിക്കുന്നതിന് കൃഷിയിടം കിളച്ചിടുക, കേടുവന്ന് നിലത്തുവീഴുന്ന കായ്കള്‍ നശിപ്പിക്കുക. പഴം, ശര്‍ക്കര, മാലത്തിയോണ്‍ കെണികള്‍ ഉപയോഗിച്ച് പെണ്ണീച്ചകളെ നശിപ്പിക്കുക.

കെ.കെ. സത്യന്‍

കൃഷി ഡെപ്യൂട്ടി ഡയറക്ടര്‍
ജില്ലാ കൃഷിഫാം, അഞ്ചല്‍, കൊല്ലം
ഫോണ്‍: 9447410133


Stories in this Section